കല്‍പറ്റ: (www.kvartha.com 16.02.2022) വയനാട്ടില്‍ കല്ലമ്പലം പൊളിക്കുന്നതിനിടെ കണ്ടെത്തിയ പുരാതന വിഗ്രഹം പരിശോധനയ്ക്ക് അയച്ചു. കേന്ദ്ര പുരാവസ്തുവകുപ്പ് ഏറ്റെടുത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള പനമരത്തെ കല്ലമ്പലങ്ങളായ ജനാര്‍ദനഗുഡിയുടെയും വൈഷ്ണവഗുഡിയുടെയും പുനരുദ്ധാരണപ്രവൃത്തികള്‍ തുടരുകയാണ്. ഇതിനിടെ ശ്രീകോവില്‍ പൊളിച്ചപ്പോള്‍ ലഭിച്ച പുരാതനവിഗ്രഹമാണ് ശാസ്ത്രീയ പരിശോധനക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോയത്.
അതേസമയം വിഗ്രഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വിഗ്രഹത്തിന്റെ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നല്‍കുമെന്ന് ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പി വി ഷാജു വ്യക്തമാക്കി. പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി ജനാര്‍ദനഗുഡി പൊളിച്ച് നീക്കുന്നതിനിടെയാണ് ഞായറാഴ്ച ഉച്ചയോടെ പഴക്കംചെന്ന വിഗ്രഹം ലഭിച്ചത്.
അരയടിയോളം വലുപ്പം വരുന്ന വിഷ്ണു വിഗ്രഹമാണ് ലഭിച്ചതെന്നാണ് വിവരം. അടുത്ത ദിവസം പുരാവസ്തു ഗവേഷകര്‍ സ്ഥലത്തെത്തി ശ്രീകോവിലിന്റെ അടിത്തറയിലെ മൂന്നടിയോളം താഴ്ചയിലുള്ള മണ്ണ് നീക്കം ചെയ്ത് പരിശോധിക്കും. മണ്ണിനടിയില്‍ ഇനിയും വിഗ്രഹങ്ങളോ നാണയങ്ങളോ ഉണ്ടോ എന്നാണ് പരിശോധിക്കുക. കഴിഞ്ഞ ഒമ്പതിനാണ് കല്ലമ്പലം പൊളിച്ചു നീക്കാന്‍ തുടങ്ങിയത്. കല്‍ത്തൂണുകളും കൂറ്റന്‍ കരിങ്കല്‍ പാളികളും ഉപയോഗിച്ച് നിര്‍മിച്ച ജനാര്‍ദനഗുഡി ഈ ആഴ്ചയോടെ പൂര്‍ണമായും പൊളിച്ചു നീക്കാന്‍ സാധിക്കുമെന്നാണ് പുരാവസ്തുവകുപ്പിന്റെ വിലയിരുത്തല്‍.
Keywords: News, Kerala, Wayanad, Religion, Found, Kalpata, Ancient idol, Demolition, Kallambalam, Ancient idol found during demolition of Kallambalam in Wayanad.