Killed | മലയാളി യുവാവ് പോളന്‍ഡില്‍ കുത്തേറ്റ് മരിച്ചു; തുടര്‍ചയായ രണ്ടാമത്തെ കൊലപാതകം
തൃശൂര്‍: (www.kvartha.com) മലയാളി യുവാവ് പോളന്‍ഡില്‍ കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടെയാണ് സംഭവമെന്നാണ് വിവരം. ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍-സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച സൂരജ്.
അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളന്‍ഡിലേക്ക് പോയത്. അവിടെ ഒരു കംപനിയില്‍ സൂപര്‍വൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കള്‍ ബന്ധുക്കളെ വിളിച്ചറിയിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എംബസിയുടെ സ്ഥിരീകരണവുമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും പോളന്‍ഡില്‍ കുത്തേറ്റു മരിച്ച വിവരം പുറത്തുവന്നിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയര്‍ ഇബ്രാഹിമാണ് കഴിഞ്ഞ ദിവസം മരിച്ചത്. പോളന്‍ഡിലെ ഐഎന്‍ജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായ ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.
പോളന്‍ഡ് പൗരനൊപ്പമായിരുന്നു ഇബ്രാഹിം ശെരീഫ് താമസിച്ചിരുന്നത്. യുവാവിന്റെ കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചതായാണ് വിവരം.
Keywords: Thrissur, News, Kerala ,Death, Killed, Poland, Malayali man killed on Poland.