Follow KVARTHA on Google news Follow Us!
ad

ഫ്രാന്‍സിനെ ഞെട്ടിച്ച് ട്യുണീഷ്യയ്ക്ക് തലയെടുപ്പോടെ മടക്കം; ഡെന്മാര്‍ക്കും പുറത്ത്, ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറില്‍

Defeat to world champions France; Despite the win, Tunisia is out, Australia in the pre-quarters #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
- മുജീബുല്ല കെ വി 

(www.kvartha.com) അല്‍ റയ്യാനിലെ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഞെട്ടിച്ച് ടുണീഷ്യ! കളിയുടെ അമ്പത്തേഴാം മിനിറ്റില്‍ ട്യുണീഷ്യയുടെ ഇന്നത്തെ പ്‌ളേമേക്കര്‍ സ്ട്രൈക്കര്‍ വഹ്ബി ഖസ്രിയാണ് നിര്‍ണ്ണായക ഗോള്‍ നേടിയത്. 

എന്നാല്‍ ഗ്രൂപ്പിലെ നിര്‍ണ്ണായകമായ മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയ ഡെന്മാര്‍ക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചതോടെ, ഡെന്മാര്‍ക്കിനൊപ്പം ട്യുണീഷ്യയും പുറത്തായി. നേരത്തെതന്നെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്ന ഫ്രാന്‍സിനൊപ്പം രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും ചേര്‍ന്നു. 

Article, Sports, World, Report, FIFA-World-Cup-2022, World Cup, Defeat to world champions France; Despite the win, Tunisia is out, Australia in the pre-quarters.

തുനീഷ്യന്‍ ടീമിലെ 26 കളിക്കാരില്‍ പത്തുപേര്‍ ഫ്രാന്‍സില്‍ ജനിച്ചവരാണ്. 
എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പന്തുരുണ്ടു തുടങ്ങുമ്പോള്‍ തന്നെ കണ്ടത് ഫ്രാന്‍സിനോട് പൊരുതാനുറച്ചിറങ്ങിയ തുനീഷ്യയെ. കളിയുടെ നാലാം മിനിറ്റില്‍ തന്നെ അവര്‍ക്ക് കോര്‍ണരും ലഭിച്ചു. 

ഏഴാം മിനിറ്റില്‍ തന്നെ തുനീഷ്യ ഫ്രാന്‍സ് വല കുലുക്കിയതാണ്. വഹ്ബി ഖസ്രിയെടുത്ത ഫ്രീ കിക്ക് പ്രതിരോധ താരം നാദിര്‍ നിലം തൊടുംമുന്നേ അടിച്ച് ഫ്രാന്‍സ് വലയില്‍ കയറ്റിയെങ്കിലും, ലൈന്‍ റഫറി ഓഫ്സൈഡ് വിളിച്ചിരുന്നു.

തലങ്ങും വിലങ്ങും മുന്നേറിക്കളിച്ച തുനീഷ്യന്‍ താരങ്ങള്‍ നിരവധി അവസരങ്ങളും സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഒന്നാം പകുതിയില്‍ ഏറെയും ഫ്രാന്‍സ് പകുതിയില്‍ തന്നെയായിരുന്നു കളി. വഹ്ബി ഖസ്രിയും ആനിസും മുഹമ്മദലി ബെന്നും അടങ്ങിയ തുനീസ് മുന്നേറ്റ നിര നിരവധി ആക്രമണങ്ങള്‍ നടത്തി. പക്ഷെ, ഫ്രാന്‍സ് പ്രതിരോധം ഭേദിക്കാന്‍ മാത്രമായില്ല. ഇബ്രാഹിമാ കൊനാത്തെയും റാഫേല്‍ വരാനെയും അക്‌സല്‍ ദിസാസിയുമടങ്ങിയ ഫ്രഞ്ച് പ്രതിരോധം പക്ഷെ അഭേദ്യമായി നിലകൊണ്ടു. ബാറിനു കീഴെ ഗോള്‍കീപ്പര്‍ സ്റ്റീവും ഉജ്ജ്വല ഫോമിലായിരുന്നു.    
               
Article, Sports, World, Report, FIFA-World-Cup-2022, World Cup, Defeat to world champions France; Despite the win, Tunisia is out, Australia in the pre-quarters.

