Arrested | റെയില്‍വെ ജീവനക്കാരന്റെ ബൈക് മോഷ്ടിച്ചെന്ന കേസ്; 3 പേര്‍ പിടിയില്‍
കോഴിക്കോട്: (www.kvartha.com) പാലക്കാട് സ്വദേശിയായ റെയില്‍വെ ജീവനക്കാരന്‍ വിജുവിന്റെ ബൈക് മോഷ്ടിച്ചെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നിജുല്‍ രാജ് എം കെ (20), അക്ബര്‍ സിദിഖ് ബി (22), ഗോകുല്‍ദാസ് (20) എന്നിവരെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട് വച്ച് പിടികൂടിയത്. ഇവരുടെ പേരില്‍ വാഹന മോഷണം ഉള്‍പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: പാലക്കാട് സ്വദേശിയായ വിജുവിന്റെ പള്‍സര്‍ 220 മോടോര്‍ സൈക്ള്‍ പാലക്കാട് റെയില്‍വെ ജോലിക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന പാര്‍കിംഗ് ഗ്രൗന്‍ഡില്‍ നിന്നും ജനുവരി 11-ാം തീയതി അര്‍ധരാത്രിയാണ് മോഷണം പോയത്. അര്‍ധരാത്രിയില്‍ നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചുള്ള വാഹന പരിശോധനയ്ക്കിടെ സംശയകരമായ രീതിയില്‍ ഓടിച്ച് വന്ന മോടോര്‍ സൈക്ള്‍ പൊലീസ് നിര്‍ത്താന്‍ കൈ കാട്ടിയപ്പോള്‍ പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
തുടര്‍ന്ന് ഉപേക്ഷിച്ച വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച സമയം കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ വണ്ടിയുടെ തെറ്റായ നമ്പര്‍ ആയിരുന്നു വാഹനത്തിന്റെ നമ്പര്‍ പ്ലെയിറ്റില്‍ പതിച്ചിരുന്നത്. വാഹനത്തിന്റെ എന്‍ഞ്ചിന്‍ നമ്പറും, ചെയ്‌സിസ് നമ്പറും പരിശോധിച്ച് പൊലീസ് യഥാര്‍ഥ ഉടമയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയും ഒളിവില്‍ പോയ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റ് ജില്ലകളില്‍ നടന്ന സമാന കേസുകളില്‍ പ്രതികള്‍ ഉള്‍പെട്ടിട്ടുണ്ടായെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
Keywords: Kozhikode, News, Kerala, Arrest, Arrested, Police, Crime, theft, Kozhikode: Three arrested for theft case.