Obituary | ക്രൂരമായ ലോകമേ വിട; ചോരമണമില്ലാത്ത ലോകത്തേക്ക് ഷെസീന മടങ്ങി

 


തലശേരി:  (www.kvartha.com) അതിക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന് ബാല്യകാലത്ത് ദൃക്‌സാക്ഷിയാകേണ്ടി വന്നതിനാല്‍  മാനസിക നില തെറ്റിയ യുവതി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. 1999-ഡിസംബറില്‍  യുവമോര്‍ച നേതാവ് കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ മൊകേരി യുപി സ്‌കൂളിലെ ക്ലാസ് മുറിയില്‍ കയറി വെട്ടിക്കൊല്ലുന്നത് കാണേണ്ടി വന്ന അന്നത്തെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ കൂരാറ മണ്ടമുളളയില്‍ വീട്ടില്‍ ഷെസീന (31) യാണ് മരിച്ചത്. വിട്ടുമാറാത്ത മാനസിക രോഗം യുവതിക്ക് മൂര്‍ച്ഛിച്ചിരുന്നു.

യുവമോര്‍ച സംസ്ഥാന വൈസ് പ്രസിഡന്റും ഗണിത അധ്യാപകനുമായ കെടി ജയകൃഷ്ണന്‍ മാസ്റ്റർ  ഡിസംബര്‍ ഒന്നിന്  ഉച്ചയ്ക്ക് 12 മണിയോടെ കുട്ടികള്‍ക്ക് ക്ലാസെടുത്ത് കൊണ്ടിരിക്കെയാണ് കൊല്ലപ്പെട്ടത്. അഞ്ചാം ക്ലാസിലെ കുട്ടികള്‍ കണ്ടു നില്‍ക്കവെയാണ് സിപിഎം പ്രവര്‍ത്തകര്‍ വടിവാളും ബോംബുമായെത്തി അരും കൊല നടത്തിയതെന്നാണ് കേസ്. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷം ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിനുറുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Obituary | ക്രൂരമായ ലോകമേ വിട; ചോരമണമില്ലാത്ത ലോകത്തേക്ക് ഷെസീന മടങ്ങി

കൊലപാതകത്തിന് ദൃക്‌സാക്ഷികളായ ഒട്ടേറെ കുട്ടികള്‍ ഇതിന് ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തിയാണ് ഇവരില്‍ പലരെയും സാധാരണജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നതെന്നുമാണ് പറയുന്നത്.  എന്നാല്‍ ഷെസീനയുടെ  കളിചിരികള്‍ മായുകയും അതികഠിനമായ മാനസിക വൈഷമ്യത്താലും മുഖത്തേക്ക് ചോരതെറിച്ചുവീണ കാഴ്ചയും അവളെ പേക്കിനാവുപോലെ വേട്ടയാടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആ സംഭവത്തിന് ശേഷം പെൺകുട്ടി സ്‌കൂളിലേക്ക് പോയിട്ടില്ല. 

'പാഠപുസ്തകം കാണുന്നതു പോലും പേടിയായി. ആംബുലന്‍സിന്റെ ശബ്ദം കേട്ടാല്‍ വീട്ടിനകത്തേക്ക് ഓടിയൊളിക്കും. രക്ഷിതാക്കള്‍ സ്‌കൂള്‍ മാറ്റി ചേര്‍ത്തെങ്കിലും പഠനം തുടരാന്‍ കഴിഞ്ഞില്ല. പിന്നീട്   പാനൂരിലെ സമാന്തര കോളജില്‍ നിന്നും  എസ്എസ്എല്‍സി പഠിച്ചു പാസായെങ്കിലും അതികഠിനമായ വിഷാദരോഗം പിടികൂടിയിരുന്നു. പോസ്റ്റ് ട്രോമാറ്റിക്ക് സ്‌ട്രെസ് ഡിസോഡര്‍ എന്ന മാനസിക രോഗം പിടികൂടിയ ഷെസീന ഏറെക്കാലമായി ചികിത്സയിലായിരുന്നു. യുവതി പലതവണ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു', ബന്ധുക്കള്‍ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

Keywords:  Thalassery, News, Kerala, Death, Police, Killed, Police, Students, Classroom, Obituary, Sheseena of Kannur passed away .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia