Follow KVARTHA on Google news Follow Us!
ad

Tree Planting | സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നിത്യസ്മാരകമായി അക്ഷരമുറ്റങ്ങളില്‍ 'ഗാന്ധിമരം'

Tree Planting in Schools on Independence Day #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണ സ്മരണകള്‍ക്ക് തണലാകാന്‍ ജില്ലയിലെ പൊതുവിദ്യാലയമുറ്റങ്ങളില്‍ ഇനി ഗാന്ധിമരവും. പൗരബോധത്തിന്റെ വെളിച്ചം വരുംതലമുറയിലേയ്ക്ക് പകരുകയാണ് ഓരോ ഗാന്ധിമരവും. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നിത്യസ്മാരകമായി 'ഗാന്ധിമരം' നട്ടാണ് പൊതുവിദ്യാലയങ്ങള്‍ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായത്.

'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ 1,028 സ്‌കൂളുകളിലും 'ഗാന്ധിമരം' എന്ന പേരില്‍ ഫലവൃക്ഷ തൈ നട്ടത്. ജില്ലാതല പരിപാടി വടക്കാഞ്ചേരി ഗവ. ഗേള്‍സ് എല്‍ പി സ്‌കൂളില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു.

Thrissur, News, Kerala, Independence-Day, Celebration, school, Tree Planting in Schools on Independence Day.

ചരിത്രയാഥാര്‍ഥ്യങ്ങള്‍ സംബന്ധിച്ച് പുതുതലമുറയ്ക്ക് അവബോധം ഉണ്ടാക്കുക എന്ന ദൗത്യമാണ് സര്‍കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. ഗവ. ഗേള്‍സ് എല്‍ പി സ്‌കൂളിന്റെ കൃഷി തോട്ടത്തില്‍ സപ്പോട്ട മരം നട്ട് എംഎല്‍എ പരിപാടിയുടെ ഭാഗമായി. ഗാന്ധിമരം എന്ന പേര് എഴുതി വെയ്ക്കുന്നതിനൊപ്പം തൈകള്‍ മറകെട്ടി സംരക്ഷിക്കും.

ജില്ലയിലെ മറ്റ് സ്‌കൂളുകളിലും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ഗാന്ധിമരം നട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റാലികള്‍, സൈക്കിള്‍ റാലികള്‍, പ്രശ്‌നോത്തരി, ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ പരിപാടികള്‍ സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 13, 14, 15 തിയതികളില്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും. വിദ്യാഭ്യാസ വകുപ്പിനൊപ്പം തൃശൂര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധി ദര്‍ശന്‍, ജില്ലാ ശാസ്ത്ര ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായി. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല മോഹനന്‍ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ ടി വി മദനമോഹനന്‍, വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ മൊയ്തീന്‍, ജിജിഎല്‍പിഎസ് പ്രധാനധ്യാപിക ഇ ടി രാജി, ബോയ്‌സ് സ്‌കൂള്‍ പ്രധാനാധ്യാപിക ലിസി പോള്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി വി എസ് ഗിരീശന്‍, ബി ആര്‍ സി പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരായ സെബി എം പെല്ലിശ്ശേരി, ബിന്ദു സി ആര്‍, അധ്യാപകസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Thrissur, News, Kerala, Independence-Day, Celebration, school, Tree Planting in Schools on Independence Day.

Post a Comment