Padayatra | ശാസ്ത്രസാഹിത്യ പരിഷത്ത് നവകേരള പദയാത്രയ്ക്ക് കണ്ണൂരില്‍ 17 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും

 


കണ്ണൂര്‍: (www.kvartha.com) ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാടു നിന്നും തുടങ്ങിയ നവകേരള പദയാത്ര ജനുവരി 28 മുതല്‍ ഫെബ്രുവരി ഒന്നു വരെ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 കേന്ദ്രങ്ങളില്‍ പദയാത്രയ്ക്ക് സ്വീകരണം നല്‍കും. ജനുവരി 28ന് വൈകുന്നേരം പയ്യന്നൂരില്‍ ഷേണായ് സ്‌ക്വയറിലാണ് ആദ്യ സ്വീകരണം, തുടര്‍ന്ന് 29ന് രാവിലെ പയ്യന്നൂര്‍ മുതല്‍ ചെറുകുന്ന് വരെ നാടക സംവിധായകന്‍ ഇബ്രാഹിം വേങ്ങരയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തും. 

ജനുവരി 30ന് കവി വീരാന്‍കുട്ടി നയിക്കുന്ന പദയാത്ര ചെറുകുന്ന് തറയില്‍ നിന്നുമാരംഭിച്ച് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. 31ന് ചരിത്രകാരന്‍ കെ എന്‍ ഗണേഷ് നയിക്കുന്ന പദയാത്ര കൂത്തുപറമ്പ് ടൗണില്‍ സമാപിക്കും. ഫെബ്രുവരി ഒന്നിന് ജെന്‍ഡര്‍ പ്രവര്‍ത്തക ആര്‍ പാര്‍വതീ ദേവി നയിക്കുന്ന പദയാത്ര കൂത്തുപറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ചു ചൊക്ളി ഓറിയന്റല്‍ സ്‌കൂളില്‍ ജില്ലാതല സമാപനപരിപാടിയായി സമാപിക്കും. ഫെബ്രുവരി രണ്ടിന് ബിനോയ് വിശ്വം എം പി നയിക്കുന്ന പദയാത്ര കോഴിക്കോട് ജില്ലയിലേക്ക് കടന്ന് മൊകേരിയില്‍ ആദ്യസ്വീകരണം നല്‍കും.

ശാസ്ത്രഞ്ജന്‍മാരും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍ക്കൊളളുന്ന പത്തു സ്ഥിരാംഗങ്ങളും ഒപ്പം ജില്ലതലത്തിലെ നൂറുപ്രവര്‍ത്തകരുമാണ് പദയാത്രയില്‍ പങ്കെടുക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കുന്ന കലാപരിപാടികളില്‍ സജിത മഠത്തില്‍, രവി ഏഴോം എന്നിവര്‍ ഒരുക്കിയ കലാപരിപാടികളും അരങ്ങേറും. ശാസ്ത്രപുസ്തക വില്‍പനയിലൂടെയാണ് പദയാത്രയ്ക്കുളള ചെലവ് സമാഹരിക്കുകയെന്നു സംഘാടകര്‍ അറിയിച്ചു. 

Padayatra | ശാസ്ത്രസാഹിത്യ പരിഷത്ത് നവകേരള പദയാത്രയ്ക്ക് കണ്ണൂരില്‍ 17 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും

വാര്‍ത്താസമ്മേളനത്തില്‍ പരിഷത്ത് കേന്ദ്രനിര്‍വാഹക സമിതിയംഗം ടി ഗംഗാധരന്‍, ജില്ലാ സെക്രടറി പി പി ബാബു, ജില്ലാ ജോ. സെക്രടറി പി പത്മിനി, ജില്ലാ വികസന വിഷയ ഉപസമിതി കണ്‍വീനര്‍ കെ കെ സുഗതന്‍, കെ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur, News, Kerala, Press meet, Kannur: Shastra Sahitya Parishat's Navakerala Padayatra. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia