കണ്ണൂര്‍: (www.kvartha.com) വേനല്‍ക്കാല ഷെഡ്യൂളുകളില്‍ യാത്രക്കാര്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷയില്‍ കിയാല്‍. വേനല്‍ സീസണ്‍ തുടങ്ങിയതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. മാര്‍ചില്‍ 1,14,292 യാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഏതാനും മാസമായി ക്രമമായി വര്‍ധിച്ചിരുന്ന യാത്രക്കാരുടെ എണ്ണം ഫെബ്രുവരിയില്‍ കുറഞ്ഞിരുന്നു. 1,06,540 യാത്രക്കാരാണ് ഫെബ്രുവരിയില്‍ ഉണ്ടായിരുന്നത്.
ജനുവരിയില്‍ 1,24,547 യാത്രക്കാരുണ്ടായിരുന്നതാണ് കുറഞ്ഞത്. 82,045 അന്താരാഷ്ട്ര യാത്രക്കാരും 32,247 ആഭ്യന്തര യാത്രക്കാരുമാണ് കഴിഞ്ഞ മാസം കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്. മൂന്നുമാസമായി നിര്‍ത്തിവച്ചിരിക്കുന്ന കണ്ണൂര്‍-ഡെല്‍ഹി സര്‍വീസ് പുനരാരംഭിക്കുന്നതോടെ യാത്രക്കാര്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ അധികൃതര്‍ പറഞ്ഞു. ഡെല്‍ഹി സെക്ടറില്‍ എയര്‍ ഏഷ്യ സര്‍വീസ് തുടങ്ങാന്‍ സാധ്യതയുണ്ട്.
വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പെടുത്തി മെയ് മുതല്‍ സര്‍വീസ് തുടങ്ങാനാണ് ചര്‍ചകള്‍ നടക്കുന്നത്. എയര്‍ ഇന്‍ഡ്യയുടെ ലയനവുമായി ബന്ധപ്പെട്ടാണ് കണ്ണൂരടക്കമുള്ള നോണ്‍ മെട്രോ നഗരങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ പിന്‍വലിച്ചത്. കോവിഡ് കാലത്ത് നിര്‍ത്തിവച്ച ഗോവ, ഹുബ്ബള്ളി സര്‍വീസുകളും പുനരാരംഭിച്ചിട്ടില്ല. യാത്രക്കാര്‍ കുറവായതാണ് ഈ സെക്ടറുകളില്‍ സര്‍വീസില്ലാത്തതിന് കാരണമായി വിമാന കംപനികള്‍ പറയുന്നത്.
ഹജ്ജ് എം ബാര്‍കേഷന്‍ കേന്ദ്രമായി തെരഞ്ഞെടുത്തതോടെ നവാഗത വിമാന താവളമായ കിയാലിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും വിദേശ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തത് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.
Keywords: Kannur, News, Kerala, Airport, Passengers, Kannur: Passengers expected to increase during the summer schedule.