ദുബൈ: (www.kvartha.com) പ്രവാസിയെയും പെണ്‍സുഹൃത്തിനെയും തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസില്‍ മൂന്നുപേര്‍ക്ക് ശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. ഒരു വര്‍ഷം തടവും 18,000 ദിര്‍ഹം പിഴയും ശിക്ഷയ്ക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനുമാണ് ശിക്ഷിച്ചത്. 38കാരനായ ഏഷ്യന്‍ പ്രവാസി യുവാവിനെയും കാമുകിയെയും അവരുടെ താമസസ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയി അല്‍ റിഫയിലെ ഒരു അപാര്‍ട്‌മെന്റില്‍ പൂട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കേസ്.
രണ്ടുപേരും താമസിച്ചിരുന്ന വീടിന്റെ വാതിലില്‍ മുട്ടിയ പ്രതികള്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍, തങ്ങള്‍ പൊലീസുകാരാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഇവരെ പുറത്തിറക്കിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഒരു വാഹനത്തില്‍ കയറ്റുകയും വിലങ്ങണിയിക്കുകയും ചെയ്യുകയും ഇരുവരെയും സംഘാംഗങ്ങള്‍ ഉപദ്രവിച്ചതായും ഷോക്കടിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കി.
തുടര്‍ന്ന് മോചിപ്പിക്കണമെങ്കില്‍ 5000 ദിര്‍ഹം വേണമെന്ന് ആവശ്യപ്പെടുകയും ചില സുഹൃത്തുക്കളെ വിളിച്ച് പണം സംഘടിപ്പിച്ച് കൊടുത്തെങ്കിലും വിടാന്‍ തയ്യാറായില്ലെന്നും യുവാവ് പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. പിന്നീട് 13,000 ദിര്‍ഹം കൂടി വേണമെന്ന് ആവശ്യപ്പെടുകയും ഇതും പലരില്‍ നിന്ന് സംഘടിപ്പിച്ച് കൊടുത്തതോടെ വിട്ടയച്ചു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് ഉടന്‍തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ പറയുന്നു.
Keywords: Dubai, News, Gulf, World, Jail, Crime, Fine, Court, Dubai: Gang of three jailed for kidnapping, assaulting man and his girlfriend.