റാഞ്ചി: (www.kvartha.com) ജാര്‍ഖണ്ഡില്‍ റെയ്ഡിനിടെ പൊലീസുകാര്‍ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചവിട്ടി കൊന്നതായി ആരോപണം. ബുധനാഴ്ച ജാര്‍ഖണ്ഡ് ഗിരിധില്‍ കേസിന്റെ ഭാഗമായി പ്രതിയെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘം നിലത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയെന്നാണ് റിപോര്‍ടുകള്‍. സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ഗിരിധിലെ കോഷോടൊങ്ങോ ജില്ലയിലാണ് സംഭവം നടക്കുന്നത്. മരിച്ച കുഞ്ഞിന്റെ മുത്തച്ഛനായ ഭൂഷണ്‍ പാണ്ഡെയെ തിരഞ്ഞിറങ്ങിയതാണ് പൊലീസെന്നും ബുധനാഴ്ച പുലര്‍ചെയോടെ പൊലീസ് എത്തുമ്പോള്‍ അദ്ദേഹം ഓടി രക്ഷപെടുകയായിരുന്നുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി. അതേസമയം കുഞ്ഞിന്റെ ശരീരത്തില്‍ ബാഹ്യമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ഗിരിദിഹ് പൊലീസ് സൂപ്രണ്ട് അമിത് രേണു പറഞ്ഞു.
'ബുധനാഴ്ച പുലര്‍ച്ചെ 3.20 മണിയോടെ പൊലീസ് വന്നപ്പോള്‍ ഞാന്‍ ഓടി രക്ഷപ്പെട്ടു. എന്റെ മറ്റ് കുടുംബാംഗങ്ങളും വീടുവിട്ടിറങ്ങി. ഒരു മുറിയിലെ കട്ടിലില്‍ കുട്ടി ഉറങ്ങുകയായിരുന്നു. പൊലീസുകാര്‍ എന്നെ അന്വേഷിച്ച് കട്ടിലില്‍ കയറി കുട്ടിയെ ചവിട്ടി. പിന്നീട് എന്റെ കുടുംബാംഗങ്ങള്‍ മുറിക്കുള്ളില്‍ ചെന്നപ്പോള്‍ കുട്ടി മരിച്ചുകിടക്കുന്നത് അവര്‍ കണ്ടു,' -എന്നാണ് ഭൂഷണ്‍ പാണ്ഡെയെ ഉദ്ധരിച്ച് ഹിന്ദുസ്താന്‍ ടൈംസ് റിപോര്‍ട് ചെയ്തത്.
ഡോക്ടര്‍മാരുടെ ഒരു സംഘം പോസ്റ്റ്മോര്‍ടം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏതെങ്കിലും പൊലീസ് കുഞ്ഞിനെ ദ്രോഹിച്ചതായി തങ്ങള്‍ക്ക് നിലവില്‍ വിവരം ലഭിച്ചിട്ടില്ലെന്നും പോസ്റ്റ്മോര്‍ടംം റിപോര്‍ട് വന്നാലേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News, National, Jharkhand, Crime, Chief Minister, Child, Jharkhand: Infant Dies After Cops 'Crush' Him Under Boots During Raid In Giridih.