മുംബൈ: (www.kvartha.com) റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചു. തുടർച്ചയായ ആറാം തവണയാണ് റിപ്പോ നിരക്ക് കൂട്ടുന്നത്. ഇതോടെ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി ഉയർന്നു. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന എംപിസിയുടെ സുപ്രധാന യോഗത്തിന്റെ വിവരങ്ങളും തീരുമാനങ്ങളും അദ്ദേഹം വ്യക്തമാക്കി.
റിപ്പോ നിരക്ക് വർധനയോടെ ഭവന വായ്പയുടെ ഇഎംഐ (EMI) കൂടും. 2022 മെയ് മുതൽ റിപ്പോ 4% ആയിരുന്നത് ഇപ്പോൾ 6.5% ആയി വർധിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി, ആഗോള സാഹചര്യങ്ങൾ കാരണം, ലോകമെമ്പാടുമുള്ള ബാങ്കുകൾക്ക് പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനമെടുക്കേണ്ടി വന്നതായി ഗവർണർ പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാൻ കടുത്ത തീരുമാനങ്ങൾ ആവശ്യമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ വളർച്ചാ സാധ്യതകൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്നും കുറച്ച് മാസങ്ങൾക്ക് മുമ്പുള്ളതുപോലെ ഭയാനകമല്ല കാര്യങ്ങളെന്നും ആർബിഐ ഗവർണർ പറഞ്ഞു. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ പണപ്പെരുപ്പ നിരക്ക് 5.6 ശതമാനമായി തുടരും. 2023 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പ നിരക്ക് 6.5 ശതമാനമാകാം. 2022-23 സാമ്പത്തിക വർഷത്തിലെ സാമ്പത്തിക വളർച്ചാ നിരക്ക് ഏഴ് ശതമാനമാണെന്നും അദ്ദേഹം അറിയിച്ചു.
Keywords: Mumbai, News, National, Business, RBI, Finance, RBI hikes repo rate to 6.5%.