മലപ്പുറം: (www.kvartha.com) മകന്റെ വാക്കുകളെ വിശ്വസിച്ച്, തെരുവില്‍ ഉപേക്ഷിച്ചതാണെന്നറിയാതെ മകന് വേണ്ടി മാസങ്ങളോളം കാത്തിരുന്ന വൃദ്ധന് തുണയായി കുറ്റിപ്പുറം ഇല ഫൗന്‍ഡേഷന്‍. 'അച്ഛന്‍ ഇരിക്കൂ, ഞാന്‍ ഒരു കുപ്പി വെള്ളം വാങ്ങിയിട്ട് വരാം' എന്ന് പറഞ്ഞാണ് പോയ മകനെ കാത്തുള്ള ഇരിപ്പ് കിടപ്പായി, പിന്നെ തളര്‍ന്നു പോയി. സന്നദ്ധ സംഘടനയെ നയിക്കുന്ന നജീബ് കുറ്റിപ്പുറമാണ് ഇക്കാര്യം ഫെയ്‌സ്ബുകില്‍ കുറിച്ചത്.
വിദേശത്ത് 30 വര്‍ഷം ജോലി ചെയ്യുകയും കുടുംബം നന്നായി നോക്കുകയും ചെയ്തയാളാണ് ഉപേക്ഷിക്കപ്പെട്ടത്. മനുഷ്യരെക്കുറിച്ച് പറഞ്ഞുള്ള ഇത്തരം വിളികള്‍ ഞങ്ങള്‍ക്കിടയില്‍ പതിവ് കാര്യമായത് കൊണ്ട് വലിയ പുതുമയൊന്നും അനുഭവപ്പെട്ടില്ല. പിന്നീടുള്ള വാക്കുകള്‍ ഉള്ളുലച്ച് കടന്നു പോയെന്നും നജീബ് ഫെയ്‌സ്ബുകില്‍ കുറിച്ചു.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഒരു ചേര്‍ത്ത് പിടിക്കലിന്റെ അളക്കാനാവാത്ത ബോധ്യം ആണിത്. ശ്വാസം നിലയ്ക്കും മുന്‍പ് ഒരാളെയെങ്കിലും ഇങ്ങനെയൊന്ന് ചേര്‍ത്ത് പിടിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ 'നാം ഉയിരോടെ ജീവിച്ചു' എന്നുറപ്പിച്ചു പറയാനാവും എന്ന് കരുതുന്നു. അതിന്, നമുക്ക് നമ്മോടും, അപരനോടുമുള്ള ഉള്ളുണര്‍ന്ന ശ്രദ്ധ അനിവാര്യമാണെന്ന് തോന്നുന്നു.
ഒരിക്കല്‍ ഒരു വിളി വന്നു. 'നജീബ്ക്ക...' തിരുവനന്തപുരത്ത് നിന്ന്, സര്‍ക്കാര്‍ ഓഫീസില്‍ നിന്നാണ്. പ്രിയപ്പെട്ട സുഹൃത്ത് ഷീലയാണ്. 'ഒരാളുണ്ട്. ബന്ധങ്ങള്‍ എല്ലാം വിച്ഛേധിക്കപ്പെട്ട ഒരു മനുഷ്യന്‍. തീരെ അവശനായപ്പോള്‍, ഉണ്ടായിരുന്നതല്ലാം കയ്യിലാക്കി, വേണ്ടപ്പെട്ടവര്‍ അയാളെ അമ്പലനടയില്‍ ഉപേക്ഷിച്ചതാണ്. എന്ത് ചെയ്യുമെന്നറിയുന്നില്ല. തീരെ അവശനാണ്. കാഴ്ചയും, കാലിന്റെ സ്വാധീനവുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.'
മനുഷ്യരെക്കുറിച്ച് പറഞ്ഞുള്ള ഇത്തരം വിളികള്‍ ഞങ്ങള്‍ക്കിടയില്‍ പതിവ് കാര്യമായത് കൊണ്ട് വലിയ പുതുമയൊന്നും അനുഭവപ്പെട്ടില്ല. പിന്നീടുള്ള ഷീലയുടെ വാക്കുകള്‍ ഉള്ളുലച്ച് കടന്നു പോയി. ദൈവമേ.. ഒരു ജീവനുള്ള മനുഷ്യനാണ്. 'ഷീലാ.. ഇങ്ങോട്ട് കൂട്ടികൊണ്ട് വരാം, കുറ്റിപ്പുറത്ത് 'ഇല'യിലേക്ക്. അയാള്‍ക്ക് തെല്ലൊരു ആശ്വാസം കൊടുക്കാന്‍ നമുക്ക് ശ്രമിച്ചു നോക്കാം.'