 25-ആം മിനിറ്റില്‍ ഫ്രഞ്ച് മുന്നേറ്റം കണ്ടു. കോമാന്റെ ഷോട്ട് ഗോള്‍പോസ്റ്റിന് പുറത്തേക്ക്. 28-ആം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ കോമാനെ ഫൗള്‍ ചെയ്തതിന് തുനീഷ്യയുടെ വജ്ദി മഞ്ഞക്കാര്‍ഡ് കണ്ടു. പതിയെ മത്സരത്തിന്റെ നിയന്ത്രണം ഫ്രാന്‍സ് കയ്യിലെടുക്കുന്നുണ്ടായിരുന്നു. 
എന്നാല്‍ ടുണീഷ്യ ആക്രമണങ്ങള്‍ തുടര്‍ന്നു. ബോക്‌സിന് വാരകള്‍ക്ക് പുറത്തുനിന്നുള്ള വഹ്ബിയുടെ ശക്തമായ അടി ഫ്രാന്‍സ് ഗോളി സ്റ്റീവ് പണിപ്പെട്ട് കയ്യിലൊതുക്കി. 

ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍. 

വഹ്ബി ഖസ്രിയുടെ മുന്നേറ്റത്തോടെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. ഖസ്രിയെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ടുണീഷ്യന്‍ കളിക്കാര്‍ പെനാല്‍റ്റിക്ക് വാദിച്ചെങ്കിലും, റഫറി വഴങ്ങിയില്ല. ഫ്രാന്‍സും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍മണമുള്ള നീക്കങ്ങളുണ്ടായില്ല.    

കളിയുടെ അമ്പത്തിയേഴാം മിനിറ്റില്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് ടുണീഷ്യന്‍ ഗോള്‍ പിറന്നു. വഹ്ബി ഖസ്രി രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിച്ച് ബോക്‌സിനകത്ത് കയറി ഇടംകാലുകൊണ്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് പന്തടിച്ചു കയറ്റിയപ്പോള്‍, ഉടനീള ഡൈവ് ചെയ്ത ഗോള്‍കീപ്പര്‍ നിസ്സഹായനായി.
ഗോള്‍....! 

ഈ ലോകകപ്പിലെ ട്യുണീഷ്യയുടെ ആദ്യ ഗോള്‍! ഗോളിന് പിന്നാലെ, പരിക്കുമായി കളിച്ച വഹ്ബി ഖസ്രിയെ കോച്ച് പിന്‍വലിച്ചു.   

റിസര്‍വ്വ് ബെഞ്ചിനെ മുഴുവന്‍ പരീക്ഷിച്ചിരുന്ന ഫ്രാന്‍സ്, സൂപ്പര്‍ താരം എംബാപ്പയെ അടക്കം കളത്തിലിറക്കി ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിലായി. അവസാന നിമിഷങ്ങളും, അധിക സമയവും പൂര്‍ണ്ണമായും ഫ്രാന്‍സ് നിയന്ത്രണത്തിലായിരുന്നു. എവിടെയും എംബാപ്പെ. 92-ആം മിനിറ്റില്‍ എംബാപ്പെയുടെ ഫ്രീ കിക്ക് പ്രതിരോധ മതിലില്‍ തട്ടി വീണു. റീബൗണ്ട് വീണ്ടും എംബാപ്പെ. 

ഒടുവില്‍ അധിക സമയത്തിന്റെ എട്ടാം മിനിറ്റില്‍ ഫ്രാന്‍സ് ഗോള്‍ തിരിച്ചടിച്ചു. ഒരു ക്രോസില്‍നിന്ന് ഗ്രീസ്മാനാണ് സമനില ഗോള്‍ നേടിയത്. എന്നാല്‍ നിമിഷങ്ങള്‍ കഴിഞ്ഞ് ഢഅഞ പരിശോധന നടത്തിയ റഫറി, ഗോള്‍ അനുവദിച്ചില്ല. 

ഗ്രൂപ്പ് ഡി ജേതാക്കളായി ഫ്രാന്‍സ് മുന്നേറുമ്പോള്‍, ഫിഫ നാലാം റാങ്കുകാരായ നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്ത അട്ടിമറി ജയത്തിന്റെ തലയെടുപ്പോടെ തുനീഷ്യ പുറത്തേക്ക്.. ഓസ്ട്രേലിയയോട് ഏക ഗോളിന് തോറ്റതിന് അവര്‍ക്ക് വലിയ വില നല്‍കേണ്ടി വന്നു.  
സമാന്തരമായി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഓസ്ട്രേലിയയുടെ ജയം.  
വിജയം മാത്രം ലക്ഷ്യമാക്കിയാണ് ഡെന്മാര്‍ക്ക് ഇന്ന് കളിക്കാനിറങ്ങിയത്. 2018 ലെ ലോകകപ്പില്‍ ഇരു ടീമുകളും പരസ്പ്പരം ഏറ്റുമുട്ടിയപ്പോള്‍ 1 - 1 ന് സമനിലയായിരുന്നു ഫലം. 

