കണ്ണൂര്‍: (www.kvartha.com) കേരളത്തില്‍ നിന്ന് ഇസ്രാഈലില്‍ പോയ 26 പേര്‍ അടങ്ങുന്ന കര്‍ഷക സംഘം കൊച്ചിയില്‍ തിരിച്ചെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് കര്‍ഷകര്‍ തിരിച്ചെത്തിയത്. ഫെബ്രുവരി 12നാണ് സംസ്ഥാന കൃഷിവകുപ്പ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ഇവരെ ഇസ്രാഈലിലേക്ക് അയച്ചത്.
അതേസമയം, സംഘത്തിലെ 27 കര്‍ഷകരില്‍ ഒരാളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ഇസ്രാഈലില്‍ നിന്ന് കാണാതായിരുന്നു. എന്നാല്‍ അദ്ദേഹം കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ 10മണിയോടെയാണ് വാട്സ് ആപിലൂടെ ഭാര്യയ്ക്ക് സന്ദേശം അയച്ചത്. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയ്ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞതെന്നും ഇതിനു പിന്നാലെ ബിജുവിനെ ഫോണില്‍ കിട്ടാതായെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇസ്രാഈല്‍ ഹെര്‍സ്ലിയയിലെ ഹോടെലില്‍നിന്ന് 17ന് രാത്രിയാണ് ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോടെലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കയ്യില്‍ പാസ്പോര്‍ട് അടങ്ങിയ ഹാന്‍ഡ് ബാഗ് കണ്ടെന്ന് സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവര്‍ പറഞ്ഞു. വിവരം ഇന്‍ഡ്യന്‍ എംബസി അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇസ്രാഈല്‍ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
Keywords: Kannur, News, Kerala, Farmers, Missing, Farmers who went to Israel from Kerala have returned.