Follow KVARTHA on Google news Follow Us!
ad

Pre Quarter | ബ്രസീലിനെ അട്ടിമറിച്ചിട്ടും കാമറൂണ്‍ പുറത്ത്; പോര്‍ച്ചുഗലിനെ തകര്‍ത്ത് സൗത്ത് കൊറിയയും, സെര്‍ബിയയെ തോല്‍പിച്ച് സ്വിറ്റ്സര്‍ലാന്‍ഡും പ്രീക്വാര്‍ട്ടറില്‍

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
-മുജീബുല്ല കെ വി

(www.kvartha.com) ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികള്‍ അവസാനിക്കുന്നില്ല! 

പോര്‍ച്ചുഗലിനെ 2 - 1 ന് തകര്‍ത്ത് സൗത്ത് കൊറിയ പ്രീക്വാര്‍ട്ടറില്‍. തൊണ്ണൂറ്റിയൊന്നാം മിനിറ്റില്‍ ഹ്വാങ് ഹീ ചാന്റെ ഷോട്ട് പോര്‍ച്ചുഗല്‍ വല തുളച്ചു കയറിയപ്പോള്‍, മറ്റൊരു മത്സരത്തില്‍ ഘാനയെ തോല്‍പിച്ച് അതുവരെയും നോക്കൗട്ട് പ്രവേശനം ഉറപ്പിച്ചിരുന്ന ഉറുഗ്വേയുടെ സ്വപ്നങ്ങളാണ് കണ്ണീരില്‍ മുങ്ങിയത്. പോയിന്റ് തുല്യമായതിനാല്‍ അടിച്ച ഗോളുകളുടെ എണ്ണക്കൂടുതലിന്റെ ബലത്തിലാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി കൊറിയ അവസാന പതിനാറില്‍ ഇടം പിടിച്ചത് 
 
'എച്ച്' ഗ്രൂപ്പില്‍നിന്ന് പ്രീക്വാര്‍ട്ടറിലേ ക്കുള്ള രണ്ടാമത്തെ ടീമിനെ തേടിയാണ് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഘാന ഉറുഗ്വേ ടീമുകളും എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പോര്‍ച്ചുഗല്‍ കൊറിയ ടീമുകളും കിക്കോഫിനിറങ്ങിയത്. രണ്ട് വിജയങ്ങളോടെ പോര്‍ട്ടുഗല്‍ നേരത്തെതന്നെ നോക്കൗട്ടില്‍ ഇടം പിടിച്ചിരുന്നു. മത്സരം തുടങ്ങുമ്പോള്‍ മൂന്ന് ടീമുകള്‍ക്കും നോക്കൗട്ട് സാധ്യതയുണ്ടായിരുന്നു. 

Article, Sports, FIFA-World-Cup-2022, World, World Cup, Report, World, World Cup: South Korea beat Portugal, Switzerland beats Serbia.

അവസാന നിമിഷങ്ങളില്‍ ഉജ്ജ്വലമായി പൊരുതിയിട്ടും ഘാനയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു പോയതൊഴിച്ചുനിര്‍ത്തിയാല്‍ ആവേശകരമായ പോരാട്ടമാണ് കൊറിയ ഈ ലോകകപ്പില്‍ കാഴ്ചവച്ചത്. ഇന്ന് പോര്‍ച്ചുഗല്‍ കളിതുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയിട്ടും തളരാതെ പോരാടി കൊറിയ അക്ഷരാര്‍ത്ഥത്തില്‍ വിജയം പിടിച്ചുവാങ്ങുകയായിരുന്നു. നിരന്തരം ആക്രമിച്ചു കളിച്ച പോര്‍ച്ചുഗലും ഗോള്‍മണമുള്ള കൌണ്ടര്‍ അറ്റാക്കുകളിലൂടെ പോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് ഭീതി സൃഷ്ടിച്ചുകൊണ്ടിരുന്ന കൊറിയയും ആവേശകരമായൊരു മത്സരമാണ് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ കാഴ്ചവച്ചത്. സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഇരു ടീമുകളുടെയും ആരാധകര്‍ തങ്ങളുടെ ടീമിനായി ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു.     
           
