മുസ്ലിം ലീഗ് നേതാവ് പി ശാദുലിയുടെ മൃതദേഹം ഖബറടക്കി; വിടവാങ്ങിയത് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യം

 


കോഴിക്കോട്: (www.kvartha.com 03.02.2022) മുസ്ലിം ലീഗ് നേതാവ് പി ശാദുലി നിര്യാതനായി. 72 വയസായിരുന്നു. രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന രാഷ്ട്രീയ നേതാവാണ് വിടവാങ്ങിയത്.

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും നാദാപുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി ശാദുലി 1991ല്‍ നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ദീര്‍ഘകാലം മുസ്‌ലിം ലീഗ് നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി ആയിരുന്നു. ഏറെക്കാലം ലീഗ് വേദികളിലെ ഉജ്ജ്വല പ്രഭാഷകനായിരുന്നു.

മുസ്ലിം ലീഗ് നേതാവ് പി ശാദുലിയുടെ മൃതദേഹം ഖബറടക്കി; വിടവാങ്ങിയത് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യം

നാദാപുരം മേഖല കലാപകലുഷിതമായ കാലത്ത് ഗ്രാമപഞ്ചായത്തിന്റെ സാരഥ്യം വഹിച്ചിരുന്ന ശാദുലി പ്രദേശത്ത് സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇതര രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചേര്‍ന്ന് ഏറെ പ്രയത്‌നിച്ചിരുന്നു. എഴുത്തുകാരനായ അദ്ദേഹം കേരള ഗ്രന്ഥശാലാ സംഘം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആത്മാവിന്റെ ഉള്ളറകളിലൂടെ ആത്മീയ സഞ്ചാരം, അണയാത്ത ദീപങ്ങള്‍, ഇരുലോക വിജയം ഉള്ളറിവിലൂടെ, സ്റ്റീഫന്‍ ഹോക്കിങ് -പ്രളയം- രതിരവം, ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുനവ്വറലി ശിഹാബ് തങ്ങള്‍, കെ മുരളീധരന്‍ എം പി, ബിനോയ് വിശ്വം എം പി, രമേശ് ചെന്നിത്തല, ഇ കെ വിജയന്‍ എം എല്‍ എ, കെ കെ രമ എം എല്‍ എ, കെ പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എ, പി കെ കെ ബാവ തുടങ്ങിയവര്‍ അനുശോചിച്ചു.

പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനായ എ പി കലന്തന്‍ മുസ്ലിയാരായിരുന്നു പിതാവ്. ഭാര്യ: സഫിയ ശാദുലി, മക്കള്‍: മുനീര്‍, അബ്ദുല്‍കരീം, അശ്റഫ്, സാബിറ, സാജിത, സൗദ, തസീറ.

ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിയോടെ നാദാപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

Keywords:  Kozhikode, News, Kerala, Dead Body, Muslim-League, Leader, P Shaduli, Obituary, Muslim League Leader P Shaduli passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia