ഇരിട്ടി: (www.kvartha.com) അയ്യന്‍കുന്ന് ഗ്രാമപഞ്ചായതിലെ പാലത്തുംകടവില്‍ കാട്ടാന ആക്രമണം. കൊച്ചുവേലിക്കകത്ത് ബാബുവിന്റെ ഓടോറിക്ഷ ആക്രമണത്തില്‍ നശിപ്പിച്ചു. വ്യാപകമായി കാര്‍ഷികവിളകളും നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് കാട്ടാന ബാബുവിന്റെ ഓടോറിക്ഷ തകര്‍ത്തത്. പാലത്തുംകടവ് കരിമല റോഡരികില്‍ നിര്‍ത്തിയിട്ട ഓടോറിക്ഷ കാട്ടാന കുത്തിമറിച്ചിട്ട് തകര്‍ക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
ഈ മേഖലയില്‍ വ്യാപകമായി വാഴ, തെങ്ങ്, കുരുമുളക് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളും നശിപ്പിച്ചു. വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ചിരുന്ന പൈപുകള്‍ക്കും കാട്ടാന നാശം വരുത്തിയതായും പരാതിയുണ്ട്. ജയ്സണ്‍ പുരയിടം, സജി കല്ലുമ്മേപുറത്ത്, ജോളി വാവച്ചന്‍, കൊരക്കാല ബിജു എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. ബാബുവിന്റെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു തകര്‍ക്കപ്പെട്ട ഓടോറിക്ഷ.
വനാതിര്‍ത്തിയിലെ സോളാര്‍ ഫെന്‍സിംഗ് പൂര്‍ത്തിയാക്കാത്തതും, പൂര്‍ത്തിയായവ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമാണ് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജനപ്രതിനിധികളും ഫോറസ്റ്റ് ഡെപ്യൂടി റേഞ്ചര്‍ കെ ജിജില്‍ ഉള്‍പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Keywords: News, Kannur, attack, Elephant attack, Agriculture, Iritty: Elephant attack in Ayyankunnu.