തിരുവനന്തപുരം: (www.kvartha.com 17.04.2022) ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു തരിപ്പണമായതായും സംസ്ഥാന പൊലീസിന്റെ പിടിപ്പുകേടാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി മുരളീധരന്‍. ഗുണ്ടാ ആക്രമണങ്ങളെ തുടര്‍ന്ന് കേരളത്തിലെ ക്രമസമാധാനനില ദിനംപ്രതി വഷളായികൊണ്ടിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് ഇത്തരം സംഭവങ്ങള്‍ വീണ്ടും തെളിയിക്കുകയാണ്.
മുഖ്യമന്ത്രി നേരിട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു സംസ്ഥാനത്ത് പൊലീസ് കുത്തഴിഞ്ഞുവെന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സംഘടന പട്ടാപ്പകല്‍ നാട്ടില്‍ ആള്‍ക്കാരെ വെട്ടി കൊല്ലുന്ന സ്ഥിതി ആപത്ക്കരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത് തടയാനുള്ള ഉത്തരവാദിത്തം പരിപൂര്‍ണമായി പൊലീസിനാണ് ഇതില്‍ വിട്ടുവീഴ്ച വരുത്താതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാലക്കാട് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്‍ വെട്ടേറ്റ് മരിച്ചത്. പാലക്കാട് മേലാമുറിയില്‍ വച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റതായാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. പാലക്കാട്ടെ എസ് കെ ഓടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈകുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്.
ജില്ലയില്‍ എസ്ഡിപിഐ പ്രവര്‍ത്തനായ സുബൈര്‍ പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈകില്‍ മടങ്ങിവരുന്നതിനിടെ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പോപുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്ന സുബൈര്‍ കൊല്ലപ്പെട്ടത്.
Keywords: Thiruvananthapuram, News, Kerala, Crime, Death, Politics, V.Muraleedaran, Killed, Kerala is in grip of goons: Union Minister V Muraleedharan after RSS worker killed in Palakkad.