Follow KVARTHA on Google news Follow Us!
ad

Goals | പോര്‍ച്ചുഗലിന്റെ തേരോട്ടം കണ്ട മത്സരത്തില്‍ തുണയായത് യുവ മുന്നേറ്റതാരം ഗോണ്‍കാലോ റാമോസിന്റെ ഹാട്രിക്

(www.kvatha.com) ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന അവസാന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ന്റിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്തു പോര്‍ച്ചുഗല്‍ അവസാന എട്ടില്‍ ഇടം പിടിച്ചു. ഉടനീളം പോര്‍ച്ചുഗലിന്റെ തേരോട്ടം കണ്ട മത്സരത്തില്‍ യുവ മുന്നേറ്റതാരം ഗോണ്‍കാലോ റാമോസിന്റെ ഹാട്രിക് ആണ് പോര്‍ച്ചുഗലിന് തുണയായത്. പെപ്പെ, റാഫേല്‍ ഗുറെയ്റോ, റാഫേല്‍ ലിയോ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. പ്രതിരോധതാരം മാനുവല്‍ അകാന്‍ജിയാണ് സ്വിറ്റ്‌സര്‍ലാന്റിന്റെ ആശ്വാസ ഗോള്‍ നേടിയത്.

പെനാല്‍റ്റി ഷൂട്ടൗട്ടോളം നീണ്ട ഇന്നലത്തെ ആദ്യ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ അട്ടിമറിച്ച മൊറോക്കോയാണ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍. 

Article, News, Sports, World Cup, FIFA-World-Cup-2022, Portugal defeats Switzerland 6-1 to reach World Cup quarter-finals.

സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കാതെ ബഞ്ചിലിരുത്തിയുള്ള കോച്ച് ഫെര്‍ണാണ്ടൂര്‍ സാന്‍ഡോസിന്റെ തീരുമാനം കാണികളെയും പോര്‍ച്ചുഗലിന്റെ ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു. എന്നാല്‍ കോച്ചിനെ പൂര്‍ണ്ണമായും ശരിവെക്കുന്ന ഉജ്ജ്വല പ്രകടനമാണ് പകരം ഇറങ്ങിയ 21 കാരന്‍ റാമോസ് നടത്തിയത്. പോര്‍ച്ചുഗലിന് ഒരു പുത്തന്‍ താരോദയം! മത്സരത്തിനിടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രികും നേടി ഗോണ്‍സാലോ റാമോസ്.
               
Article, News, Sports, World Cup, FIFA-World-Cup-2022, Portugal defeats Switzerland 6-1 to reach World Cup quarter-finals.

വിജയം അനിവാര്യമായ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ സെര്‍ബിയയെ തോല്‍പ്പിച്ച സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ നിഴലാണ് ഇന്നലെ കണ്ടത്. തുടക്കം മുതലുള്ള പോര്‍ച്ചുഗലിന്റെ നിരന്തര ആക്രമണത്തില്‍ സ്വിസ് പട പകച്ചു പോയിരുന്നു.

റാമോസിന്റെ ആദ്യ ഗോള്‍ എണ്ണം പറഞ്ഞതായിരുന്നു. 
ഗോളിക്കും പോസ്റ്റിനും ഇടയില്‍ ഗ്യാപ്പില്ലാത്ത, അത്രയും പ്രയാസകരമായ ആംഗിളില്‍ നിന്ന് നേടിയ ആ ഗോള്‍ ശരിക്കും സ്വിറ്റ്‌സര്‍ലാന്‍ഡിനെ തളര്‍ത്തിക്കളഞ്ഞു.. ജാവോ ഫെലിക്‌സ് പാസ് നല്‍കിയ പന്തുമായി പോസ്റ്റിന്റെ വലതു മൂലയിലൂടെ റാമോസ് കുതിക്കുമ്പോള്‍ പോസ്റ്റിന് മുട്ടിയുരുമ്മി തന്നെ ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ നിലയുറപ്പിച്ചിരുന്നു എന്നാല്‍ ഉഗ്രന്‍ ഒരു ഷോട്ടിലൂടെ റാമോസ് സോമറെ കീഴടക്കി. ലുസൈല്‍ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു.

പോര്‍ച്ചുഗലിന്റെ പ്രായം തളര്‍ത്താത്ത സീനിയര്‍ താരം പെപ്പെയുടെ ഉജ്ജ്വല ഹെഡ്ഡറിലൂടെയായിരുന്നു രണ്ടാം ഗോള്‍. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ കോര്‍ണറില്‍ നിന്ന് 39 കാരനായ പെപ്പെ സ്വിസ് പ്രതിരോധത്തിന് മുകളിലൂടെ ഉയര്‍ന്ന് ചാടി തകര്‍പ്പന്‍ ഹെഡറിലൂടെ ഗോള്‍ നേടി. ഒപ്പം, ലോകകപ്പ് നോക്കൗട്ട് സ്റ്റേജില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. കാമറൂണിന്റെ റോജര്‍ മില്ല മാത്രമാണ് മുമ്പിലുള്ളത്. കാമറൂണിന് വേണ്ടി ഗോള്‍ നേടുമ്പോള്‍ മില്ലയുടെ പ്രായം 42! ഇനിയൊരു പക്ഷെ ഒരാളും തകര്‍ക്കാനിടയില്ലാത്ത റെക്കോര്‍ഡ്! 

