Follow KVARTHA on Google news Follow Us!
ad

K Rail | കെ റെയില്‍ സര്‍വെ കുറ്റിയിടലിന് സംരക്ഷണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍: സമരക്കാര്‍ക്ക് നേരെ കൈയ്യേറ്റം

CPM activists protect K Rail survey stumps: Attack on protesters #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നടാലില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടലിന് സിപിഎം പ്രവര്‍ത്തകര്‍ സംരക്ഷണമൊരുക്കി. കെ റെയില്‍ സര്‍വെയുടെ ഭാഗമായി നടത്തിയ കുറ്റിയിടലിനെ എതിര്‍ത്ത് മുദ്രാവാക്യം വിളികളുമായി എത്തിയ സമര സമിതി പ്രവര്‍ത്തകരെയും കോണ്‍ഗ്രസുകാരെയും സിപിഎം പ്രവര്‍ത്തകര്‍ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്.
Kannur, News, Kerala, Protesters, Protest, Police, CPM activists protect K Rail survey stumps: Attack on protesters.

സര്‍വെ കുറ്റിയിടലിന് സംരക്ഷണമൊരുക്കിയ സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസുകരും തമ്മിലുണ്ടായ വാക്കേറ്റവും സംഘര്‍ഷവും പൊലീസ് തടയുകയായിരുന്നു. കണ്ണൂര്‍ നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള നാടാലിലാണ് തിങ്കളാഴ്ച്ച രാവിലെ മുതല്‍ സംഘര്‍ഷമുണ്ടായത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ കെ റെയില്‍ സര്‍വെ കുറ്റിയിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതു പുനരാരംഭിച്ചപ്പോഴാണ് വീണ്ടും സമരസമിതി പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരും തടയാനെത്തിയത്.

എന്നാല്‍ കെ റെയില്‍ കുറ്റികള്‍ സ്ഥാപിക്കുന്നതിനായി പ്രദേശത്ത് സിപിഎം പ്രവര്‍ത്തകര്‍ സുരക്ഷയൊരുക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സര്‍വേ നടപടികള്‍ പൊലീസ് സംരക്ഷണയില്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇവരെ പൊലീസ് നീക്കം ചെയ്തതിന് പിന്നാലെ എടക്കാട് ലോക്കല്‍ കമിറ്റി സെക്രടറിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തുകയും സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചുവിട്ടു. കോണ്‍ഗ്രസുകാരെ കൈയ്യേറ്റം ചെയ്ത രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സിപിഎം നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉച്ചയ്ക്ക് ശേഷം സര്‍വേ തുടരുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രദേശവാസികളോട് സംസാരിച്ചു. ഇതോടെ പരസ്യമായ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ വീട്ടുകാരാരും തയ്യാറായില്ല.

സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടിടത്തും സംഘടിച്ചതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തേക്ക് എത്തി. സംഘര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയിലും കല്ലിടല്‍ പൂര്‍ത്തിയായി. വികസനത്തിനായി വീടും സ്ഥലവും വിട്ടു കൊടുക്കാന്‍ ആളുകള്‍ തയ്യാറാണെങ്കില്‍ അതിനെ അട്ടിമറിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും കണ്ണൂര്‍ നഗരത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരാണ് പ്രതിഷേധത്തിനായി നാടാലിലേക്ക് വരുന്നതെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു.

നേരത്തെ എടക്കാട് ഒ കെ യുപി സ്‌കൂള്‍ പരിസരത്ത് കെ. റെയില്‍ കുറ്റിയിടലുമായി ബന്ധപ്പെട്ട് സംഘര്‍ഷമൊഴിവാക്കാന്‍ എടക്കാട് പൊലിസ് അനു രഞ്ജന ചര്‍ചയ്ക്കു സമരസമിതി പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിളിച്ചിരുന്നുവെങ്കിലും ഇവര്‍ കുറ്റിയിടല്‍ തടയുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഇതിനെ തുടര്‍ന്നാണ് കുറ്റിയിടല്‍ പുനരാരംഭിച്ചപ്പോള്‍ തടഞ്ഞത് പിന്നീട് കനത്ത പൊലീസ് സുരക്ഷയോടെയാണ് കെ റെയില്‍ സര്‍വെ കുറ്റികള്‍ സ്ഥാപിച്ചത്.

സിപിഎം അനുഭാവികളുടെ സ്ഥലങ്ങളില്‍ കുറ്റിയിടുന്നത് തടയാന്‍ ചെന്നവരേയാണ് പ്രദേശത്തെ സംഘടിതരായ സിപിഎം പ്രവര്‍ത്തകര്‍ എതിര്‍ക്കുകയും കൈയ്യേറ്റം ചെയ്തും അസഭ്യം പറഞ്ഞും വിരട്ടിയോടിച്ചത്. യുഡിഎഫ് നേതാക്കളായ സുരേശന്‍, ഇബ്രാഹിം ഹമീദ് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എടക്കാട് എസ്‌ഐ യുടെ നേതൃത്വത്തിലാണ് വന്‍ പൊലീസ് സുരക്ഷ ഇവിടെ ഒരുക്കിയത്. വരും ദിനങ്ങളിലും ഈ പ്രദേശത്ത് കുറ്റിയിടല്‍ തുടരുമെന്ന് കെ റെയില്‍ അധികൃതര്‍ അറിയിച്ചു.

Keywords: Kannur, News, Kerala, Protesters, Protest, Police, CPM activists protect K Rail survey stumps: Attack on protesters.

Post a Comment