ന്യൂഡെൽഹി: (www.kvartha.com) നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ശക്തമായ പ്രചാരണമാണ് നടക്കുന്നത്. ഫെബ്രുവരി 16നാണ് ത്രിപുരയിൽ വോട്ടെടുപ്പ്. 27ന് നാഗാലാൻഡിലും മേഘാലയയിലും വോട്ടെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലെയും ഫലം മാർച്ച് രണ്ടിന് വരും. നിലവിൽ ത്രിപുരയിൽ ബിജെപി സർക്കാരാണ് അധികാരത്തിലുള്ളത്. മേഘാലയയിലും നാഗാലാൻഡിലും ബിജെപി ഭരണസഖ്യത്തിന്റെ ഭാഗമാണ്.
ത്രിപുരയുടെ സമവാക്യങ്ങൾ
ത്രിപുരയിൽ ബിപ്ലബ് കുമാർ ദേബിനെ ബിജെപി ഏതാനും മാസങ്ങൾക്കുമുമ്പ് മുഖ്യമന്ത്രിക്കസേരയിൽ നിന്ന് ഇറക്കി മണിക് സാഹയെ ഇരുത്തിയിരുന്നു. മണിക് സാഹയുടെ നേതൃത്വത്തിലാണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പ് നേരിടുന്നത്. മറുവശത്ത് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ സഖ്യമായാണ് മത്സരം. കഴിഞ്ഞ അഞ്ച് ദശാബ്ദക്കാലത്തെ രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസും സിപിഎമ്മും ഇവിടെ എക്കാലവും കടുത്ത എതിരാളികളായിരുന്നു. എന്നാൽ, 2018ൽ ബിജെപി ആദ്യമായി അധികാരത്തിലെത്തി. ഇതോടെയാണ് ഇടതും കോൺഗ്രസും ഒന്നിച്ചത്. ഇരുമുന്നണികൾക്കും വെല്ലുവിളിയായി കിങ് മേക്കറാകാനൊരുങ്ങി തിപ്ര മോത്തയുടെ തലവനും ത്രിപുര രാജകുടുംബത്തിന്റെ പിൻഗാമിയുമായ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമയും രംഗത്തുണ്ട്.
കഴിഞ്ഞ തവണ ത്രിപുരയിലെ 60 സീറ്റുകളിൽ ബിജെപിക്ക് 36 സീറ്റുകളാണ് ലഭിച്ചത്. സിപിഎമ്മിന് 16ഉം ഐപിഎഫ്ടിക്ക് എട്ടും സീറ്റുകളാണ് ലഭിച്ചത്. അതേസമയം കോൺഗ്രസിന്റെ പ്രകടനം വളരെ മോശമായിരുന്നു. കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ ബിജെപിക്ക് 44 ശതമാനം വോട്ടാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയെങ്കിലും അവരുടെ വോട്ട് ശതമാനം ഇടതുപാർട്ടികളെക്കാൾ നേരിയതായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനും 44 ശതമാനം വോട്ട് ലഭിച്ചു.
മേഘാലയയുടെ രാഷ്ട്രീയം
മേഘാലയയിൽ എൻപിപിക്കൊപ്പം ബിജെപി അധികാരത്തിലായിരുന്നു, എന്നാൽ ഇത്തവണ സമവാക്യങ്ങൾ ഏറെ മാറി. പല വിഷയങ്ങളിലും ബിജെപിയും എൻപിപിയും തമ്മിൽ ഏകോപനമില്ല. അതേ സമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ തകർന്ന് ചിതറിയ മട്ടാണ്. വലിയ തോതിലുള്ള കോൺഗ്രസ് നേതാക്കളെ ഒപ്പംകൂടിയ ടിഎംസി വളരെ ശക്തമായ എതിരാളിയായാണ് കാണുന്നത്.
2018ലെ തിരഞ്ഞെടുപ്പിൽ 21 സീറ്റുകളുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ, ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ അധികാരം കൈവിട്ടുപോയി. രണ്ട് സീറ്റ് മാത്രം ലഭിച്ചിട്ടും എൻപിപിയുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിച്ചു. എൻപിപിക്ക് 19 സീറ്റും മറ്റുള്ളവർക്ക് 18 സീറ്റും ലഭിച്ചു. എൻപിപി പ്രസിഡന്റ് കോൺറാഡ് കെ സാങ്മയെ മുഖ്യമന്ത്രിയാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 29 ശതമാനം വോട്ടാണ് ലഭിച്ചത്. എൻപിപിക്ക് 21 ശതമാനം ലഭിച്ചപ്പോൾ ബിജെപിക്ക് 10 ശതമാനം വോട്ടാണ് ലഭിച്ചത്. മറ്റുള്ളവരുടെ വിഹിതത്തിൽ 40 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി.
നാഗാലാൻഡിലെ സഖ്യം തുടരുമോ
നാഗാലാൻഡിൽ എൻഡിപിപിയും ബിജെപിയും തമ്മിലുള്ള സഖ്യസർക്കാരാണ് അധികാരത്തിൽ. എൻഡിപിപി അധ്യക്ഷൻ നെയ്ഫിയു റിയോയാണ് മുഖ്യമന്ത്രി. കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നെയ്ഫിയു റിയോ എൻപിഎഫിനെ തകർത്ത് എൻഡിപിപി രൂപീകരിച്ച് ബിജെപിയുമായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു. ഇരുപാർട്ടികളും ഒരുമിച്ചാണ് ഇത്തവണയും തിരഞ്ഞെടുപ്പ് രംഗത്തുള്ളത്.
നാഗാലാൻഡിൽ ആകെ 60 സീറ്റുകളാണുള്ളത്. ഇതിൽ 2018ൽ എൻപിഎഫിന് 27 സീറ്റുകളാണ് ലഭിച്ചത്. എൻഡിപിപിക്ക് 18 സീറ്റും ബിജെപിക്ക് 12 സീറ്റും ലഭിച്ചു. ഇതുകൂടാതെ എൻപിപി രണ്ട് സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്രനും ഒരു സീറ്റിൽ ജെഡിയു സ്ഥാനാർത്ഥിയും വിജയിച്ചു. സർക്കാരിൽ എൻഡിപിപി, ബിജെപി എൻപിഇപി, ജെഡിയു എന്നിവ ഉൾപ്പെടുന്നു. 39 ശതമാനം വോട്ടുകളാണ് എൻപിഎഫിന് ലഭിച്ചത്. എൻഡിപിപിക്ക് 25 ശതമാനവും ബിജെപിക്ക് 15 ശതമാനവും മറ്റുള്ളവർക്ക് 21 ശതമാനം വോട്ടും ലഭിച്ചു.
Keywords: