ന്യൂഡെല്‍ഹി: (www.kvartha.com 25.02.2022) ഡെല്‍ഹിയില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കും. ഡെല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് (ഡിഡിഎംഎ) വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചത്. മാര്‍കറ്റുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും ഇനി രാത്രി കര്‍ഫ്യൂവോ നിയന്ത്രിത സമയമോ ഉണ്ടായിരിക്കില്ല. ഫെബ്രുവരി 28 തിങ്കളാഴ്ച മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഏപ്രില്‍ ഒന്ന് മുതല്‍ ഫിസികല്‍ ക്ലാസുകള്‍ മാത്രമേ നടക്കൂ. ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തലാക്കുമെന്നും ഡിഡിഎംഎ വ്യക്തമാക്കി. മാര്‍കറ്റുകളുടെ സമയം രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും. നിലവില്‍ ഇത് രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെയാണ്.
കൂടാതെ, കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഏര്‍പെടുത്തിയ പിഴ നിലവിലുള്ള 2,000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു. നിലവിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതും തൊഴില്‍ നഷ്ടമായതിനാല്‍ ആളുകള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തിലുമാണ് തീരുമാനമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കോവിഡ് നിയമങ്ങള്‍ കൃത്യമായി പിന്തുടരാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
Keywords: News, National, New Delhi, COVID-19, School, Study class, Online, All Covid-19 restrictions to be lifted in Delhi.