ചണ്ഡീഗഡ്: (www.kvartha.com) വിവിധ തരത്തിലുള്ള ആക്രമണങ്ങളിലും ഗുരുതരമായ കുറ്റകൃത്യങ്ങളിലും പ്രതികളുടെ പങ്കാളിത്തം നിയമപരമായി തെളിയിക്കാനും തെളിവുകൾ ശേഖരിക്കുന്നതിനും സൗന്ദര്യവർധക വസ്തുക്കൾ സഹായകമാകുമെന്ന് ഗവേഷണ റിപ്പോർട്ട്. പട്യാലയിലെ പഞ്ചാബി സർവകലാശാലയിലെ ഫോറൻസിക് സയൻസ് വിഭാഗത്തിലെ പ്രൊഫ രജീന്ദർ സിങ്ങിന്റെ മേൽനോട്ടത്തിൽ റിറ്റോ ചോഫിയാണ് ഗവേഷണം നടത്തിയത്.
ബലാത്സംഗം, കൊലപാതകം, സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ, അജ്ഞാത ഭീഷണി കത്തുകൾ എന്നിവയിൽ സൗന്ദര്യവർധക വസ്തുക്കൾ ശാസ്ത്രീയമായി എങ്ങനെ തെളിവാകുമെന്ന് ഗവേഷണം പറയുന്നു. വസ്ത്രങ്ങൾ, ടിഷ്യൂ പേപ്പർ, കുടിവെള്ള ഗ്ലാസുകൾ, സിഗരറ്റ് കുറ്റികൾ തുടങ്ങിയ വസ്തുക്കളിൽ പറ്റിപ്പിടിച്ചിരിക്കുന്ന സൗന്ദര്യവർധക വസ്തുക്കളുടെ അളവ് വിശകലനം ചെയ്യുന്നതിലൂടെ ഇരയും പ്രതിയും കുറ്റകൃത്യം നടന്ന സ്ഥലവും തമ്മിൽ ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന് ഗവേഷണം തെളിയിക്കുന്നു.
ഗവേഷണ ഫലങ്ങൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പ്രൊഫ രജീന്ദർ സിങ് പറഞ്ഞു. ഈ പഠനത്തിൽ, ലിപ്സ്റ്റിക്, സിന്ദൂരം, നെയിൽ പെയിന്റ് തുടങ്ങിയ വിവിധ തരം തെരഞ്ഞെടുത്ത സൗന്ദര്യവർധക വസ്തുക്കൾ, വ്യത്യസ്ത നിർമാതാക്കൾ നിർമിച്ച കണ്മഷി, കാജൽ, ഐ-ഷാഡോ തുടങ്ങിയവ വിശകലനം ചെയ്തതായി അദ്ദേഹം പറഞ്ഞു. പഠനത്തിനായി തെരഞ്ഞെടുത്ത വിവിധ സൗന്ദര്യവർധക വസ്തുക്കളുടെ വിവിധ നിർമാണ ബ്രാൻഡുകളെ അടിസ്ഥാനമാക്കി നല്ല ഫലങ്ങൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വസ്തുവിന്റെ ശരിയായ സാമ്പിളും സംശയാസ്പദമായ സാമ്പിളുകളുമായും താരതമ്യപ്പെടുത്തുമ്പോൾ കുറ്റകൃത്യത്തിൽ പ്രതിയുടെ പങ്കാളിത്തം അടക്കമുള്ള കാര്യങ്ങൾ തെളിയിക്കാൻ സഹായകമാകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. പൊതുവേ, ഗുരുതരമായ ആക്രമണങ്ങളിലും ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളിലും, സൗന്ദര്യവർധക വസ്തുക്കളുടെ ഭാഗങ്ങൾ പലപ്പോഴും തെളിവായി ലഭിക്കുന്നുണ്ടെന്ന് ഗവേഷകനായ റിറ്റോ ചോഫി പറഞ്ഞു, ശാസ്ത്രീയ വിശകലനത്തിന് ശേഷം നിയമ നടപടികൾക്ക് തെളിവായി ഉപയോഗിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, National, Researchers, University, Cosmetics can be helpful in tracking down criminals, claim Punjabi University researchers.