Suspended | കണ്ണൂര്‍ ആര്‍ ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കൈക്കൂലി പിടിച്ചെടുത്ത കേസ്; 2 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
കണ്ണൂര്‍: (www.kvartha.com) കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയ രണ്ട് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയുമായി മോടോര്‍ വാഹന വകുപ്പ്. മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പണവും രേഖകളും പിടിച്ച സംഭവത്തിലാണ് നടപടി സ്വീകരിച്ചത്. സംഭവസമയത്ത് ആര്‍ടി ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടും ഇപ്പോള്‍ കാസര്‍കോട് ജോലി ചെയ്തു വരുന്ന പ്രദീപ് കുമാര്‍, കണ്ണൂര്‍ ഓഫീസിലെ പാര്‍ട് ടൈം സ്വീപര്‍ രാധ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതത്.
വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ 2020 ജൂലൈ 30നായിരുന്നു റെയ്ഡ് നടത്തിയത്. ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഏജെന്റുമാരെ ഉപയോഗിച്ച് ജീവനക്കാര്‍ പണം വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 31,210 രൂപയാണ് പിടിച്ചെടുത്തത്. പാര്‍ൈടം സ്വീപര്‍ രാധയുടെ കൈവശമായിരുന്നു 21,000 രൂപ. ഇവരുടെ ബാഗില്‍നിന്ന് ലൈസന്‍സ് അപേക്ഷകളടക്കം നിരവധി രേഖകളും പിടിച്ചെടുത്തിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രദീപ്കുമാറില്‍ നിന്ന് 4500 രൂപയും പിടിച്ചെടുത്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന തീര്‍പ്പുകല്‍പ്പിക്കാത്ത അഞ്ഞൂറോളം ഫയലുകളും റെയ്ഡില്‍ കണ്ടെടുത്തിരുന്നു. അപേക്ഷകര്‍ക്ക് തപാലില്‍ അയയ്ക്കേണ്ട രേഖകളും അയയ്ക്കാത്ത നിലയില്‍ കണ്ടെത്തിയിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഫീസില്‍ ഒരു പെട്ടിയില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ കവറുകളിലാക്കിയ നിലയിലും പണം കണ്ടെത്തിയിരുന്നു.
നിയമവിരുദ്ധമായി ഏജെന്റുമാരാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും നേരിട്ടയക്കേണ്ട ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി അടക്കമുള്ളവ ഏജന്റുമാര്‍ വഴിയാണ് നല്‍കുന്നതെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി തപാലില്‍ വന്ന നിരവധി അപേക്ഷകളുടെ കവര്‍ ഒരുവര്‍ഷത്തിലേറെയായി പൊട്ടിക്കാതെ കിടക്കുന്നതും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.
കാന്‍സര്‍ ബാധിതനായ സഹപ്രവര്‍ത്തകന് ധനസഹായം നല്‍കാനായി ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത പണവും ക്ഷേമനിധിയില്‍ അടയ്ക്കാന്‍ ഓടോറിക്ഷാ തൊഴിലാളികള്‍ നല്‍കിയ പണവുമാണ് ഇതെന്നായിരുന്നു ആരോപണ വിധേയര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരോട് സംഭവ സമയത്ത് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വാദം തെറ്റാണെന്ന് തെളിയുകയായിരുന്നു. രാഷ്ട്രീയ സമര്‍ദം കാരണം ഏറെക്കാലമായി പൊടിപിടിച്ചു കിടക്കുന്ന അന്വേഷണ റിപോര്‍ടിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
Keywords: Kannur, News, Kerala, Suspension, Crime, Bribe Scam, Raid, Vigilance, Kannur: Case of seizure of bribe; Suspension of 2 employees.