തിരുവനന്തപുരം: (www.kvartha.com) കയിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഗതാഗത വകുപ്പ്. എഐ ക്യാമറ സ്ഥാപിച്ചുവെങ്കിലും പിഴ ഈടാക്കുന്നതിലാണ് കടുത്ത ആശയ കുഴപ്പം നിലനില്‍ക്കുന്നത്. ഈ മാസം 20 ന് എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന് തലേ ദിവസം പിഴ ഈടാക്കുന്നത് ഒരു മാസത്തേക്ക് ഉണ്ടാക്കില്ലെന്ന അറിയിപ്പ് വന്നതോടെ വാഹനയാത്രക്കാര്‍ ആശ്വാസത്തിലാണ്.
എഐ ക്യാമറകള്‍ വാഹനയാത്രക്കാരെ പിഴിയാനാണെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ മുതല്‍ പെട്രോള്‍-ഡീസല്‍ ഇന്ധനത്തിനടക്കം സെസും, വിട്ടു നികുതി, വെള്ളക്കരം, രജിസ്‌ട്രേഷന്‍, മദ്യം തുടങ്ങി പല നികുതിയും വര്‍ധിപ്പിച്ചതും അടക്കമുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനിടയിലാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് വലിയ പിഴയും അടക്കേണ്ട അവസ്ഥ ഉണ്ടാകാന്‍ പോകുന്നത്.
ഗതാഗ നിമ ലംഘനങ്ങളില്‍ സര്‍കാരിനെ ഏറ്റവും കൂടുതല്‍ കുഴക്കുന്നത് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെ ബാധിക്കുന്ന പിഴകളാണ്. ഇരുചക്രവാഹനത്തില്‍ രണ്ട് യാത്രക്കാര്‍ മാത്രമേ പാടുള്ളുവെന്ന കേന്ദ്ര മോടോര്‍ വെഹികിള്‍ നിയമമാണ് സര്‍കാരിന് പുലിവാലുപിടിപ്പിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടിയെ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയാല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു തന്നെ വ്യക്തമാക്കി കഴിഞ്ഞു.
എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് തിരുവന്തപുരത്ത് മറുപടി നല്‍കുകയായിരുന്നു മന്ത്രി. നിയമലംഘനങ്ങള്‍ക്ക് ഒരു മാസക്കാലം പിഴ ഈടാക്കില്ലെന്നും, മെയ് 19 വരെ ബോധവത്കരണം നടത്തുമെന്നും മന്ത്രി പറയുന്നു. മെയ് 20 മുതല്‍ നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
'ബൈകിലും സ്‌കൂടറിലും അച്ഛനും അമ്മയ്ക്കും യാത്ര ചെയ്യാനേ നിലവില്‍ നിയമം ഉള്ളു. രക്ഷിതാവിന്റെ കൂടെ ഹെല്‍മെറ്റ് ധരിച്ച് കുട്ടിക്ക് സഞ്ചരിക്കാം. എന്നാല്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം രണ്ടില്‍ കൂടരുത്. ഇത് ലംഘിക്കുന്നവരെ പിടികൂടാം. മാറി മാറി വന്ന കേന്ദ്ര സര്‍കാരുകള്‍ കൊണ്ടുവന്ന നിയമമാണിതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല' -ഗതാഗത മന്ത്രി പറയുന്നു. കേന്ദ്ര നിയമത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മന്ത്രി പറയുമ്പോള്‍ തന്നെ കേന്ദ്രം നിര്‍ദേശിച്ച പിഴയില്‍ കേരളം കുറവു വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു. ഇത് നിയമത്തില്‍ വെള്ളം ചേര്‍ക്കലല്ലേ എന്ന ചോദ്യം പ്രസക്തമായും ഉയരുന്നുണ്ട്.