Article, Sports, FIFA-World-Cup-2022, World, World Cup, Report, World, World Cup: South Korea beat Portugal, Switzerland beats Serbia.

കളിയുടെ അഞ്ചാം മിനിറ്റില്‍ത്തന്നെ റിക്കാര്‍ഡോ ഹോര്‍ട്ടയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ ലീഡ് നേടി. ഹാഫ്വേ ലൈനില്‍ നിന്ന് ലഭിച്ച ലോങ്ങ് പാസ്  ദലോട്ട് എടുത്ത് വലതുവിങ്ങിലൂടെ മുന്നോട്ട് കുതിച്ച് പോസ്റ്റിനടുത്തെത്തിയപ്പോള്‍ ഹോര്‍ട്ടയ്ക്ക് തളികയിലെന്നോണം പാസ് ചെയ്തു. നിമിഷാര്‍ദ്ധം കൊണ്ടുള്ള ഹോര്‍ട്ടയുടെ ഷോട്ട് ഡൈവ് ചെയ്ത ഗോളി കിം സെന്‍ ഗ്യുവിന്റെ ഇടതു ഭാഗത്തേക്ക് തുളച്ചു കയറി. പോര്‍ച്ചുഗല്‍ 1 - 0.   

ഗോള്‍ വീണത് കൂട്ടാക്കാതെ കൊറിയ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. പതിനേഴാം മിനിറ്റില്‍ കൊറിയ ഗോള്‍ തിരിച്ചടിച്ചതാണ്. ഗോളി കോസ്റ്റ തടുത്തിട്ടൊരു ക്രോസ്, കൊറിയന്‍ ഫോര്‍വേഡ് പോര്‍ച്ചുഗല്‍ വലയിലാക്കിയെങ്കിലും ലൈന്‍ റഫറി ഓഫ്സൈഡ് വിളിച്ചിരുന്നു. 
  
ഇരുപത്തിയേഴാം മിനിറ്റില്‍ കിം യങ് വോണാണ് കൊറിയക്ക് സമനില ഗോള്‍ നേടിയത്. ഒരു കൊറിയന്‍ കോര്‍ണറില്‍നിന്നും ബോക്‌സിലെത്തിയ പന്ത് നിരവധി പോര്‍ച്ചുഗല്‍ താരങ്ങള്‍ക്കിടയിലൂടെ കുതിച്ച്, തന്റെ ബാലന്‍സ് തെറ്റി വീഴുന്നതിനിടയില്‍ കിം യങ് വോണ് പോസ്റ്റിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. ഉജ്ജ്വല സമനില ഗോള്‍! 

കളിയുടെ നിയന്ത്രണം പോര്‍ച്ചുഗലിന്റെ കയ്യിലായിരുന്നെങ്കിലും, പോര്‍ച്ചുഗല്‍ ഗോള്‍മുഖത്തേക്ക് നിരവധി മുന്നേറ്റങ്ങളാണ് കൊറിയ നടത്തിയത്. കോസ്റ്റ പലപ്പോഴും രക്ഷകനായി. മറുഭാഗത്ത് പോര്‍ച്ചുഗലും ആക്രമിച്ച് കളിച്ചതോടെ മത്സരം ഉദ്വേകജനകമായി. 

