കണ്ണൂര്‍: (www.kvartha.com) അത്യാസന്നനിലയില്‍ അപസ്മാര ബാധിതനായ രോഗിയുമായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്കേറ്റു. ചുഴലി ചെമ്പന്തൊട്ടിയിലെ ഇ. ഏലിക്കുട്ടി(56) ജോസ്(57) മാത്യു(74) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തളിപറമ്പ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുളളതല്ലെന്നാണ് വിവരം.
സംസ്ഥാനപാതയില്‍ കരിമ്പം പനക്കാട് വളവില്‍ ശനിയാഴ്ച പുലര്‍ചെ 4.45 മണിയോടെയാണ് അപകടമുണ്ടായത്. അപസ്മാര ബാധിതനായ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആള്‍ടോ കാറാണ് അപകടത്തില്‍പെട്ടത്. തളിപറമ്പ് അഗ്നിശമനനിലയില്‍ നിന്നും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ വി സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ടി വിജയ്, പി വി ദയാല്‍, എ സിനീഷ്, തോമസ് മാത്യു എന്നിവരാണ് പരുക്കേറ്റവരെ കാറില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഏതാണ്ട് നാല്‍പതോളം അടിയോളം താഴേക്കാണ് കാര്‍ മറിഞ്ഞതെങ്കിലും താഴെയുളള മരത്തില്‍ തട്ടി കുടുങ്ങി നിന്നതുകൊണ്ടു മാത്രമാണ് വന്‍ദുരന്തമൊഴിവായത്.
സംസ്ഥാന പാതയോരത്തെ അനിയന്ത്രിതമായ മണ്ണെടുപ്പാണ് അപകടത്തിന് ഇടയാക്കിയതെന്നു ആരോപണമുണ്ട്. സംസ്ഥാന പാത 38 കോടിരൂപ ചെലവഴിച്ച് നവീകരിച്ചുവെങ്കിലും കൊടും വളവുകളൊന്നും നിവര്‍ത്താതെയാണ് പുനര്‍നിര്‍മാണം നടന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. നിര്‍മാണത്തിന്റെ ഭാഗമായി നേരത്തെയുണ്ടായിരുന്ന പ്ലാന്‍ അട്ടിമറിച്ചുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. ദേശീയപാതാനിര്‍മാണം തുടങ്ങിയതോടെ ചെറുതും വലുതുമായ വാഹനങ്ങള്‍ ഇതുവഴിയാണ് പോകുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്.
Keywords: Kannur, News, Kerala, Car, Accident, Injured, Kannur: Three injured in road accident.