പിഴയുടെ കാര്യത്തില്‍ ഇളവ് അനുവദിക്കുമ്പോള്‍ തന്നെ എന്തുകൊണ്ട് കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടു പോകുന്നതില്‍ ഇളവ് അനുവദിക്കുന്നില്ലെന്ന് പലരും ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍കാരിന്റേതല്ല ഈ നിയമമെന്നും ഇത് മാറ്റാന്‍ കേന്ദ്ര സര്‍കാരിന് മാത്രമേ കഴിയൂവെന്നുമാണ് മന്ത്രി പറയുന്നത്.
മറ്റൊരു വിമര്‍ശനം മന്ത്രിമാര്‍ ഉള്‍പെടെയുള്ളവരുടെ വാഹനങ്ങളുടെ നിയമ ലംഘനം എ ഐ ക്യാമറയില്‍ നിന്നും ഒഴിവാക്കുന്നതിനെ സംബന്ധിച്ചാണ്. നിയമം എല്ലാവരും ഒരുപോലെ അനുസരിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് മുന്നിലും സര്‍കാര്‍ കുഴയുകയാണ്. നിയമം തരം പോലെ വളച്ചൊടിക്കുമ്പോള്‍ എന്തുകൊണ്ട് സാധാരണക്കാരുടെ കാര്യത്തിലും അത് ഉണ്ടാകുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലടക്കം പലരും ചോദിക്കുന്നു.
സോഷ്യല്‍ മീഡിയകളിലെ ട്രോള്‍ വീഡിയോകള്‍ ഉള്‍പെടെയുള്ള വിമര്‍ശനങ്ങള്‍ ഒരു പരിധി വരെ സര്‍കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മെയ് 19 വരെ നിലവില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്ക് ഫോണില്‍ വിളിച്ച് ബോധവല്‍ക്കരണം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ സര്‍കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി പറയുന്നു. മോടോര്‍ വാഹന വകുപ്പിന്റെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന 726 ക്യാമറകള്‍ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ നിയമ ലംഘനങ്ങള്‍ കുറയാന്‍ തുടങ്ങിയിട്ടുണ്ട്. ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവയ്ക്കാണ് ഒരു മാസം ബോധവല്‍ക്കരണം നല്‍കുന്നത്.
അതേസമയം നിലവില്‍ മോടോര്‍ വാഹന വകുപ്പും പൊലീസ് വകുപ്പും നിരത്തില്‍ സ്ഥാപിച്ചിട്ടുള്ള മറ്റ് ക്യാമറകളില്‍ നിന്നുള്ള ഇ-ചെലാന്‍ കേസുകളിലും, പൊലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന ഇ-ചെലാന്‍ കേസുകളിലും രേഖപ്പെടുത്തിയ പിഴ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ല. ഇത്തരം പിഴകള്‍ വാഹന ഉടമകള്‍ അടക്കേണ്ടതാണ്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മാത്രമാണ് ഒരു മാസത്തേക്ക് സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്.
ഇത്തരം കേസുകളില്‍ വാഹന ഉടമകള്‍ക്ക് വാണിംഗ് മെമ്മോ തപാലില്‍ ലഭ്യമാക്കും. ഫോണില്‍ എസ്.എം.എസ് അലര്‍ട്ട് ലഭിക്കില്ല. വാണിംഗ് മെമ്മോ അല്ലാത്ത മറ്റ് ഇ-ചെലാന്‍ കേസുകളില്‍ ഫോണില്‍ എസ്എംഎസ് അലര്‍ട്ട് നല്‍കും. പിഴ അടയ്‌ക്കേണ്ടതാണ്. പിഴ അടച്ചില്ലെങ്കില്‍ 30 ദിവസത്തിന് ശേഷം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും. നിലവിലെ ഫോണ്‍ നമ്പറുകളില്‍ മാറ്റം ഉണ്ടെങ്കില്‍ വാഹന ഉടമകള്‍ക്ക് പരിവാഹന്‍ സേവ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.
