കണ്ണൂര്‍: (www.kvartha.com) സിപിഎം കേന്ദ്ര കമിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ പാര്‍ടിയോട് ഇടഞ്ഞുനില്‍ക്കുന്നത് എല്‍ഡിഎഫിന്റെ കെട്ടുറപ്പിനെയും ബാധിക്കുന്നു. ഇതാടെ സിപിഎമിലെ ആഭ്യന്തര പേരും പാര്‍ടിക്കുള്ളിലെ തര്‍ക്കങ്ങളും ഇടതുമുന്നണിയിലെ മറ്റു പാര്‍ടികളിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. തന്റെ ചികിത്സയുടെ ഭാഗമായാണ് കഴിഞ്ഞ മൂന്നു മാസത്തിലേറെ കാലമായി ഇ പി ജയരാജന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണമായി പുറമേക്ക് പറയുന്നുണ്ടെങ്കിലും തന്നെക്കാള്‍ ജൂനിയറായ എം വി ഗോവിന്ദനെ പാര്‍ടി കേന്ദ്ര നേതൃത്വം സീനിയോറിറ്റി മറികടന്ന് കൊണ്ടുസംസ്ഥാന സെക്രടറിയായും പി ബി അംഗമായും തെരഞ്ഞെടുത്തതിലുള്ള അനീതിയാണ് ഇ പി ജയരാജനെ ചൊടിപ്പിച്ചതെന്ന് പകല്‍ പോലെ വ്യക്തമാണ്.
ഇതിന്‍മേല്‍ കൂനിന്‍മേല്‍ കുരുവെന്ന പോലെയാണ് വൈദേകം റിസോര്‍ടുമായി ബന്ധമുള്ള ആരോപണങ്ങള്‍ ഇ പി കുടുംബത്തിനെതിരെ ഉയര്‍ന്നത്. തനിക്കെതിരെ തിരുവനന്തപുരം കേന്ദ്രികരിച്ചു. ഒരു സംഘമാളുകള്‍ ഗുഡാലോചന നടത്തുന്നുവെന്ന ആരോപണം കൊണ്ടാണ് ഇ പി ജയരാജന്‍ ഇതിനെ നേരിട്ടത്. ഈ പശ്ചാത്തലത്തില്‍ പാര്‍ടിക്കുള്ളിലെ ചില നേതാക്കള്‍ക്കെതിരെയാണ് ഇ പി ഒളിയമ്പ് എയ്തത്. എന്നാല്‍ ഈ കാര്യത്തില്‍ മൗനം പാലിച്ച സിപിഎം കേന്ദ്ര നേതൃത്വം വൈദേകം റിസോര്‍ടിലെ ഷെയറുകള്‍ ഒഴിയണമെന്ന് ഇ പി ജയരാജനോട് ആവശ്യപ്പെട്ടത്.
ഇതിനിടെ സിപിഎം സംസ്ഥാന സെക്രടറിയേറ്റിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗവും ഏറെക്കാലത്തിന് ശേഷം ചേര്‍ന്നു. യോഗത്തില്‍ ഇടതുമുന്നണി യോഗം വിളിച്ചുചേര്‍ക്കാത്ത കാര്യത്തില്‍ ഘടക കക്ഷി നേതാക്കള്‍ തങ്ങളുടെ നീരസം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ വിവിധ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടതുമുന്നണി യോഗം ചേരാന്‍ കഴിയാറില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. പിണറായി സര്‍കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ ങ്ങളെ കുറിച്ച് ചര്‍ച ചെയ്യാനായിരുന്നു കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നത്.
എന്നാല്‍ എല്‍ഡിഎഫ് സര്‍കാരിന്റെ നയപരമായ കാര്യങ്ങള്‍ പോലും തീരുമാനിക്കാന്‍ ഇടതുമുന്നണി യോഗം ചേരുന്നില്ലെന്ന് സിപിഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിമര്‍ശനത്തെ എതിര്‍ക്കാതെ യോഗം വിളിച്ചു ചേര്‍ക്കാന്‍ കഴിയാത്തതില്‍ തന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു ജയരാജന്റെ കുമ്പസാരം. രണ്ടാം പിണറായി സര്‍കാരിന്റെ പോക്കിനെ കുറിച്ച് ഇടതു ഘടക കക്ഷി നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ചില മന്ത്രിമാരുടെ ഉള്‍പെടെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പരിശോധിക്കാനും തീരുമാനമെത്തുവെങ്കിലും അതെല്ലാം കടലാസില്‍ മാത്രമാണെന്ന വിമര്‍ശനവും ഉയര്‍ന്നു.
നവാഗതരായി എല്‍ഡിഎഫിലേക്ക് വന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം, ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് ബി (കെ ബി ഗണേഷ് കുമാര്‍ വിഭാഗം) എന്നിവര്‍ നിരാശയിലാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്നും ഇതിനെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ഘടക കക്ഷികള്‍ ആവശ്യപ്പെടുന്നത്.
സ്വപ്ന സുരേഷ് സ്വര്‍ണ കള്ളകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനും ബന്ധുക്കള്‍ക്കുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ഘടക കക്ഷി നേതാക്കളുടെ ആവശ്യം. അതേസമയം ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതിനായി ഇപി ജയരാജന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതു സ്വീകരിക്കുക യാണെങ്കില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പെ തന്നെ ഇടതുമുന്നണി പുതിയ കണ്‍വീനറെ തേടേണ്ടിവരും.
Keywords: Kannur, News, Kerala, CPM, E.P Jayarajan, EP Jayarajan may vacate the post of Left Front convener.