Found Dead | കാണാതായ 16കാരി പടുതാകുളത്തില്‍ മരിച്ച നിലയില്‍; 'മീനുകള്‍ക്ക് തീറ്റ കൊടുക്കാനായി പോയപ്പോഴാണ് ദാരുണമായ അപകടം'
ഇടുക്കി: (www.kvartha.com) വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങി ഏറെ നേരമായിട്ടും കാണാതായ 16കാരിയെ പടുതാകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയില്‍ സുരേഷിന്റെ മകള്‍ അനാമിക (16) ആണ് മരിച്ചത്.
പൊലീസ് പറയുന്നത്: അനാമിക വീടിന് തൊട്ട് സമീപത്തായുള്ള പടുതാക്കുളത്തില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കാനായി പോയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങി ഏറെ നേരമായിട്ടും മകളെ കാണാത്തതിനാല്‍ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പടുതാക്കുളത്തിന് സമീപത്തായി കുട്ടിയുടെ ഒരു ചെരിപ്പും കുളത്തിനുള്ളില്‍ മറ്റൊരു ചെരുപ്പും കണ്ടെത്തുകയായിരുന്നു.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടി പടുതാ കുളത്തിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടാകാം എന്ന് നിഗമനത്തില്‍ കുളത്തിലേക്ക് ചാടി തിരച്ചില്‍ നടത്തി. എന്നാല്‍ ആദ്യം കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുളത്തിന്റെ ഒരു ഭാഗം തകര്‍ത്ത് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടതോടെയാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കുളത്തിന്റെ അടിത്തട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ കുട്ടിയെ നെടുങ്കണ്ടം താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. പടുതാക്കുളത്തില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടയില്‍ കാല്‍വഴുതി കുട്ടി വെള്ളത്തില്‍ വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Keywords: Idukki, News, Kerala, Accident, Found dead, Death, Police, student, Pond, Hospital, Missing, Idukki: 16 year old girl found dead in pond.