ഫോണ്‍ വെച്ചു. വെയിറ്റിംഗ് ഷെഡ്ഡില്‍ ഒരു മൂലയില്‍ പൂച്ചയും, പട്ടിയും തുണയായി വെള്ളം മാത്രം കുടിച്ച് അവശനായി കിടക്കുന്ന ആ മനുഷ്യന്റെ ചിത്രം എടുത്ത് ആരോ ഒരാള്‍ പ്രചരിപ്പിച്ചു. പോലീസും, അധികാരികളും ഇടപ്പെട്ടു. അങ്ങനെയാണ് അയാളുടെ നിസേസഹായാവസ്ഥ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയത്. അവിടുന്നാണ് ഷീലയുടെ വിളി വരുന്നത്. പിന്നീട് പലപ്പോഴായി അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചു, ചില ആവശ്യങ്ങളും, കാര്യങ്ങളും കൈമാറപ്പെട്ടു.
നേരില്‍ കാണാതെ തന്നെ ഞങ്ങള്‍ക്കിടയില്‍ ഒരാത്മ ബന്ധം രൂപപ്പെട്ടതായി തോന്നിയതോടെ ഒരിക്കല്‍ നേരിട്ട് തന്നെ അദ്ദേഹത്തെ കാണുന്നതിന് വേണ്ടി തല്‍ക്കാലം താമസിക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഫോണില്‍ സംസാരിച്ച് ശബ്ദം കേട്ട് മാത്രം പഴക്കമുള്ള ഞങ്ങള്‍. കൊടുങ്ങല്ലൂരില്‍ വെച്ചുള്ള ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ അയാള്‍ എന്റെ തോളിലേക്ക് തല ചായ്ച്ച് തേങ്ങിക്കൊണ്ടിരുന്നു. ആ മനുഷ്യന്റെ പാതി വെന്ത ഹൃദയത്തിന്, പൊട്ടിയൊലിച്ച ലാവയുടെ ചൂടായിരിക്കണം. അങ്ങനെത്തന്നെയാണ്.
കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം, ശരീരവും, മനസ്സും വെന്തുരുകിയ അയാളെ നല്ല ചികിത്സയ്ക്ക് വേണ്ടി ഒരു ആയുവേദആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'ഇല'യിലെ മാണിക്യങ്ങള്‍, അസ്ലമും, ജമാനും, അമീറും, മധുവും, നാസിമും, ശംനയും മറ്റുള്ളവരും കൂടി അനൂപിന്റെ നേതൃത്വത്തില്‍, എങ്ങോട്ടും ചാഞ്ഞു പോവാതിരിക്കാന്‍ അയാളുടെ ചുറ്റും നിന്ന് കൈ കോര്‍ത്ത് പിടിച്ചു. ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ അയാള്‍ക്ക് സാധിക്കുമെന്ന ആത്മധൈര്യം വീണ്ടെടുത്തപ്പോഴും എന്തിനാണ്, എങ്ങോട്ടാണ് ഇനിയുംസഞ്ചരിക്കേണ്ടത് എന്നത് ഒരു ചോദ്യമായി അയാളുടെ മുന്നില്‍ വന്നു നിന്നു.
നിശ്ചലമായ അയാളുടെ ചിന്തകള്‍, ഒരിടത്തേക്കും ഒഴുകാതെ കെട്ടിനില്‍ക്കുന്ന വെള്ളം കണക്കെയായിരുന്നു. ഒരു നദി പോലെ ഒഴുകി കൊണ്ടിരിക്കുന്ന ജീവിതം പ്രളയം വരുമ്പോള്‍ ചുഴിയില്‍ അകപ്പെടും, ഒഴുക്ക് നില്‍ക്കുമ്പോള്‍ തട്ടിത്തടഞ്ഞ് കരയില്‍ അടിഞ്ഞു നില്‍ക്കും. പിന്നെ, എപ്പോഴെങ്കിലുമൊക്കെ ശാന്തമായും ഒഴുകിയിട്ടുണ്ടാകും. തോതില്‍ അല്‍പസ്വല്‍പം വ്യത്യാസം കാണുമെങ്കിലും നാം ഓരോരുത്തരും ഇതൊക്കെ അനുഭവിച്ചവരായിരിക്കാനാണ് സാധ്യത.
ചിലപ്പോഴെങ്കിലും നിസ്സഹായരായി അങ്ങനെ നിന്ന് കൊടുക്കുക മാത്രമേ വഴിയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ പരമാവധി ശാന്തമാണ് അയാളുടെ മനസ്സ്. 'ഇല'യുടെ കരുതലില്‍ കഴിയുന്ന, ക്യാന്‍സര്‍ ബാധിച്ചവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍, മാനസികരോഗികള്‍, വിധവകള്‍,അനാഥബാല്യങ്ങള്‍, വാര്‍ദ്ധക്യം വന്നു കിടപ്പിലായിപ്പോയവര്‍, തുടങ്ങി പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട മുഴുവന്‍ ആനുകൂല്യങ്ങളും വാങ്ങിയെടുത്ത് തളര്‍ന്നു പോയവര്‍ക്ക് തണല്‍ വിരിക്കുകയാണ് ഇപ്പോള്‍ ഈ മനുഷ്യന്‍.