അതിനിടെ സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ മാസം 20നായിരുന്നു ക്യാമറകളുടെ ഉദ്ഘാടനം. തലേദിവസം 3,97,488 നിയമ ലംഘനങ്ങളാണ് എഐ ക്യാമറയില്‍ പതിഞ്ഞതെങ്കിലും 20 മുതല്‍ പിഴ ചുമത്തുമെന്ന് അറിഞ്ഞതോടെ പലരും നിയമം അനുസരിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 20ന് 2,68,380 ആയി നിയമ ലംഘനങ്ങള്‍ കുറഞ്ഞു. എന്നാല്‍ ഒരുമാസത്തേക്ക് പിഴ വേണ്ടെന്നും ബോധവല്‍ക്കരണം മാത്രമെന്നും പ്രഖ്യാപിച്ചതോടെ തൊട്ടടുത്ത ദിവസം നിയമ ലംഘനങ്ങള്‍ വീണ്ടും കൂടി. 21 ന് നിയമം ലംഘിച്ചവരുടെ എണ്ണം 2,90,823 ആയി ഉയര്‍ന്നു. ക്യാമറ ഉദ്ഘാടനത്തിന് മുമ്പുള്ള അത്ര നിയമ ലംഘനങ്ങള്‍ ഉണ്ടായില്ലെന്ന ആശ്വാസമാണ് മോട്ടോര്‍ വാഹന വകുപ്പ് പങ്കുവെക്കുന്നത്.
മെയ് 19 വരെ വാണിംഗ് നോട്ടീസ് നല്‍കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അത് വേണോയെന്ന കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം എടുത്തിട്ടില്ല. ഒരു ദിവസം തന്നെ ലക്ഷക്കണക്കിന് പേര്‍ക്ക് നോട്ടീസ് അയക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് വെല്ലുവിളിയാണ്. ഒരു നിയമ ലംഘംനം ക്യാമറയില്‍പ്പെട്ടാല്‍ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമെത്തുകയും തുടര്‍ന്ന് നോട്ടീസ് തപാലില്‍ വീട്ടിലെത്തിക്കാനുമായിരുന്നു തീരുമാനം.
കേന്ദ്രസര്‍കാരിന്റെ പരിവാഹന്‍ സോഫ്റ്റുവെയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഫോണില്‍ എസ്എംഎസ് അയച്ചാല്‍ പിഴ ചുമത്തേണ്ടി വരും. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. അതാത് ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ വഴിയാണ് നിയമ ലംഘനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. ഭാരിച്ച ചെലവുള്ളത് കൊണ്ടും പിഴ വഴി വരുമാനവും ഇല്ലാത്തത് കൊണ്ടും ഫോണില്‍ ബോധവത്കണവും പ്രായോഗികമാകില്ല.
മറ്റ് വഴിയെന്തെന്ന തിരക്കിട്ട ആലോചനയിലാണ് മോടോര്‍ വാഹന വകുപ്പ്. പലയിടത്തും കണ്‍ട്രോള്‍ റൂം പൂര്‍ണമായും സജ്ജമായിട്ടില്ല. പരിശീലനം പൂര്‍ത്തിയാക്കിയവരെ തിങ്കളാഴ്ചയോടെ എല്ലാ ഓഫീസിലേക്കും നിയോഗിക്കുമെന്ന് കെല്‍ട്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച അവധി കഴിഞ്ഞ് കണ്‍ട്രോള്‍ റൂം തുറക്കുമ്പോള്‍ മൂന്നു ദിവസത്തെ നിയമ ലംഘനങ്ങളുടെ നോട്ടീസാണ് ജീവനക്കാരുടെ മുന്നിലെത്തുക. ഓരോ നോട്ടീസും പരിശോധിക്കുന്നതും വലിയ വെല്ലുവിളിയാണ്. ബോധവത്കരണത്തിന് വേണ്ടി മാത്രം പുതിയ സോഫ്റ്റുവെയര്‍ പരിഗണിക്കുന്നുണ്ട്.
Keywords: Thiruvananthapuram, News, Kerala, Camera, AI Camera, Law, Violation, Minister, Antony Raju, AI Camera: Law violations are reported to decreased.