അധികസമയത്തിന്റെ ആദ്യ മിനിറ്റിലാണ്, കൊറിയയുടെ വിധിനിര്‍ണ്ണയിച്ച ഗോള്‍. തങ്ങളുടെ ഹാഫില്‍നിന്നുള്ള ലോങ്ങ് പാസ് സ്വീകരിച്ച് കുതിച്ച സോങ്, ഹാങിന് പാസ് നല്‍കി. ഹ്വാങ് ഹീ ചാന്‍ മനോഹരമായൊരു ഗോളിലൂടെ കോസ്റ്റയെ കീഴടക്കി. കൊറിയയ്ക്ക് സ്വപ്ന വിജയം! 
------------------
ഇരു ടീമുകളും വിജയം തേടിയിറങ്ങിയ ഉറുഗ്വേ - ഘാന മത്സരം ഘാനയുടെ മുന്നേറ്റത്തോടെയാണ് തുടങ്ങുന്നത്. ആദ്യ മുന്നേറ്റങ്ങള്‍ ഘാനയുടെ ഭാഗത്തുനിന്നായിരുന്നു.

കളിയുടെ പതിനഞ്ചാം മിനിറ്റില്‍ ഒരു ഘാന മുന്നേറ്റത്തിനൊടുവില്‍ പോസ്റ്റിലേക്ക് കുതിക്കുന്ന മുഹമ്മദ് ഖുദ്സിനെ ഗോള്‍ രക്ഷാ ശ്രമത്തിനിടെ ഉറുഗ്വേ ഗോള്‍കീപ്പര്‍ സെര്‍ജിയോ റോഷെറ്റ് തട്ടിയിട്ടതിന് വാര്‍ പരിശോധിച്ച റഫറി പെനാല്‍റ്റി വിധിച്ചു. ലീഡ് നേടാനുള്ള സുവര്‍ണ്ണാവസരം പക്ഷെ, കിക്കെടുത്ത ആന്ദ്രേ ആയു നഷ്ടപ്പെടുത്തി. ആയുവിന്റെ അടി സെര്‍ജിയോ റോഷെറ്റ് ഇടത്തോട്ട് ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഘാനയ്ക്ക് ഒരു സമനിലയിലേക്കും അതുവഴി പ്രീ ക്വാര്‍ട്ടറിലേക്കും വഴി തുറക്കുമായിരുന്ന ഗോളാണ് നഷ്ടമായത്. 

പിന്നാലെ ഉറുഗ്വേ ആക്രമണം തുടങ്ങി. തങ്ങളുടെ പ്രതാപത്തിനും കേളീ ശൈലിക്കുമൊത്ത കളി ഉറുഗ്വേ പുറത്തെടുത്തതോടെ മത്സരം അവരുടെ വരുതിയിലായി. പിന്നെ തുടരെത്തുടരെ രണ്ടു ഗോളുകള്‍..

ഇരുപത്തിരണ്ടാം മിനിറ്റില്‍ ഘാന ഗോള്‍കീപ്പര്‍ സിഗിയെയും കടന്ന് ഡാര്‍വിന്‍ നുനേസ് പോസ്റ്റിലേക്കടിച്ച പന്ത് പോസ്റ്റ് ലൈനില്‍വച്ച് ഘാനാ ബാക്ക് പുറത്തേക്കടിച്ചു രക്ഷപ്പെടുത്തി.  
ഇരുപത്താറാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ആദ്യ അടി സിഗി തടുത്തുവെങ്കിലും, റീബൗണ്ട് ഉഗ്രനൊരു ഷോട്ടിലൂടെ ഡി അരാസ്‌കെറ്റ പോസ്റ്റില്‍ അടിച്ചു കയറ്റി. 

ആറ് മിനിറ്റിനകം അരാസ്‌കെറ്റ ടീമിനായി തന്റെ രണ്ടാമത്തെ ഗോളും നേടി. മാറിമറിയുള്ള പാസ്സുകള്‍ക്കൊടുവില്‍ ഉജ്ജലമായൊരു വലങ്കാലനടിയിലൂടെ അരാസ്‌കെറ്റ വീണ്ടും ഘാനയുടെ വലകുലുക്കുകയായിരുന്നു. 
 
