വാഷിംഗ്ടൺ: (www.kvartha.com) മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ചാറ്റ്‌ബോട്ട് ചാറ്റ്‌ജിപിടി (ChatGPT) യുടെ വർധിച്ചുവരുന്ന ജനപ്രീതി ഗൂഗിളിനെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. അതിനിടെ, ചാറ്റ്ജിപിടി ചാറ്റ്ബോട്ടുമായി മത്സരിക്കുന്നതിനായി നിർമിത ബുദ്ധി (Artificial intelligence, AI) അധിഷ്ഠിത 'ബാർഡ്' അവതരിപ്പിക്കാൻ തയ്യാറാണെന്ന് ഗൂഗിൾ അറിയിച്ചു. വരും ആഴ്ചകളിൽ ഇത് പുറത്തിറക്കാൻ കഴിയുമെന്ന് കമ്പനി വ്യക്തമാക്കി.
കമ്പനിയുടെ ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സിൽ (ലാംഡ) ആണ് ബാർഡ് നിർമിച്ചിരിക്കുന്നത്. ആളുകളുമായി സ്വതന്ത്രമായ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന നിർമിത ബുദ്ധി സാങ്കേതികവിദ്യയാണ് ലാംഡ. നിലവിലുള്ള സെർച്ച് എഞ്ചിന് പുതിയ നിർമിത ബുദ്ധി ടൂളുകളും കമ്പനി പ്രഖ്യാപിച്ചു. ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ എ ഐ അധിഷ്ഠിത സംവിധാനം ഉള്‍പ്പെടുത്താനാണ് നീക്കം.
ഗൂഗിളിന്റെ ഏറ്റവും നൂതനമായ തിരച്ചില്‍ സേവനം വളരെ പെട്ടെന്ന് തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗൂഗിളിന്റെ നിർമിതബുദ്ധി സേവനങ്ങൾ ധീരവും ഉത്തരവാദിത്തമുള്ളതുമാകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം പങ്കിടുന്നതിൽ നിന്ന് ബാർഡിനെ എങ്ങനെ തടയുമെന്ന് അദ്ദേഹം വിശദീകരിച്ചില്ല. പരീക്ഷണാത്മക പതിപ്പ് ഉടൻ ലഭ്യമാകും.
കഴിഞ്ഞ വർഷം അവസാനമാണ് മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ ചാറ്റ്‌ജിപിടി ആരംഭിച്ചത്. ഇപ്പോൾ ഇത് ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ബിസിനസിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കെല്ലാം ലളിതമായ ഉത്തരം നല്‍കാന്‍ പ്രാപ്തമാണ് ഈ ചാറ്റ്‌ബോട്ട്. ദീര്‍ഘമായ ലേഖനങ്ങള്‍ എഴുതാനും കണക്കിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാനുമൊക്കെയുള്ള കഴിവ് ചാറ്റ്ജിപിടിക്കുണ്ട്. ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടുന്ന ആപ്ലിക്കേഷനായി ചാറ്റ്ജിപിടി കഴിഞ്ഞ ദിവസം മാറിയിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി സെർച്ച് എഞ്ചിൻ ലോകത്തെ ഭരിക്കുന്ന ഗൂഗിളിന് ഇത് വലിയ തിരിച്ചടി തന്നെയായിരുന്നു.
Keywords: Washington, News, World, google, Technology, Bard, ChatGPT, What is Bard? How is it different from ChatGPT? All you must know about Google's AI service.