ഇടക്കിടെ അദ്ദേഹം പറയും, 'ഇക്കാ.., നിങ്ങള്‍ എന്നെ വെറുതെയിരുത്തരുത്. എന്റെ ചിന്തകള്‍ കാട് കയറിപ്പോവുന്നു. 'നീണ്ട മുപ്പത് വര്‍ഷക്കാലം വിദേശത്ത് നല്ല പത്രാസില്‍ ജീവിച്ച്, ആവശ്യത്തില്‍ കൂടുതല്‍ സമ്പാദിച്ച്,കുടുംബത്തെ വേണ്ട പോലെ സംരക്ഷിച്ച്, ഒരു ചെറിയ വട്ടത്തിനുള്ളിലെ കാഴ്ചകള്‍ മാത്രം കണ്ട് കൊണ്ടിരുന്ന ഈ മനുഷ്യന്റെ ശരീരം തളര്‍ന്നതോടെയാണത്രെ,' ഇയാളെക്കൊണ്ട് ഇനി എന്ത് നേട്ടം എന്ന് കുടുംബം ചിന്തിച്ചത്. മാത്രമല്ല, തളര്‍ന്നു പോയ ഇയാളെ ശുശ്രൂഷിച്ചു സമയം കളയാനവില്ല എന്ന ചിന്തയില്‍ ആണ് സ്വന്തം മകന്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് കൂട്ടി കൊണ്ട് വന്ന് ഉപേക്ഷിച്ചത്.
അവസാനമായി ആ മകന്‍ പറഞ്ഞതിങ്ങനെയാണത്രേ, 'അച്ഛന്‍ ഇരിക്കൂ; ഞാന്‍ ഒരു കുപ്പി വെള്ളം വാങ്ങിയിട്ട് വരാം...' പിന്നീട് അവനെയും കാത്തുള്ള ഇരിപ്പ് കിടപ്പായി, പിന്നെ തളര്‍ന്നു പോയി. 'ഇല'യില്‍ വെച്ച് പോയ മാസം ഈ മനുഷ്യനോടുള്ള സ്‌നേഹവും, രുതലും അനുഭവിപ്പിക്കാനും കൂടി വേണ്ടി ഞങ്ങള്‍ ഒരുമിച്ചുകൂടി. അദ്ദേഹത്തോടുള്ള ആദരവറിയിച്ച് സ്‌നേഹപ്പുടവ പുതച്ച്, ചേര്‍ത്ത് പിടിച്ചപ്പോഴുള്ള ഡോ. മുജീബിന്റെ വികാരനിര്‍ഭരമായ മുഖം കണ്ട് കൂടി നിന്നവരുടെ കണ്ണ് നനഞ്ഞു.
അവരോടായി അയാള്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. 'ഹേ.. ജനങ്ങളേ.. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി മാത്രം ജീവിച്ച ഞാന്‍ ഇന്ന് സന്തുഷ്ടനാണ്, കാരണം ഒരുപാട് മനുഷ്യര്‍ക്ക് കരുതലായി നില്‍ക്കാന്‍ ഇന്നെനിക്ക് സാധിക്കുന്നുണ്ട്. എനിക്ക് ഇപ്പോള്‍ എന്നെ ഉപേക്ഷിച്ചവരോട് സ്‌നേഹമേ ഉള്ളൂ. നിങ്ങള്‍ എന്നെ പുറം തള്ളിയില്ലായിരുന്നെങ്കില്‍ ഇന്ന് ഈ 'ഇല'യില്‍ ഏറ്റവും പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി എന്നെ എനിക്ക് ചലിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. ആയതിനാല്‍ നിങ്ങളോട് എനിക്ക് കടപ്പാടുണ്ട്; നന്ദിയുണ്ട്.
ഒറ്റ കാര്യം കൂടിപ്പറയട്ടെ..! കുടുംബത്തിന് വേണ്ടി, മക്കള്‍ക്ക് വേണ്ടി നിങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ ബാക്കി വെക്കരുത്. ഒരു പക്ഷേ; നിങ്ങള്‍ ഉപേക്ഷിക്കപ്പെട്ടേക്കാം. സൂക്ഷിക്കുക. ജീവിതം മറ്റുള്ളവര്‍ക്ക് കൂടി വേണ്ടിയുള്ളതാണെന്ന് പഠിക്കാന്‍ വൈകണ്ട. എല്ലാവര്‍ക്കും നല്ലത് വരട്ടെ. പ്രാര്‍ത്ഥനയോടെ അയാളുടെ വാക്കുകള്‍ അന്തരീക്ഷത്തിലേക്ക് പരന്നു പരന്നു ലയിച്ചു ചേര്‍ന്നിട്ടുണ്ടാവണം.
Keywords: Malappuram, News, Kerala, Facebook Post, Facebook, Father, Son, Najeeb Kuttippuram about a father who was abandoned by son.