വയനാട്: (www.kvartha.com) യുവാവിനെ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ തട്ടിക്കൊണ്ട് പോയി നാല് ലക്ഷം രൂപ കവര്‍ന്നതായി പരാതി. കാറിലെത്തിയ നാലംഗ സംഘമാണ് പണം കവര്‍ന്നതെന്ന് കാണിച്ച് കൊടുവള്ളി സ്വദേശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച ഉച്ചയോടെയാണ് യുവാവ് കൊടുവള്ളിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിലെത്തിയത്.
ബസിറങ്ങിയ ഉടനെ ബസിലെ മറ്റൊരു യാത്രക്കാരനും കാറിലെത്തിയ സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നുവെന്നാണ് പരാതി. ശേഷം വെങ്ങപ്പള്ളിയില്‍ ഇറക്കിവിട്ടുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബസിലെ കന്‍ഡക്ടര്‍ ഉള്‍പെടെയുള്ളവരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് രേഖരിച്ചു വരികയാണ്. കുഴല്‍പ്പണ സംഘത്തിന്റെ ഇടപെടല്‍ സംഭവത്തിന് പിന്നിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Wayanad, News, Kerala, Complaint, Kidnap, Theft, Police, Kalpetta: Man kidnapped from bus stand.