Follow KVARTHA on Google news Follow Us!
ad

Scam | കണ്ണൂര്‍ അര്‍ബന്‍ നിധി തട്ടിപ്പ്: 'ഡയറക്ടര്‍ ആന്റണി സമാന്തര ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു', കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

Kannur Urban Nidhi Scam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) നിക്ഷേപ തട്ടിപ്പിലൂടെ നേടിയ കോടികള്‍ കൊണ്ടു കണ്ണൂര്‍ അര്‍ബന്‍ നിധി ഡയറക്ടര്‍ ആന്റണി സമാന്തര ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി പൊലീസ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്, ചരക്കു സര്‍വീസ്, റിസോര്‍ടുകള്‍ എന്നിവയിലാണ് അര്‍ബന്‍ നിധിയില്‍ നിന്നും വകമാറ്റിയ പണം നിക്ഷേപിച്ചതെന്നാണ് ആന്റണിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്: നേരത്തെ ഡയറക്ടര്‍മാരായ കെ എം ഗഫൂറും ശൗക്കത്തലിയും അര്‍ബന്‍നിധി അക്കൗണ്ടില്‍ നിന്നും എനി ടൈം മണിയെന്ന സമാന്തര സ്ഥാപനം രൂപീകരിച്ചു ആന്റണി പതിനേഴുകോടിരൂപയോളം തട്ടിയെടുത്തതാണ് സ്ഥാപനം പൊളിയാന്‍ കാരണമെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ താന്‍ അര്‍ബന്‍നിധിയില്‍ നിന്നും എട്ടുകോടി രൂപ വായ്പയെടുക്കുകമാത്രമേ ചെയ്തിട്ടുളളുവെന്നും ഇതിന് പലിശനല്‍കാറുമുണ്ടെന്നായിരുന്നു ആന്റണിയുടെ വിശദീകരണം.

Kannur, News, Kerala, Scam, Crime, Custody, Police, Kannur Urban Nidhi Scam.

അറസ്റ്റിലായ ആന്റണിയെയും ശൗക്കത്തലിയെയും ഗഫൂറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഈയാള്‍ ഈക്കാര്യം വ്യക്തമാക്കിയത്. നേരത്തെ തന്നെ താന്‍ ബിസിനസ് ചെയ്തിരുന്നയാളാണെന്നും തനിക്ക് ലാഭവിഹിതം തരാമെന്നു വാഗ്ധാനം ചെയ്താണ് അര്‍ബന്‍ നിധിയുടെ ഡയറക്ടറാക്കിയതെന്നും ആന്റണി മൊഴി നല്‍കിയിട്ടുണ്ട്. തന്റെതടക്കമുളള നിക്ഷേപങ്ങള്‍ അര്‍ബന്‍ നിധിയിലുണ്ട്. കോവിഡ് കാലത്ത് പ്രതിസന്ധിയിലായതിനാലാണ് താന്‍ അര്‍ബന്‍നിധിയുടെ ഡയറക്ടറായി മാറിയതെന്നാണ് ആന്റണി പറയുന്നത്.

ഇതില്‍ നിന്നും പണം റോളിങായി കിട്ടിയാല്‍ തന്റെ ബിസിനസ് കരുപ്പിടിപ്പിക്കാമെന്നായിരുന്നു വിശ്വാസമെന്നും ഒരു മാസം 65 ബാങ്കില്‍ പലിശമാത്രം അടക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലാണ് താനെന്നുമാണ് ആന്റണി പറയുന്നത്. തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി ഇയാള്‍ക്ക് 90ലോറികളുണ്ടെന്നു പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന ചരക്കുകടത്തിനാണ് ഇവ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇവയെല്ലാം കട്ടപ്പുറത്താണെന്നും ഇതില്‍ പലതും സേലത്തും കോയമ്പത്തൂരിലും വില്‍പനയ്ക്കു വച്ചിരിക്കുകയാണെന്നാണ് ആന്റ്ണി മൊഴി നല്‍കിയിട്ടുളളത്.

ആന്റണിയുടെ സഹോദരനാണ് ഇയാള്‍ക്കായി പല ബിനാമി ഇടപാടുകളും നടത്തിയിരുന്നത്. സഹോദരന്റെയും മറ്റു ബന്ധുക്കളുടെയും അകൗണ്ടുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ആന്റണിയുടെ പേരില്‍ ഗുരുവായൂരില്‍ റിസോര്‍ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേരളത്തിന് പുറത്ത് നാഗ്പൂര്‍, പൂനൈ, കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ ആന്റണിക്ക് ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് പൊലിസിന് വ്യക്തമായിട്ടുണ്ട്. ഇതൊക്കെ ബാങ്കുകളുമായി ബന്ധപ്പെട്ടു മരവിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ ആന്റണിയെ ചോദ്യം ചെയ്തതില്‍ നിന്നും കേസിലെ മറ്റൊരു ഡയറക്ടര്‍റായ ശൗക്കത്തലിയാണ് അര്‍ബന്‍നിധിയുടെ മറവില്‍ കൂടുതല്‍ വെട്ടിപ്പു നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വിദേശത്തടക്കം നിക്ഷേപങ്ങളും ബിനാമി ഇടപാടുകളും ശൗക്കത്തലിക്കുണ്ട്. എണ്ണമറ്റ ആഡംബര വാഹനങ്ങളാണ് തന്റെയും ബന്ധുക്കളുടെയും പേരില്‍ ഇയാള്‍ വാങ്ങിക്കൂട്ടിയിട്ടുളളത്. 30 കോടിയിലേറെ ശൗക്കത്തലി തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.

രാജ്യത്തിന് പുറത്തുനിന്നുളള ഹാവല പണവും ശൗക്കത്തലിയുടെ അകൗണ്ടുവഴി വന്നിട്ടുണ്ട്. ഇതു ഹവാല പണമാണെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ ഏറ്റവും ഒടുവില്‍ അറസ്റ്റിലായ ആന്റണിയെ ശനിയാഴ്ച്ച വൈകുന്നേരത്തോടെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക കുറ്റാന്വേഷണവിഭാഗമാണ് കേസ് അന്വേഷണം നടത്തുന്നത്.

Keywords: Kannur, News, Kerala, Scam, Crime, Custody, Police, Kannur Urban Nidhi Scam.

Post a Comment