ഇരിട്ടി: (www.kvartha.com) കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിയായ കൂട്ടുപുഴ ചെക് പോസ്റ്റില്‍ സിന്തറ്റിക്ക് മയക്കുമരുന്ന് ശേഖരം പിടികൂടി. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട എസ് എം ജസീര്‍(42) ശമീര്‍(39) എന്നിവരെ പൊലീസ് പിടികൂടി. കൂട്ടുപുഴയില്‍ പൊലീസ് നടത്തിയ എംഡിഎ വേട്ടയിലാണ് മയക്കുമരുന്നുമായി കുടുങ്ങിയത്. കണ്ണൂര്‍ റൂറല്‍ പൊലീസ് പരിധിയിലാണ് മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇരിട്ടി കൂട്ടുപുഴ പാലത്തിന് സമീപത്തുവച്ച് നടത്തിയ വാഹന പരിശോധനയിലാണ് വ്യാഴാഴ്ച പുലര്‍ചെ വിപണിയില്‍ പത്തുലക്ഷം രൂപ വിലവരുന്ന 300ഗ്രാം എംഡിഎയുമായി യുവാക്കള്‍ പിടിയിലായത്. കണ്ണൂര്‍ റൂറല്‍ പൊലീസ് നിയന്ത്രണത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും(ഡാന്‍സെഫ്) ഇരിട്ടി പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡിലാണ് യുവാക്കളെ കണ്ടെത്തിയത്. ഇവര്‍ ബംഗ്ളൂരില്‍ നിന്നും മാരകമയക്കുമരുന്നായ എംഡിഎംഎ വാങ്ങി കണ്ണൂര്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ വില്‍പനയ്ക്കായി കൊണ്ടുവരികെയാണ് പിടിയിലായത്.
പ്രതികള്‍മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഹുണ്ടായി ക്രറ്റ കാറും പൊലീസ് പിടിച്ചെുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ എംഡിഎംഎയുടെ മൊത്തവിതരണക്കാരില്‍ പ്രധാനിയാണ് പൊലീസ് പിടിയിലായ ജാസിറെന്നാണ് വിവരം. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ബെംഗ്ളൂറിലുളള നൈജീരിയക്കാരില്‍ നിന്നും എംഡിഎംഎ നേരിട്ടുവാങ്ങി കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കിടെയിലും യുവാക്കള്‍ക്കിടെയിലും വിതരണം ചെയ്തുവരികയായിരുന്നു. ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതിന്റെ സൂചനകള്‍ ലഭിച്ച ഡാന്‍സെഫ് കഴിഞ്ഞ ഒരുമാസമായി പ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.
Keywords: News, Kerala, Arrest, Arrested, Seized, Police, Drugs, Iritty: Youths arrested with drugs.