Follow KVARTHA on Google news Follow Us!
ad

CPM | 'പാര്‍ടി സെക്രടറിയുടെ ജാഥയ്ക്ക് പോകാന്‍ 15,000 രൂപ തരണം; ഒരു 3000 രൂപ അങ്ങോട്ട് തരും; നിന്നെ കാണിച്ചു തരാം; ആ നീ എന്താന്ന് വച്ചാല്‍ കാണിക്ക്'; ജനകീയ പ്രതിരോധ ജാഥ വിജയിപ്പിക്കാന്‍ മണലൂറ്റുകാരനെ സിപിഎം ബ്രാഞ്ച് സെക്രടറി ഭീഷണിപ്പെടുത്തിയതായി പരാതി; ശബ്‌ദരേഖ പ്രചരിക്കുന്നു

Audio of CPM leader demanding money #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
/ അജോ കുറ്റിക്കൻ

പത്തനംതിട്ട: (www.kvartha.com) പാര്‍ടി സെക്രടറിയുടെ ജനകീയ പ്രതിരോധ ജാഥയ്ക്ക് 15,000 രൂപ സംഭാവന തന്നില്ലെങ്കില്‍ കാണിച്ചു തരാമെന്ന് സിപിഎം ബ്രാഞ്ച് സെക്രടറി ഭീഷണിപ്പെടുത്തിയതായി പരാതി. പമ്പയില്‍ നിന്ന് അനധികൃതമായി മണല്‍ വാരുന്നവരോട് സിപിഎം തോട്ടപ്പുഴശേരി ബ്രാഞ്ച് സെക്രടറി അരുണ്‍ മാത്യു ഭീഷണി മുഴക്കുന്നുവെന്ന പേരിലാണ് ഓഡിയോ പ്രചരിക്കുന്നത്. 3000 രൂപ വേണേല്‍ തരാമെന്ന് പറഞ്ഞ് പ്രതിരോധിക്കുന്ന മണല്‍ വാരലുകാരനോട് നിന്നെയൊക്കെ കാണിച്ചു തരാമെന്ന് സെക്രടറി പറയുന്നതാണ് ഓഡിയോ ക്ലിപില്‍ ഉള്ളത്.

കോഴഞ്ചേരിയോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായതാണ് തോട്ടപ്പുഴശേരി. പമ്പ ഒഴുകുന്നത് പഞ്ചായതിലൂടെയാണ്. ഇവിടെ പണ്ട് മണല്‍ വാരിയിരുന്ന കടവുകള്‍ പഞ്ചായത് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. ആ പൂട്ട് താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് വാരിയ മണല്‍ കടത്തുന്നത് എന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്. ബ്രാഞ്ച് സെക്രടറി ചോദിക്കുന്നത് ഒരു ലോഡ് മണല്‍ സൈറ്റില്‍ കുത്തുമ്പോള്‍ ലഭിക്കുന്ന പണമാണെന്നാണ് ആരോപണം.

Pathanamthitta, News, Kerala, CPM, Politics, Complaint, Audio of CPM leader demanding money

എന്നാല്‍, ഒരു ലോഡ് മണലിന് തങ്ങള്‍ക്ക് കിട്ടുന്നത് വെറും 4000 രൂപ മാത്രമാണെന്നാണ് വാരലുകാരന്‍ പറയുന്നത്. തങ്ങള്‍ കഷ്ടപ്പെട്ട് വാരി ചുമന്ന് കൊണ്ട് എത്തിക്കുന്നു. അതു കൊണ്ട് എല്ലാ വാരലുകാരും ചേര്‍ന്ന് മൂവായിരം രുപ തരാം. അതില്‍ കൂടുതല്‍ പറ്റില്ലെന്നും പറയുന്നത് പ്രചരിക്കുന്ന ഓഡിയോയിൽ കേൾക്കാം. ജാഥയില്‍ പങ്കെടുക്കാന്‍ ഒരു ബസ് പത്തനംതിട്ട പോകണമെങ്കില്‍ 5000 രൂപ കൊടുക്കണമെന്നും  അതുകൊണ്ട് 15,000 രൂപയില്‍ ഒരു പൈസ പോലും കുറയില്ലെന്നും സെക്രടറി പറയുന്നു.

