ന്യൂഡെല്‍ഹി: (www.kvartha.com) കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. സമാജ് വാദി പാര്‍ടി പിന്തുണയോടെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ പാര്‍ടി ആസ്ഥാനത്ത് അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പിച്ചത്. മെയ് 16 ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതായും സ്വതന്ത്ര ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. സമാജ് വാദി പാര്‍ടിയില്‍ ചേര്‍ന്നിട്ടില്ലെന്ന് അഖിലേഷ് യാദവും കപില്‍ സിബലും സൂചിപ്പിച്ചു.
'ഞാന്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. രാജ്യത്ത് സ്വതന്ത്ര ശബ്ദമാകാന്‍ ആഗ്രഹിക്കുന്നു,' -സിബല്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന അഭിഭാഷകന്‍ എന്ന നിലയില്‍ യാദവ് കുടുംബവുമായി സിബലിന് അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു. 2017 ജനുവരിയില്‍ (യാദവ കുടുംബ വഴക്കിനിടെ) അഖിലേഷ് യാദവിന് 'സൈകിള്‍' ചിഹ്നം നല്‍കണമെന്ന് സിബല്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ വാദിച്ചിരുന്നു. ഒടുവില്‍ അഖിലേഷിന് ചിഹ്നം ലഭിച്ചു.
'ഞാനൊരു കോണ്‍ഗ്രസ് നേതാവായിരുന്നു. പക്ഷേ ഇനിയില്ല. മെയ് 16 ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. അഖിലേഷ് യാദവിനോട് ഞാന്‍ നന്ദി പറയുന്നു. 2024 ലേക്ക് ഞങ്ങള്‍, നിരവധി ആളുകള്‍ ഒരുമിക്കുന്നു. 2024 ന് മുമ്പ് ഞങ്ങള്‍ കേന്ദ്ര സര്‍കാരിന്റെ പോരായ്മകള്‍ തുറന്നുകാട്ടും,' -നാമനിര്‍ദേശ പത്രിക സമര്‍പിച്ചതിന് ശേഷം കപില്‍ സിബല്‍ പറഞ്ഞു.
2021-ല്‍ പഞ്ചാബിലെ കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തില്‍, കപില്‍ സിബല്‍ പാര്‍ടി നേതൃത്വത്തെ വിമര്‍ശിക്കുകയും പരിഷ്‌കാരങ്ങള്‍ക്കായി ജനകീയമായി രംഗത്തിറങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ സംഘമായ ജി-23 പ്രഭുക്കളല്ലെന്ന് പറയുകയും ചെയ്തിരുന്നു. ഈ പരാമര്‍ശം നടത്തിയതിന് പിന്നാലെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിന് പുറത്ത് പ്രതിഷേധിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
Keywords: New Delhi, News, National, Congress, Politics, Kapil Sibal,Nomination, Rajya Sabha, Samajwadi Party, Support, Kapil Sibal files nomination for Rajya Sabha with Samajwadi Party support, says quit Congress on May 16.