കളിയുടെ അമ്പതാം മിനിറ്റില്‍ റാമോസ് തന്റെ രണ്ടാം ഗോള്‍ നേടി. ഡിയാഗോ ഡാലോട്ടിന്റെ ക്രോസ്സ് റാമോസ് സ്വിസ് വലയിലാക്കി. റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിന്റെ നാലാമത്തെ ഗോള്‍ നേടിയത്. തകര്‍പ്പന്‍ ഷോട്ടിലൂടെ സ്വിസ് വലയിളക്കിയ ഗോള്‍.  

ഇതിനിടെ കളിയുടെ അമ്പത്തെട്ടാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലാന്റ് ഒരു ഗോള്‍ തിരിച്ചടിച്ചു! തങ്ങള്‍ക്കനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍നിന്നും പ്രതിരോധതാരം മാനുവല്‍ അകാന്‍ജിയാണ് സ്വിറ്റ്‌സര്‍ലാന്റിന്റെ ആശ്വാസ ഗോള്‍ നേടിയത്.

66 - ആം മിനിറ്റില്‍ റാമോസ് ഹാട്രിക്ക് തികച്ചു. ഫെലിക്‌സില്‍നിന്നും ലഭിച്ച പന്ത് റാമോസ് സോമര്‍ക്കു മുകളിലൂടെ ചിപ്പ് ചെയ്യുകയായിരുന്നു. 
 
76 - ആം മിനിറ്റില്‍ കാണികളുടെ ആരവങ്ങളേറ്റുവാങ്ങി റൊണാള്‍ഡോ പകരക്കാരനായി ഇറങ്ങി. മൈതാന മധ്യത്തില്‍നിന്നും സ്വീകരിച്ച പന്തുമായി റൊണാള്‍ഡോ സ്വിസ് വല കുലുക്കിയെങ്കിലും ഓഫ്സൈഡായിരുന്നു. 
 
കളി അവസാനിക്കാനിരിക്കെ 91-ആം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ പട്ടിക പൂര്‍ത്തിയാക്കി റാഫേല്‍ ലിയോ നേടിയത് തകര്‍പ്പന്‍ ഗോളായിരുന്നു. ലെഫ്റ്റ് വിങ്ങിലൂടെ പന്തുമായി കുതിച്ചു വന്ന്, ബോക്‌സിന്റെ ഇടതു മൂലയില്‍നിന്നും പായിച്ച ഉഗ്രന്‍ വലങ്കാലനടി, മൂളിപ്പറന്ന് വലതു പോസ്റ്റിലേക്ക് താണിറങ്ങുന്നത് നോക്കിയിരിക്കാനേ ഗോള്‍ കീപ്പര്‍ യാന്‍ സോമറിനാവുമായിരുന്നുള്ളൂ..

മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ഗോണ്‍സലോ റാമോസിനെയും ജോവോ കാന്‍സെലോയ്ക്ക് പകരം റാഫേല്‍ ഗുറെയ്റോ ഇറക്കാനുള്ള പോര്‍ച്ചുഗീസ് കോച്ച് ഫെര്‍ണാണ്ടോ സാന്റോസിന്റെ തീരുമാനങ്ങള്‍ തീര്‍ത്തും വിജയകരമായി. റാമോസ് ഹാട്രിക്ക് നേടിയപ്പോള്‍ ഗുറെയ്റോ ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. റാമോസാവട്ടെ, തന്റെ ആദ്യ അന്താരാഷ്ട്ര ഹാട്രിക് നേട്ടം തന്നെ ലോകക്കപ്പിലാക്കി! 

ഡിസംബര്‍ പത്തിന് ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയെ നേരിടും. 

അവസാന ടീമായി പോര്‍ച്ചുഗലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതോടെ ഖത്തര്‍ ലോകക്കപ്പിലെ തീപാറുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ലൈനപ്പായി. ടൂര്‍ണമെന്റിലെ ഫൈനല്‍ എന്നു വിളിക്കാവുന്ന രണ്ടു മത്സരങ്ങള്‍ ഇക്കുറി ക്വാര്‍ട്ടറിലുണ്ട്. അര്‍ജന്റീനയും ഹോളണ്ടും തമ്മിലും, ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മിലും.

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും വെള്ളിയാഴ്ച ക്രൊയേഷ്യ ബ്രസീലിനെയും ഹോളണ്ട് അര്‍ജന്റീനയെയും നേരിടും. ശനിയാഴ്ചത്തെ മത്സരങ്ങളില്‍ മൊറോക്കോ പോര്‍ച്ചുഗലിനെയും ഇംഗ്ലണ്ട് ഫ്രാന്‍സിനേയും നേരിടും.

Report: MUJEEBULLA K V

Keywords: Article, News, Sports, World Cup, FIFA-World-Cup-2022, Portugal defeats Switzerland 6-1 to reach World Cup quarter-finals.

Post a Comment