കണ്ണൂർ: (www.kvartha.com) സൈബർ പോരാളിയും രണ്ട് കൊലക്കേസുകളിൽ പ്രതിയുമായ ആകാശ് തില്ലങ്കേരിയയും കൂട്ടാളി ജിജോയെയും ചൊവ്വാഴ്ച പുലർചെ അഞ്ചരയോടെ കാപ കേസിൽ അറസ്റ്റുചെയത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. തിങ്കളാഴ്ച രാത്രി മുഴക്കുന്ന് പൊലീസ് അറസ്റ്റുചെയ്ത ഇവരെ കലക്ടറുടെ ഉത്തരവ് പ്രകാരം ജയിലിൽ അടയ്ക്കുകയായിരുന്നു. മുഴക്കുന്ന് പൊലീസാണ് ആകാശിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ശുഐബ് വധക്കേസിലും തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും പ്രതിയാണ് ആകാശ്.
കഴിഞ്ഞ നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷം സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്നുവെന്ന് കാരണം കാട്ടിയാണ് ആകാശ് തില്ലങ്കേരിയെ ഗുണ്ടാനിയമം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. കാപ നിയമ വകുപ്പ് മൂന്ന് പ്രകാരമാണ് അറസ്റ്റ്. ജില്ലാ കലക്ടർ പുറത്തിറക്കിയ ഉത്തരവില്‍ ആറ് മാസം തടവിനും നിര്‍ദേശമുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ സിപിഎം നേതാക്കളുടെ പങ്കിനെ സൂചിപ്പിക്കുന്ന ആകാശിന്‍റെയും കൂട്ടാളികളുടേയും വെളിപ്പെടുത്തൽ പാർടിയെ വലിയ തരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ നേതാവിനെതിരെ മോശം പരാമർശനത്തിന് ആകാശിനെതിരെ കേസെടുത്തത്.
ഡിവൈഎഫ്‌ഐയുടെ വനിതാ നേതാവിനെ അപമാനിച്ച കേസിൽ അടുത്തിടെയാണ് ആകാശ് തില്ലങ്കേരിക്ക് ജാമ്യം ലഭിച്ചത്. സോഷ്യൽ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചു എന്ന പരാതിയിലാണ് ആകാശിനും കൂട്ടാളികൾക്കുമെതിരെ കേസെടുത്തിരുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ വൻ പൊലീസ് സുരക്ഷാ സന്നാഹത്തോടെ എത്തിയ ആകാശ് തില്ലങ്കേരിയും ജിജോയും കേസ് രാഷ്ട്രീയ പ്രേരിതമാണോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചിട്ടില്ല. മാർച് ഒന്നിന് ശുഐബ് വധക്കേസിൽ ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹരജിയിൽ ആകാശിനോട് തലശേരി കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഹരജി നൽകിയിരുന്നത്. ഇതു പരിഗണിക്കാനിരിക്കെയാണ് തൊട്ടുമുൻപായി പൊലീസ് അറസ്റ്റു ചെയ്തത്.
Keywords: Kannur, News, Kerala, Case, Jail, Police, Arrested, Central Jail, Akash Thillankeri jailed under KAAPA.