പ്യോങ്‌യാങ്: (www.kvartha.com) ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകളുടെ അതേ പേരുള്ള രാജ്യത്തെ പെൺകുട്ടികളോടും സ്ത്രീകളോടും വേറെ ഏതെങ്കിലും പേരിലേക്ക് മാറ്റാൻ അധികൃതർ നിർദേശിച്ചതായി റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ മകളുടെ പേര് ജു എയ് (Ju Ae) എന്നാണ്. ഏകദേശം 10 വയസ് പ്രായമുണ്ടെന്നാണ് വിവരം.
ജു എയ് എന്ന് പേരുള്ളവരോട് ജനന സർട്ടിഫിക്കറ്റ് മാറ്റാൻ പ്രാദേശിക സർക്കാരുകൾ ഉത്തരവിട്ടിട്ടുണ്ടെന്ന് രാജ്യത്തെ രണ്ട് അജ്ഞാത വ്യക്തികളെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അയൽപക്കത്തുള്ള 12 വയസുള്ള ഒരു പെൺകുട്ടിയുടെ പേര് ജു എയ് ആണെന്നും സുരക്ഷാ മന്ത്രാലയം പെൺകുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് പേര് മാറ്റാൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ട് പറയുന്നു.
സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും പേരുമാറ്റാൻ അധികൃതർ ഒരാഴ്‌ചത്തെ സമയം നൽകിയതായാണ് പറയുന്നത്. 2014 ൽ കിം ജോങ് ഉൻ തന്റെ പേര് ഉപയോഗിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് പൊതുവേദിയിൽ ആദ്യമായി ജു എയയെ കണ്ടത്. കിം ജോങ് ഉന്നിന്റെ മൂന്ന് മക്കളിൽ പൊതുമധ്യത്തിൽ കണ്ട ഒരേയൊരാളാണ് ജു-എയ്.
Keywords: News, World, North Korean leader, Name, Daughter, Report, North Korea is banning girls from having the same name as Kim Jong Un's daughter, report says.