ധർമടം: (www.kvartha.com) അണ്ടലൂർക്കാവിൽ ദൈവത്താറീശ്വരന്റെ തിരുമുടി നിവർന്നപ്പോൾ ഞായറാഴ്ച പകൽ ക്ഷേത്രത്തിലെത്തിയത് അര ലക്ഷത്തിലേറെപ്പേർ. കഴിഞ്ഞ ദിവസംരാത്രി എട്ടരയോടെ ദൈവത്താർ തറയിൽ വില്ലുകാരുടെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു തിരുമുടിയേറ്റം നടന്നത്. തുടർന്ന് ദൈവത്താർ, അങ്കക്കാരൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾക്കൊപ്പം വില്ലുകാരുടെ ക്ഷേത്രപ്രദക്ഷിണം നടന്നു.
രാമായണത്തെ ആസ്പദമാക്കിയുള്ള കെട്ടിയാട്ടങ്ങളാണ് അണ്ടലൂരിലേത്. മേലേക്കാവെന്ന അയോധ്യയിലും താഴെക്കാവെന്ന ലങ്കയിലുമായാണ് ഉത്സവച്ചടങ്ങുകൾ. മേലേക്കാവിൽനിന്ന് മൂന്ന് തെയ്യങ്ങളും തിരുമുടിയണിഞ്ഞശേഷം കുളുത്താറ്റിയവരുടെ (വാനരസേന) അകമ്പടിയോടെ താഴെക്കാവിലേക്ക് പോയി ആട്ടം നടത്തി തിരികെ എഴുന്നെള്ളുന്നതോടെയാണ് ഓരോദിവസത്തെയും ഉത്സവം സമാപിക്കുന്നത്. പുലർച്ചെയാണ് വെടിക്കെട്ട് നടക്കുന്നത്.
സീതയും മക്കളും (അതിരാളവും മക്കളും) കെട്ടിയാടിയതോടെയാണ് കെട്ടിയാട്ടത്തിന് തുടക്കമായത്. പകൽ മൂന്നോടെ മേലേക്കാവിൽ ബാലിയും സുഗ്രീവനും ബപ്പൂരനും അരങ്ങേറി. തുടർന്ന് തൂവ്വക്കാരി, മലക്കാരി, പൊന്മകൻ, പുതുച്ചേകോൻ, നാഗഭഗവതി, നാഗകണ്ഠൻ, വേട്ടക്കൊരുമകൻ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടി.
ശനിയാഴ്ച പുലർചെ പാലയാട് ദേശവാസികളുടെ കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു ദൈവത്താറിന്റെ താഴെക്കാവിൽനിന്നുള്ള തിരിച്ചെഴുന്നള്ളത്ത്. ശ്രീരാമൻ രാവണനിഗ്രഹത്തിനുശേഷം സീതയെ വീണ്ടെടുത്തതിന്റെ ആഹ്ലാദസൂചകമാണ് വെടിക്കെട്ട്. ചൊവ്വാഴ്ച പുലർചെ ദൈവത്താറിന്റെ തിരുമുടി അറയിൽ തിരിച്ചുവയ്‌ക്കുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
Keywords: News, National, Festival, Religion, Festival: Huge crowd in Dharmadam.