കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സൗമ്യതയുടെ പര്യായമായ ജനകീയ എസ്‌ഐ കെ വി മുരളീധരന്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പടിയിറങ്ങി. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റേയും, കേരള പൊലീസ് അസോസിയേഷന്റേയും സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയ്പ് നല്‍കി.
കണ്ണൂര്‍ റൂറല്‍ എസ് പി ഹേമലത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് പയ്യന്നൂര്‍ ഡിവൈഎസ്പി, കെ ഇ പ്രേമചന്ദ്രന്‍ അദ്ദേഹത്തെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹേഷ് കെ നായര്‍ അധ്യക്ഷത വഹിച്ചു. എസ് എം റിയാസ്, കെ പി രമേശന്‍, പ്രിയേഷ്, ഷീജു തുടങ്ങിയര്‍ സംസാരിച്ചു. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കെ വി മുരളീധരന്‍ മറുപടി പ്രസംഗമായി തന്റെ സര്‍വീസ് അനുഭവങ്ങള്‍ വിശദികരിച്ചു.
1990 നവംബര്‍ അഞ്ചിന് കാസര്‍കോട് ജില്ലയിലെ രാജപുരം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരനായാണ് മുരളീധരന്റെ സര്‍കാര്‍ സര്‍വീസിലെ തുടക്കം. 32 വര്‍ഷം അഞ്ചുമാസം അഞ്ചുദിവസം നീണ്ടു നിന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രമസമാധാന പരിപാലന ചുമതലയില്‍ നിന്ന് ആദ്ദേഹം തൊപ്പിയഴിക്കുമ്പോള്‍ മുരളീധരന്‍ ജോലി ചെയ്യാത്ത കാസര്‍കോട് -കണ്ണൂര്‍ ജില്ലകളിലെ പോലീസ് സ്റ്റേഷനുകള്‍ അപൂര്‍വമാണ്. കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, രാജപുരം, ബേക്കല്‍, കുമ്പള ചീമേനി, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പെരിങ്ങോം, പയ്യന്നൂര്‍, തുടങ്ങി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 18 ഓളം പൊലീസ് സ്റ്റേഷനുകളിലാണ് അദ്ദേഹം തന്റെ സേവനം നല്‍കി വന്നത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസ് വെള്ളരിക്കുണ്ട് സര്‍കിള്‍ ഓഫീസ് തുടങ്ങി അഞ്ചോളം പോലീസ് സ്റ്റേഷനുകളില്‍ റൈറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2019 ഇല്‍ എസ് ഐ ആയി സ്ഥാനക്കയറ്റം കിട്ടിയ അദ്ദേഹം തളിപ്പറമ്പ് ട്രാഫിക് സ്റ്റേഷനില്‍ എസ് ഐ ആയും തുടര്‍ന്ന് പെരിങ്ങോം,മേല്‍പറമ്പ സ്റ്റേഷനുകളില്‍ എസ്‌ഐ ആയും പ്രവര്‍ത്തിച്ചു. ഏറ്റെടുത്ത കേസുകളുടെ അന്വേഷണ പാടവവും ക്രമസമാധാന രംഗത്തെ മികവും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്.
2016 ലെ കേരള മുഖ്യമന്ത്രിയുടെ പൊലീസ് വിഭാഗത്തിലെ സ്തുത്യര്‍ഹ സേവനത്തിനുള്ള ഉന്നത ബഹുമതിയായ പൊലീസ് മെഡലും അദ്ദേഹത്തെ തേടിയെത്തി. 2021 ആഗസ്റ്റ് മാസം പന്ത്രണ്ടാം തീയതി മുതല്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ എസ് ഐ ആയി ജോലി ചെയ്തു വരുന്ന അദ്ദേഹം സ്വന്തം നാട്ടുകാരുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയാണ് സര്‍കാര്‍ സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. വരും കാലങ്ങളിലും നാടിനും നാട്ടാര്‍ക്കുമൊപ്പം താനുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ജനകീയ പൊലിസുകാരന്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്.
Keywords: Kannur, News, Kerala, Police, Police-station, SI KV Muralidharan retired from service.