3000 രൂപ എന്ന സംഭാവനയില്‍ ഉറച്ചു നില്‍ക്കുകയാണ് മണല്‍വാരലുകാരന്‍. തങ്ങള്‍ കെജെ രാജുവെന്ന സിപിഎം നേതാവിനോട് പറഞ്ഞിട്ടുണ്ടെന്നും പറയുന്നു. രാജുവല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതൊക്കെ കഴിഞ്ഞ കാലമെന്ന് സഖാവിന്റെ മറുപടി. അരുണ്‍ ആണ് ബ്രാഞ്ച് സെക്രടറി. സിപിഎമിനെ വെല്ലുവിളിച്ച് നിനക്കൊക്കെ മണല്‍ വാരാന്‍ കഴിയുമോ? നീയൊക്കെ എവിടുന്നൊക്കെ വാരുന്നുണ്ടെന്ന് എനിക്കറിയാം. ഒരു ലോഡ് മണലിന്റെ കാശ് വേണം. അല്ലെങ്കില്‍ പൊലീസിനെ കൊണ്ട് നിന്നെയൊക്കെ പിടിപ്പിക്കും എന്നും അരുണ്‍ പറഞ്ഞതായാണ് ആരോപണം.

എന്നാല്‍, മണല്‍വാരലുകാരന് യാതൊരു കൂസലുമില്ല. നീയെന്താന്ന് വച്ചാല്‍ അങ്ങ് കാണിക്ക്. 4000 രൂപ ഒരു ലോഡ് മണലില്‍ കിട്ടും. പുലര്‍ചെ ഒന്നിനും രണ്ടിനും ഇടയിലാണ് വാരുന്നത്. അത് കൊട്ടയിലാക്കി ചുമന്ന് വേണം ലോറിയില്‍ കൊണ്ടിടാന്‍. ഒരു ലോഡ് മണല്‍ ലോറിക്കാര്‍ വില്‍ക്കുന്നത് 12,000 രൂപയ്ക്കാണ്. എന്നും അയാള്‍ പറയുന്നു. നിങ്ങള്‍ക്ക് എത്ര കിട്ടുമെന്നൊക്കെ വ്യക്തമായി എനിക്കറിയാം. ലോറിക്കാരുടെ കൈയില്‍ നിന്ന് കൂടി വാങ്ങി 15,000 തരണം. അല്ലാത്ത പക്ഷം ഒരുത്തനെയും മണല്‍ വാരാന്‍ അനുവദിക്കില്ല. പൊലീസില്‍ അറിയിക്കും. സഖാവിന്റെ വെല്ലുവിളി മണല്‍വാരലുകാരന്‍ തള്ളുന്നിടത്താണ് ഓഡിയോ അവസാനിക്കുന്നത്.

മണല്‍ വാരലിന് നിരോധനമുള്ള നദിയാണ് പമ്പ. പൊലീസിനും സിപിഎം നേതാക്കള്‍ക്കും റവന്യൂ അധികൃതര്‍ക്കും പടി കൊടുത്താണ് മണല്‍ വാരല്‍ നടക്കുന്നതെന്നാണ് ഓഡിയോ ക്ലിപില്‍ നിന്ന് പുറത്തുവരുന്നത്. എല്ലാവര്‍ക്കും പങ്കിട്ട് കഴിയുമ്പോള്‍ മണല്‍ വാരലുകാര്‍ക്ക് കിട്ടുന്നത് തുച്ഛമായ തുകയാണെന്നും  അതുകൊണ്ടാണ് സഖാവ് ചോദിക്കുന്ന സംഭാവന നല്‍കാന്‍ കഴിയില്ലെന്ന് മണല്‍ വാരലുകാരന്‍ അറുത്തു മുറിച്ച് പറയുന്നതെന്നും വ്യക്തമാണെന്നാണ് അഭിപ്രായം ഉയരുന്നത്.

Keywords: Pathanamthitta, News, Kerala, CPM, Politics, Complaint, Audio of CPM leader demanding money.

Post a Comment