പയ്യാവൂര്‍: (www.kvartha.com) ഉളിക്കലില്‍ ഇറങ്ങിയ കടുവയ്ക്ക് പുറമേ പയ്യാവൂരിനടുത്തെ എരുവേശിയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. ഏരുവേശ്ശി പുറഞ്ഞാണിലും വഞ്ചിയം പഞ്ഞിക്കവല അങ്കണവാടിക്ക് സമീപവുമാണ് പുലിയിറങ്ങിയതായി പ്രദേശവാസികള്‍ പറയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് വഞ്ചിയം പഞ്ഞിക്കവലയിലെ കോട്ടി രാഘവന്റെ വീട്ടിലെ ഗര്‍ഭിണിയായ ആടിനെ കടിച്ചുകൊന്നത്. വീട്ടുമുറ്റത്തെ കൂട്ടില്‍നിന്ന് കടിച്ചുകൊണ്ടുപോയി കുന്നിന്‍മുകളിലെ പറമ്പില്‍വെച്ച് തലഭാഗം കഴിച്ചശേഷം ഉടല്‍ ഉപേക്ഷിക്കുകയായിരുന്നു.
കൂട്ടിലുണ്ടായിരുന്ന മറ്റ് ആടുകളെ ഉപദ്രവിച്ചിട്ടില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും കുടിയാന്‍മല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇത്രയും വലിയ ആടിനെ കൂട്ടില്‍ നിന്ന് കടിച്ചെടുത്ത് കൊണ്ടുപോയതിനാല്‍ പുലിയോ തുല്യശക്തിയുള്ള മറ്റ് ജീവിയോ ആവാമെന്നാണ് വനപാലകരുടെ നിഗമനം. കാല്‍പ്പാടുകളൊന്നും കണ്ടെത്തിയിട്ടുമില്ല.
പിന്നാലെ ചെമ്പേരി പുറഞ്ഞാണിലെ ഈട്ടിക്കല്‍ ബിജുവിന്റെ വീടിനടുത്ത പറമ്പില്‍ പുലിയെ കണ്ടതായും പറയുന്നുണ്ട്. ബിജുവിന്റെ ഭാര്യയാണ് പുലിയെ കണ്ടത്. ഇവിടെയും വനപാലകര്‍ പരിശോധന നടത്തി. ഏരുവേശ്ശി പഞ്ചായത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവലും സ്ഥലം സന്ദര്‍ശിച്ചു. ഭീതി വേണ്ടെന്നും ജാഗ്രത കാട്ടണമെന്നും മറ്റ് നടപടികള്‍ അധികൃതര്‍ സ്വീകരിക്കുമെന്നും പഞ്ചായത് പ്രസിഡന്റ് പറഞ്ഞു. ഭീതി പടരുന്ന സാഹചര്യത്തില്‍ വലിയ കൂടുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Keywords: News, Kerala, Animals, attack, tiger, Leopard, Kannur: Fear of attacks by leopards.