ലക്‌നൗ: (www.kvartha.com) രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായ 2020-ലെ ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതക കേസിൽ പ്രതികളായ മൂന്ന് പേരെ ഉത്തർപ്രദേശിലെ കോടതി വെറുതെവിട്ടു. അതേസമയം മുഖ്യപ്രതിയെ കൊലപാതകത്തിന് തുല്യമല്ലാത്ത ക്രൂരമായ നരഹത്യയ്ക്ക് ശിക്ഷിച്ചു. ബലാത്സംഗമോ കൊലപാതകമോ അല്ല, ചെറിയ കുറ്റത്തിനാണ് സന്ദീപ് താക്കൂറിനെ ശിക്ഷിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റ് മൂന്ന് പ്രതികളായ സന്ദീപിന്റെ അമ്മാവൻ രവി, സുഹൃത്തുക്കളായ ലവ് കുഷ്, രാമു എന്നിവരെ കുറ്റവിമുക്തരാക്കി.
ഡെൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹത്രാസിലെ ഗ്രാമത്തിൽ കൂട്ടബലാത്സംഗത്തിനിരയായ 20 കാരിയായ ദളിത് യുവതി രണ്ടാഴ്ചയ്ക്ക് ശേഷം ഡെൽഹിയിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ദളിത് പെൺകുട്ടിയെ മേൽജാതിക്കാരായ നാല് പേർ കൂട്ടബലാത്സംഗ ചെയ്തുവെന്നാണ് ആരോപണം. പീഡനത്തിന് ഇരയായി ചോരയിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ ഹത്രാസിൽ വയലിൽ നിന്നും കണ്ടെത്തുകയായിരുന്നു. അതേസമയം പെൺകുട്ടിയുടെ മൃതദേഹം ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധപൂർവം പുലർച്ചെ 3.30ന് സംസ്കരിച്ചത് വിവാദത്തിന് വഴി വെച്ചിരുന്നു.
കേസിൽ ഉടനീളം വീഴ്ചകൾ ഉണ്ടായതായി യുപി പൊലീസിനെതിരെ ആക്ഷേപവും ഉയർന്നിരുന്നു. ആദ്യം വധശ്രമത്തിന് കേസെടുത്തെങ്കിലും യുവതിയുടെ മൊഴിക്ക് ശേഷം മാത്രമാണ് ബലാത്സംഗ കുറ്റം ചേർത്തത്. അതേസമയം, കോടതി വിധിയില്‍ തൃപ്തരല്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പ്രതികരണം. വിധിക്കെതിരേ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ബന്ധുക്കൾ പറഞ്ഞു.
Keywords: Lucknow, News, National, Court, Molestation, Case, Murder case, 2020 Hathras case: 3 Acquitted, 1 Convicted By UP Court.