തിരുവനന്തപുരം: (www.kvartha.com) പ്രതിവർഷം 200 ബില്യണിലധികം പണം അയച്ച് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നട്ടെല്ലാകുന്ന രണ്ട് ദശലക്ഷത്തോളം വരുന്ന വിദേശ മലയാളികൾക്ക് സംസ്ഥാന ബജറ്റ് എന്നും നിരാശയാണ് സമ്മാനിക്കാറുള്ളത്. ഇത്തവണയെങ്കിലും അതിന് മാറ്റമുണ്ടാകണമെന്നാണ് പ്രവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്, പ്രത്യേകിച്ച് കോവിഡിനെ തുടർന്ന് പലർക്കും തൊഴിൽ നഷ്ടമായ സാഹചര്യത്തിൽ. ആവശ്യങ്ങളുടെ നീണ്ട നിരതന്നെ മുന്നോട്ടുവെച്ച പ്രവാസികൾക്ക് കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചത് തുച്ഛമായ തുക മാത്രമാണ്.
പ്രവാസികാര്യ വകുപ്പിനായി 147.51 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത്. പ്രവാസി മലയാളികൾക്കായി പുതുതായി രൂപകൽപന ചെയ്ത ഏകോപന പുനഃസംയോജന പദ്ധതിക്ക് 50 കോടി വകയിരുത്തിയിട്ടുണ്ട്. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തശേഷം മടങ്ങിയെത്തിയവർക്കുള്ള ധനസഹായ പദ്ധതിയായ 'സാന്ത്വന'ത്തിന് 33 കോടി വകയിരുത്തി. നോൺ റെസിഡന്റ്സ് കേരളൈറ്റ്സ് വെൽഫെയർ ഫണ്ട് ബോർഡിന് ഒമ്പത് കോടിയും മാറ്റിവെച്ചു.
വിദേശ രാജ്യങ്ങളിലുൾപ്പെടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരെയും സംരംഭകരെയും ഉൾപ്പെടുത്തി കാർഷിക ഉൽപന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന് സിയാൽ മാതൃകയിൽ 100 കോടി രൂപ മൂലധനമുള്ള മാർക്കറ്റിങ് കമ്പനി ആരംഭിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും എങ്ങുമെത്തിയില്ല. പ്രവാസികൾക്ക് ഏറെ തുക നീക്കിവെച്ചത് 2021 ലെ ബജറ്റിലായിരുന്നു. അന്ന് 1500 കോടിയിലേറെ രൂപയുടെ പ്രഖ്യാപനം നടന്നു. എന്നാൽ കഴിഞ്ഞ ബജറ്റിൽ അത് കേവലം 250 കോടിയിൽ ഒതുക്കി.
പ്രവാസികൾ ഏറെക്കാലമായി ഉയർത്തുന്ന പ്രവാസിക്ഷേമ പെന്ഷന് വർധന ഇത്തവണയെങ്കിലും പ്രവാസികൾ പ്രതീക്ഷിക്കുന്നുണ്ട്. മഹാമാരിയെ തുടര്‍ന്ന് പതിനഞ്ച് ലക്ഷത്തിലധികം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തിയിട്ടുമുണ്ട്. ഇവര്‍ക്ക് വേണ്ടി പ്രഖ്യാപനങ്ങൾ അല്ലാതെ പ്രായോഗികമായ ഒന്നും നടപ്പിലായിട്ടില്ല. കേരളത്തിന്റെ ജിഡിപിയുടെ 32 ശതമാനം പങ്കും സംഭാവന ചെയ്യുന്നത് പ്രവാസികളാണ്. റിസർവ് ബാങ്കിന്റെ 2018ലെ കണക്കുപ്രകാരം ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലാണ്. പ്രവാസികളുടെ ക്ഷേമത്തിനും ഗുണകരമാകുന്നതുമായ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കണമെന്നാണ് പ്രവാസി സംഘടനകളും ആവശ്യപ്പെടുന്നത്.
Keywords: Thiruvananthapuram, News, Kerala, Kerala-Budget, Budget: Expectations of Expatriates.