രണ്ടു ഗോളുകള്‍ വീണതോടെ ഘാന തളര്‍ന്നതായിത്തോന്നി. ടീമിന് ആവേശമേകാന്‍ താള വാദ്യങ്ങളുമായി, പാട്ടും ഡാന്‍സുമായി സ്റ്റേഡിയത്തില്‍ നിറഞ്ഞിരുന്ന ഘാന കാണികള്‍, ടീം രണ്ടു ഗോളുകള്‍ വഴങ്ങിയതോടെ നിശബ്ദമായി.

രണ്ടാം പകുതിയില്‍ പക്ഷെ, ഒരു ഗോള് നേടാനുള്ള കിണഞ്ഞ ശ്രമവുമായാണ് ഘാന കളിച്ചത്. ലീഡ് വര്‍ധിപ്പിക്കാന്‍ ഉറുഗ്വേയും ശ്രമിച്ചതോടെ കളി മുറുകി. ഒരു ഗോള്‍ കൂടി അടിച്ചിരുന്നെങ്കില്‍ ഉറുഗ്വേയ്ക്ക് അന്തിമ പതിനാറില്‍ ഇടം കിട്ടുമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. 
 
മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കു ഘാനയെ തകര്‍ത്തിട്ടും ഘാനയോടൊപ്പം ഉറുഗ്വേയും പുറത്തേക്ക്! 
------------------
പ്രാഥമിക റൗണ്ടിലെ അട്ടിമറിയുടെ അവസാന ഖണ്ഡത്തില്‍ കാമറൂണ്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ തോല്‍പിച്ചു. എന്നാല്‍ അട്ടിമറി ജയം കൊണ്ടും കാമറൂണിന് രണ്ടാം റൗണ്ടില്‍ കടക്കാനായില്ല. ഉജ്ജ്വലമായ മറ്റൊരു മത്സരത്തില്‍ സ്വിട്‌സര്‌ലാന്ഡ് സെര്‍ബിയയെ 3 - 2 ന് തോല്‍പിച്ചതോടെ സ്വിറ്റ്സര്‍ലാന്‍ഡ് ബ്രസീലിനൊപ്പം രണ്ടാം റൗണ്ടിലെത്തി. കാമറൂണും സെര്‍ബിയയും പുറത്തായി.  

നേരത്തെ തന്നെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്ന ബ്രസീലിനായി റിസര്‍വ്വ് കളിക്കാരെയൊക്കെ കോച്ച് രംഗത്തിറക്കിയെങ്കിലും മത്സരത്തില്‍ ബ്രസീലിയന്‍ ആധിപത്യം സമ്പൂര്ണമായിരുന്നു. എന്നാല്‍ ഇടയ്ക്കിടെ ഗോള്‍ നീക്കങ്ങളുമായി വേഗമുള്ള കാമറൂണ്‍ ഫോര്‍വേഡുകള്‍ ബ്രസീല്‍ ഗോള്‍മുഖം അറ്റാക്ക് ചെയ്തുകൊണ്ടിരുന്നു. 

എന്നാല്‍ ബ്രസീല്‍ ആക്രമണങ്ങളുടെ മാലപ്പടക്കത്തിന് തീ കൊളുത്തി. നിരവധി ഗോളെന്നുറച്ച ആക്രമണങ്ങള്‍ നടത്തിയെങ്കിലും, ബ്രസീലിന് ഒരു ഗോള്‍ മാത്രം നേടാനായില്ല. എണ്ണം പറഞ്ഞ ഒരു ഡസനോളം സേവുകള്‍ നടത്തിയ കാമറൂണ്‍ ഗോള്‍കീപ്പര്‍ ഡെവിസ് എപ്പാസിയായിരുന്നു കാമറൂണിന്റെ വിജയ ശില്‍പ്പി. പലപ്പോഴും എപ്പസിയും പത്ത് ബ്രസീല്‍ കളിക്കാരും തമ്മിലായിരുന്നു പോരാട്ടം!

