സാവോ പോളോ: (www.kvartha.com) ബ്രസീലിന്റെ തെക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 24 പേർ മരിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബ്രസീലിന്റെ തെക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ മഴ കനത്ത വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം രണ്ട് ഡസനോളം ആളുകൾ മരിക്കുകയും നൂറുകണക്കിന് പേർ ഭവനരഹിതരാകുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രദേശത്തുടനീളം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുകയാണ്. റോഡുകൾ വൃത്തിയാക്കുന്നതിനൊപ്പം പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. പല റോഡുകളും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ബ്രസീലിയൻ കാർണിവൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്ന എണ്ണമറ്റ വിനോദസഞ്ചാരികളെയും വെള്ളപ്പൊക്കം ദുരിതത്തിലാക്കി.
അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവരെയും പരിക്കേറ്റവരെയും മരിച്ചവരെയും കണ്ടെത്താൻ രക്ഷാപ്രവർത്തകർ പാടുപെടുന്നതിനാൽ കാർണിവൽ ആഘോഷങ്ങൾ റദ്ദാക്കി. തങ്ങളുടെ രക്ഷാപ്രവർത്തകർക്ക് പല സ്ഥലങ്ങളിലും എത്താൻ കഴിയുന്നില്ലെന്ന് സാവോ സെബാസ്റ്റിയോയുടെ മേയർ ഫിലിപ്പെ അഗസ്റ്റോ പറഞ്ഞു. നഗരത്തിലെ വ്യാപകമായ നാശത്തിന്റെ നിരവധി വീഡിയോകൾ അഗസ്റ്റോ സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ ദിവസം 600 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ബ്രസീലിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിത്. ബെർട്ടിയോഗയിൽ മാത്രം 687 മില്ലിമീറ്റർ മഴ പെയ്തതായി സംസ്ഥാന സർക്കാർ അറിയിച്ചു. സൈന്യത്തിൽ നിന്ന് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും രണ്ട് വിമാനങ്ങളും രക്ഷാപ്രവർത്തന സംഘങ്ങളും പ്രദേശത്തേക്ക് അയയ്ക്കുമെന്നും ഗവർണർ ടാർസിയോ ഡി ഫ്രീറ്റാസ് പ്രസ്താവനയിൽ പറഞ്ഞു.
Keywords: News, World, Brazil, Missing, Death, Flood, Rain, Brazil flooding, landslides kill at least 24.