ബെംഗ്‌ളുറു: (www.kvartha.com 17.04.2022) 11 വയസുകാരിയെ ഊഞ്ഞാലില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെ എസ് രവികുമാര്‍ ദീക്ഷിത് എന്ന പുരോഹിതന്റെ മകളായ ഭാവനയെ വീടിന്റെ ഒന്നാം നിലയിലുള്ള ഊഞ്ഞാലില്‍ കുരുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മകള്‍ കളിക്കുകയായിരുന്നു എന്നും മുകള്‍ നിലയില്‍ നിന്ന് ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ചെന്ന് നോക്കിയപ്പോള്‍ ഊഞ്ഞാലിന്റെ പ്ലാസ്റ്റിക് വയറുകളില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയെന്നും മാതാപിതാക്കള്‍ പറഞ്ഞതായി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്യുന്നു.
ഉടന്‍ തന്നെ മകളെ മഗഡിയിലെ സര്‍കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഭാവനയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മഗഡി റോഡിലെ കെഞ്ചനഹള്ളിയിലാണ് കുടുംബം താമസിച്ചിരുന്നത്. മരണത്തിന്റെ കൃത്യമായ സമയവും കാരണവും വിലയിരുത്താന്‍ പോസ്റ്റ്‌മോര്‍ടം റിപോര്‍ടിനായി പൊലീസ് കാത്തിരിക്കുകയാണെന്നും റിപോര്‍ടുണ്ട്. ഊഞ്ഞാലിന്റെ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി ഭാവന മരിച്ചതെന്നാണ് പിതാവിന്റെ മൊഴിയെന്ന് കുഡൂര്‍ പൊലീസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ചില്‍, കടബ താലൂകിലെ യെനേക്കലില്‍, ഊഞ്ഞാലിന്റെ കയറില്‍ കുടുങ്ങി 11 വയസുകാരി മരിച്ചിരുന്നു. 2018 ല്‍ മടിക്കേരി ജില്ലയിലെ 11 വയസുള്ള ഒരു ആണ്‍കുട്ടിയും കളിച്ചുകൊണ്ടിരുന്ന ഊഞ്ഞാലിന്റെ കയറില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചിരുന്നു. സംഭവസമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു, വൈകുന്നേരം അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് മരണം അറിയുന്നത്.
ഇത്തരം കേസുകള്‍ വീണ്ടും ഉണ്ടാകുന്നതിനാല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ശിശുക്ഷേമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാതാപിതാക്കളുടെ മേല്‍നോട്ടമില്ലാതെ പ്ലാസ്റ്റിക് കയറുകളുള്ള ഊഞ്ഞാലില്‍ കുട്ടികളെ കളിക്കാന്‍ വിടരുതെന്ന് പല വിദഗ്ധരും മുമ്പ് പറഞ്ഞിട്ടുണ്ട്. പ്രത്യേക മെറ്റല്‍ ഹാംഗറുകള്‍ ഉള്ള ഊഞ്ഞാല്‍ കുട്ടികള്‍ക്ക് കളിക്കാന്‍ സുരക്ഷിതമാണ്.
Keywords: Bengaluru, News, National, Karnataka, Police, Case, Girl, Death, Found Dead, Case, Bengaluru: 11-year-old girl dies after getting entangled in swing wire.