മുംബൈ: (www.kvartha.com) വിവാഹമോചിതയായ യുവതിക്ക് ജീവനാംശം നൽകാനുള്ള കുടുംബ കോടതി ഉത്തരവ് ബോംബെ ഹൈകോടതി ശരിവച്ചു. സ്ത്രീയുടെ പശ്ചാത്തലവും സാമൂഹിക നിലയും കണക്കിലെടുക്കണമെന്ന് ജസ്റ്റിസ് സിഎ സനപ് നിരീക്ഷിച്ചു. ഭാര്യക്ക് 7,000 രൂപയും ദമ്പതികളുടെ കുട്ടിക്ക് 7,000 രൂപയും ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവ് പുനഃപരിശോധനാ ഹർജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.
2011-ൽ വിവാഹിതരായ ദമ്പതികൾക്ക് 2012-ൽ മകൾ ജനിച്ചു. ഭർത്താവും അമ്മായിയമ്മയും തന്നോട് മോശമായി പെരുമാറിയെന്നും സ്വന്തം മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ നിർബന്ധിതയായെന്നുമാണ് യുവതിയുടെ പരാതി. 2019-ലാണ് കുടുംബകോടതി വിവാഹമോചനത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
2012 മുതൽ ഭർത്താവ് ഭാര്യയ്ക്കും കുട്ടിക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. ഭാര്യക്ക് ഫാർമസി ജോലിയുണ്ടെങ്കിലും അവർ പിതാവിന്റെ വീട്ടിൽ അഭയം തേടുകയാണെന്നും അവർക്ക് വരുമാന മാർഗമില്ലെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവ് റെയിൽവേയിൽ കൊമേഴ്‌സ്യൽ ക്ലർക്കായി ജോലി ചെയ്യുന്നുണ്ടെന്നും ഏഴാം ശമ്പള കമ്മീഷൻ പ്രകാരം പ്രതിമാസം 45,000 മുതൽ 46,000 രൂപ വരെയാണ് മൊത്ത ശമ്പളമെന്നും ബെഞ്ച് നിരീക്ഷിച്ചു. അമ്മയ്ക്ക് പെൻഷൻ ലഭിക്കുന്നുണ്ടെന്നും ഇളയ സഹോദരനും ജോലിയുണ്ടെന്നും ഭർത്താവ് സമ്മതിച്ചിരുന്നു.
ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും ഫാർമസിയിൽ ഡിപ്ലോമയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. 'യുവതി ഫാർമസിയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. അവളുടെ പശ്ചാത്തലവും സാമൂഹിക നിലയും കണക്കിലെടുക്കുമ്പോൾ, അവൾ സാധാരണ ജീവിതശൈലി നയിക്കാൻ ശീലിച്ചിരിക്കണം. അവൾക്ക് ജീവിക്കാൻ അർഹതയുണ്ട്', ഉത്തരവിൽ പറയുന്നു. കൂടാതെ, സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുക്കുമ്പോൾ 7000 രൂപ ന്യായമായ ജീവനാംശമാണെന്ന് കോടതി പറഞ്ഞു.
Keywords: Mumbai, News, National, High Court, Court Order, 'Considering Her Background And Social Status...': Bombay HC Upholds Maintenance of Rs 7,000 for Woman.