തൊണ്ണൂറ് മിനിറ്റും പിന്നിട്ട് അധിക സമയത്തിന്റെ മൂന്നാം മിനിറ്റിലാണ് ബ്രസീല്‍ വല കുലുക്കിയ ഉജ്ജ്വല ഗോള്‍ പിറന്നത്. ഒരു പ്രതിരോധവും അപ്രതിരോധ്യമല്ല എന്ന് വീണ്ടും തെളിയിച്ച ഗോള്‍. കാമറൂണിന്റെ സൂപ്പര്‍ ഫോര്‍വേഡ് വിന്‍സന്റ് അബൂബക്കറാണ് എന്‍ഗോം എംബെക്കെല്ലിയുടെ ഉജ്വല ക്രോസിന് തലവച്ച് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ കാമറൂണിന്റെ ഗോള്‍ നേടിയത്. 

ഗോള്‍ നേടിയ ആവേശത്തില്‍ ഗ്രൗണ്ടിന്റെ അറ്റത്തേക്ക് ഓടിപ്പോയി തന്റെ ടി ഷര്‍ട്ട് ഊരിയ വിന്‌സന്റിന് റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചു. നേരത്തെ ഒരു മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ ചുവപ്പു കാര്‍ഡും! എന്നാല്‍ അതുകൊണ്ട് ബ്രസീലിന് പ്രയോജനമൊന്നുമുണ്ടായില്ല. 

അത്യാവേശമുണര്‍ത്തിയ മറ്റൊരു മത്സരത്തില്‍ ഉജ്ജ്വലമായി പൊരുതിയ സെര്‍ബിയയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സ്വിറ്റ്സര്‍ലാന്‍ഡ് തോല്‍പിച്ചത്. ഗോളുകളെല്ലാം തകര്‍പ്പനായിരുന്നു. 

സെര്‍ബിയയുടെ നിയന്ത്രണത്തിലായിരുന്നു തുടക്കത്തില്‍ കളി. സ്വിസ്സ് ഗോള്‍പോസ്റ്റിലേക്കവര്‍ മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെ, കളിയുടെ ഗതിക്കെതിരായി സ്വിറ്റ്സര്‍ലാന്‍ഡ് ആദ്യ ഗോളടിച്ചു. ബോക്‌സിനകത്തേക്ക് ലഭിച്ച പാസ് സ്വീകരിച്ച് ഷാക്കിരി പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് ഷോട്ട് പായിച്ചു. 

അലക്സാണ്ടര്‍ മിത്രോവിച്ചിന്റെ മനോഹരമായ ഹെഡ്ഡര്‍ ഗോളിലൂടെ ഗോള്‍ മടക്കിയ സെര്‍ബിയ, മിനിറ്റുകള്‍ക്കകം വ്‌ലാവോവിച്ചിലൂടെ ലീഡ് നേടി. പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് ഇടങ്കാലടി. 
എന്നാല്‍ സ്ട്രൈക്കര്‍ എംബോളോയിലൂടെ സ്വിറ്റ്സര്‍ലാന്‍ഡ് തിരിച്ചടിച്ചു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റെമോ ഫ്ര്യൂളറിലൂടെ സ്വിറ്റ്സര്‍ലാന്‍ഡ് ലീഡ് നേടി. ഗോള്‍ തിരിച്ചടിക്കാനുള്ള സെര്‍ബ് ശ്രമങ്ങളൊന്നും വിലപ്പോയില്ല. ഇടയ്ക്ക് കളി കയ്യാങ്കളിയോളമെത്തി. 

വിജയത്തോടെ സ്വിറ്റ്സര്‍ലാന്‍ഡ് പോയിന്റില്‍ ബ്രസീലിനൊപ്പമെത്തിയെങ്കിലും മികച്ച ഗോള്‍ നിരക്കില്‍ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി. 

Keywords: Article, Sports, FIFA-World-Cup-2022, World, World Cup, Report, World, World Cup: South Korea beat Portugal, Switzerland beats Serbia.

Post a Comment