ആക്രമണ ഫുട്ബോളിന്റെ കെട്ടഴിച്ചു വിടുന്ന ഡെന്മാര്‍ക്കിനെയാണ് കണ്ടത്. മാര്‍ട്ടിന്‍ ബ്രെയ്ത്ത്വെയ്റ്റും ആന്ദ്രേസ് ഓള്‍സനും മത്തിയാസ് ജെന്‍സനും ചേര്‍ന്ന മുന്നേറ്റനിര ഓസ്ട്രേലിയന്‍ പ്രതിരോധത്തിന് വിശ്രമമില്ലാത്ത ഒന്നാം പകുതിയാണ് സമ്മാനിച്ചത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഡെന്മാര്‍ക്കിനനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. ഓള്‍സന്റെ ഫ്രീകിക്ക് ഓസീസ് പ്രതിരോധം തട്ടിയകറ്റി. പിന്നാലെ ഫോര്‍വേഡ് ജെസ്പര്‍ ലിന്‍ഡ്‌സ്റ്റോമിന്റെ ക്രോസ്സ് നേരെ റയാന്റെ കൈകളിലേക്ക്.  

വിങ്ങുകളിലൂടെയുള്ള ആന്ദ്രേസ് ഓള്‍സന്റെ നിരന്തര മുന്നേറ്റങ്ങള്‍ ഓസീസ് പ്രതിരോധ നിരയ്ക്ക് ഭീഷണിയുയര്‍ത്തി. എന്നാല്‍ ഗോള്‍കീപ്പര്‍ മാത്യു റിയാന്റെ സേവുകള്‍ അവര്‍ക്ക് രക്ഷയായി. 
 
ഈ ഘട്ടത്തില്‍ ഡെന്മാര്‍ക്കിനായിരുന്നു കളിയില്‍ വ്യക്തമായ മുന്‍തൂക്കം. ഓസീസ് ഗോള്‍മുഖത്ത് നിരന്തരമായി നിരവധി മുന്നേറ്റങ്ങള്‍ നടത്തികൊണ്ടിരുന്നു. ഏതു സമയവും ഓസീസ് വലയില്‍ ഗോള്‍ വീഴാമെന്ന പ്രതീതി. ആക്രമണങ്ങളുടെ ചുക്കാന്‍ ആന്ദ്രേസ് ഓള്‍സിന് തന്നെയായിരുന്നു.  
ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്‌കോര്‍ ഗോള്‍രഹിത സമനിലയായിരുന്നു. മാത്യു റിയാന് വിശ്രമമില്ലാത്ത നിമിഷങ്ങള്‍. ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ മാത്രമേ ഓസീസിന്റെ ഭാഗത്തുനിന്നുണ്ടായുള്ളൂ.  

ഡെന്മാര്‍ക്കിന്റെ സമ്പൂര്‍ണ്ണ ആധിപത്യത്തില്‍ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍.

ഓസീസ് കോര്‍ണറോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. കുറേക്കൂടി ഉണര്‍ന്നു കളിക്കുന്ന ഓസീസിനെയാണ് കണ്ടത്. അതോടെ പന്ത് ഇരുഭാഗത്തും കയറിയിറങ്ങി തുടങ്ങി. എന്നാല്‍ മിക്കവാറും മധ്യനിരയിലൊതുങ്ങി. 

അറുപതാം മിനിറ്റില്‍ ഡെന്മാര്‍ക്കിലെ ഞെട്ടിച്ച് ഓസ്‌ട്രേലിയ ഗോളടിച്ചു! ഡെന്മാര്‍ക്ക് ഓസീസ് ഗോള്‍ മുഖത്ത് കൂട്ട ആക്രമണത്തിലായിരിക്കെ, ഒരു കൗണ്ടര്‍ അറ്റാക്കില്‍ മൈതാന മധ്യത്തില്‍ നിന്നും പന്ത് സ്വീകരിച്ച് കുതിച്ചു പാഞ്ഞ മാത്യു ലക്കി പന്ത് ഗോള്‍പോസ്റ്റിലേക്ക് പായിച്ചു. ഡൈവ് ചെയ്ത ഗോള്‍കീപ്പര്‍ കസ്പ്പറിന് ഗോള്‍ സേവ് ചെയ്യാനായില്ല. 

പിന്നീട് ഓസ്ട്രേലിയ ആക്രമണം കടുപ്പിച്ചു. തിരിച്ചടിക്കാന്‍ ഡെന്മാര്‍ക്കും. പക്ഷെ, മുഴുവന്‍ സമയത്തും അധിക സമയത്തും മറ്റൊരു ഗോള്‍ പിറന്നില്ല. അതോടെ ഫ്രാന്‍സിനൊപ്പം ഓസ്‌ട്രേലിയ രണ്ടാം റൗണ്ടില്‍ കടന്നു. പത്താം റാങ്കുകാരെ തോല്‍പിച്ച് 38-ആം റാങ്കുകാരുടെ മുന്നേറ്റം!

Keywords: Article, Sports, World, Report, FIFA-World-Cup-2022, World Cup, Defeat to world champions France; Despite the win, Tunisia is out, Australia in the pre-quarters.

Post a Comment