Ramesh Chennithala | ഉദ്യോഗസ്ഥനെ ഗുജറാതില്‍ അയച്ചത് സിപിഎം-ബിജെപി ബന്ധത്തിന്റെ തുടര്‍ചയാണെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (www.kvartha.com) പിണറായി സര്‍കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുമ്പ് തങ്ങള്‍ നഖശിഖാന്തം എതിര്‍ത്തിരുന്ന ഒരു 'മോഡല്‍' കണ്ടുപഠിക്കാന്‍ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനെ വിമാനം കയറ്റി ഗുജറാതിലേക്ക് അയച്ചത് ഇക്കാലമത്രയും ഇവിടെ നിലനിന്നിരുന്ന സിപിഎം-ബിജെപി അവിശുദ്ധബന്ധത്തിന്റെ തുടര്‍ച മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വികസനത്തിന്റെയല്ല, മറിച്ച് സംഘപരിവാറിന്റെ വര്‍ഗീയവിഭജനത്തിന്റെ പണിശാലയിലെ ഡാഷ് ബോര്‍ഡ് കണ്ടുപഠിക്കാന്‍ വേണ്ടിയാണ് സിപിഎമും പിണറായി വിജയനും സര്‍കാര്‍ സംവിധാനത്തെ ഉപയോഗിച്ചത്.

ഇതൊരു തുടര്‍ച മാത്രമാണ്. ഇതിനും മുന്‍പ് എത്രയോ വട്ടം സംഘപരിവാറുമായി കൈകോര്‍ത്ത് മോദിയെ പുണരുന്ന സിപിഎമിനെയും പിണറായി വിജയനെയും നമ്മള്‍ കണ്ടിരിക്കുന്നു. ഗുജറാതിലേക്ക് പഠനം നടത്താന്‍ സംഘത്തെ അയക്കും മുന്‍പ് പാര്‍ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി നടത്തിയ പ്രസ്താവന ഒരു സൂചനയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രകാശ് കാരാട്ട് നടത്തിയ പ്രസ്താവനയെ സൈദ്ധാന്തികമായി അവതരിപ്പിച്ച് സംഘപരിവാര്‍ നിരുപദ്രവകാരികള്‍ ആണെന്ന് വരുത്തിത്തീര്‍ക്കുക എന്ന ജോലി മാത്രമാണ് ബേബിക്കുണ്ടായിരുന്നത്.

Ramesh Chennithala | ഉദ്യോഗസ്ഥനെ ഗുജറാതില്‍ അയച്ചത് സിപിഎം-ബിജെപി ബന്ധത്തിന്റെ തുടര്‍ചയാണെന്ന് രമേശ് ചെന്നിത്തല

ആര്‍എസ്എസ് സൈദ്ധാന്തികനും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരുമായിരുന്ന ആര്‍ ബാലശങ്കര്‍, ചെങ്ങന്നൂരിലും ആറന്മുളയിലും സിപിഎമിനെ സഹായിക്കുന്നതിന് പ്രത്യുപകാരമായി കോന്നിയില്‍ ബിജെപിക്ക് സിപിഎം സഹായം ചെയ്യുമെന്നുള്ളതായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഡീലെന്ന് പറഞ്ഞിരുന്നു. ഇതേ ആരോപണത്തിന്റെ ഉദുമ വേര്‍ഷന്‍ ആയിരുന്നല്ലോ അതിന് മുന്‍പ് ബിജെപി സംസ്ഥാന നേതാവ് എം ടി രമേശ് ഉയര്‍ത്തിയത്. 1977-ല്‍ കെ ജി മാരാര്‍ എന്ന കേരളത്തിലെ ആര്‍എസ്എസിന്റെ തലമുതിര്‍ന്ന നേതാവിനെ ഉദുമയില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഎമിന്റെ പങ്ക് നിഷേധിക്കാന്‍ കഴിയാത്ത ചരിത്ര യാഥാര്‍ഥ്യമായി ഇവിടെ നിലനില്‍ക്കുന്നുണ്ട്.

ജനസംഘം ഉള്‍പെട്ട ജനതാ പാര്‍ടിയും സിപിഎമും തോളോട് തോള്‍ ചേര്‍ന്ന് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനായി നിലകൊണ്ട തെരഞ്ഞെടുപ്പായിരുന്നു അത്. 1956-ല്‍ കണ്ണൂര്‍ ജില്ലയില്‍ ആദ്യത്തെ ആര്‍എസ്എസ് ശാഖ പയ്യന്നൂരില്‍ സ്ഥാപിച്ച കെജിമാരാരെ മാലയിട്ട് സ്വീകരിക്കാന്‍ അന്നത്തെ സിപിഎമിന്റെ തലമുതിര്‍ന്ന നേതാക്കള്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ ക്യൂ നിന്നത് ഒരു തുടക്കം മാത്രമായിരുന്നുവെന്ന് പില്‍ക്കാലത്ത് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം ഗുണഭോക്താക്കളില്‍ ഒരാള്‍ പിണറായി വിജയന്‍ എന്ന കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. 2018-ന് ശേഷം സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്ന ലാവ് ലിന്‍ കേസ് ഇരുപതിലധികം തവണയാണ് മാറ്റിവച്ചത്.

അടിയന്തരമായി വാദം കേള്‍ക്കണമെന്ന നിലപാടില്‍ നിന്ന് സിബിഐ പോലും മാറി. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സ്വര്‍ണക്കടത്ത് കേസിന്റെ അവസ്ഥയെന്താണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപല്‍ സെക്രടറിയെയും അഡീഷനല്‍ പ്രൈവറ്റ് സെക്രടറിയെയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത കേസ് എത്ര പെട്ടെന്നാണ് ദുര്‍ബലപ്പെട്ടത്. അന്വേഷണം വരെ നിലച്ചല്ലോ. 2018-ല്‍ കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആര്‍എസ്എസിന്റെ ദേശീയതലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതിയുടെയും നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആരോഗ്യമന്ത്രിമാര്‍ ക്ഷണം നിരസിച്ചപ്പോള്‍ പോയത് കേരളത്തിന്റെ ആരോഗ്യമന്ത്രി മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Keywords:  Thiruvananthapuram, News, Kerala, Ramesh Chennithala, Politics, BJP, CPM, Congress, Ramesh Chennithala says that sending of the official to Gujarat continuation of the CPM-BJP relationship.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia