കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സിറ്റിയില്‍ എസ് ഡി പി ഐ നേതാവിന്റെ ബൈക് കത്തിനശിച്ച നിലയില്‍. എസ്ഡിപിഐ സെന്‍ട്രല്‍ സിറ്റി കമിറ്റി പ്രസിഡന്റ് ടി ആശിഖിന്റെ നിര്‍ത്തിയിട്ടിരുന്ന ബൈകാണ് തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ കത്തിനശിച്ചത്. ഇതിനടുത്ത് മറ്റൊരു ബുള്ളറ്റ് ബൈകുണ്ടായിരുന്നുവെങ്കിലും ഇതിന് അഗ്നിബാധയുണ്ടായില്ല.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയിരുന്നെങ്കിലും ബൈക് പൂര്‍ണമായും കത്തി നശിച്ചിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക് അഗ്നിക്കിരയാക്കിയ സാമൂഹ്യ വിരുദ്ധരുടെ നടപടിയില്‍ എസ് ഡി പി ഐ കണ്ണൂര്‍ മണ്ഡലം അധ്യക്ഷന്‍ പി സി ശഫീഖ് പ്രതിഷേധിച്ചു. സമഗ്രാന്വേഷണം നടത്തി അക്രമികളെ ഉടന്‍ പിടികൂടണമെന്ന് പൊലീസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് നിഷ്‌ക്രിയമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാകാം മെയിന്‍ റോഡ് സൈഡിലുള്ള വീട്ടില്‍ പോലും തീ വെയ്പ് നടത്താന്‍ അക്രമികള്‍ക്ക് പ്രചോദനമായതെന്ന് ശഫീഖ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ആയുധങ്ങള്‍ സഹിതം തൊട്ടടുത്ത പ്രദേശമായ നീര്‍ച്ചാലില്‍ നിന്നും കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും കാറിലുണ്ടായിരുന്ന മുഴുവന്‍ പ്രതികളെയും പിടികൂടാനോ അക്രമികളുടെ ലക്ഷ്യം എന്താണെന്നോ പൊലീസ് ഇതുവരെ വ്യക്തമാക്കാത്തതില്‍ ദുരൂഹതയുണ്ട്. സിറ്റി കേന്ദ്രീകരിച്ചുള്ള സാമൂഹ്യ വിരുദ്ധരെ നിലക്കുനിര്‍ത്താന്‍ പൊലീസ് നടപടി ശക്തമാക്കണം. അല്ലാത്ത പക്ഷം ശക്തമായ ജനകീയ ചെറുത്തു നില്‍പിന് എസ് ഡി പി ഐ നേതൃത്വം നല്‍കുമെന്ന് ശഫീഖ് മുന്നറിയിപ്പ് നല്‍കി.
Keywords: Kannur, News, Kerala, bike, Fire, Police, SDPI leader's bike found caught fire.