മുംബൈ: (www.kvartha.com 26.01.2022) വിവാദ ചുംബന കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയെ കോടതി വെറുതെവിട്ടു. 2007ല്‍ രാജസ്ഥാനിലെ അല്‍വാറില്‍നടന്ന എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിയില്‍ ഹോളിവുഡ് താരം റിചാര്‍ഡ് ഗെയര്‍ ശില്‍പ ഷെട്ടിയെ ചുറ്റിപ്പിടിക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്തത് വിവാദമാവുകയായിരുന്നു. തുടര്‍ന്ന് നടിക്കും റിചാര്‍ഡിനുമെതിരെ കേസ് എടുക്കുകയായിരുന്നു. ബല്ലാര്‍ഡ് പിയറിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തെ വെറുതെവിട്ടത്.
ഒന്നാം പ്രതി റിച്ചാര്‍ഡ് ഗെറിന്റെ പ്രവൃത്തിയുടെ ഇരയാണ് ശില്‍പ ഷെട്ടിയെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കേതകി എം ചവാന്‍ നിരീക്ഷിച്ചു. അതിനാല്‍ പൊലീസ് റിപോര്‍ടും അതിനൊപ്പം അയച്ച രേഖകളും പരിഗണിച്ച്, പ്രോസിക്യൂഷന് വാദം കേള്‍ക്കുകയും ചെയ്ത ശേഷമാണ് നടിയെ കുറ്റവിമുക്തയാക്കിയത്.
രാജസ്ഥാനിലെ മുണ്ടവാറിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഇരു താരങ്ങള്‍ക്കുമെതിരെ കുറ്റം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യം പരാതി നല്‍കിയിരുന്നത്. പിന്നീട് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 292, 293, 294 വകുപ്പുകള്‍ പ്രകാരം പൊതുസ്ഥലത്ത് അസഭ്യമായി പെരുമാറി, 1986 ലെ സ്ത്രീ പ്രാതിനിധ്യ നിയമം (നിരോധനം) ആക്ട് പ്രകാരവും അശ്ലീല പ്രവൃത്തികള്‍ ചെയ്തതിനും കേസെടുത്തു.
തുടര്‍ന്ന് തനിക്കെതിരെ രെജിസ്‌റ്റെര്‍ ചെയ്ത എല്ലാ കേസുകളും മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് താരം ഹര്‍ജി സമര്‍പിച്ചു, അത് സുപ്രീം കോടതി അനുവദിച്ചു. എല്ലാ പരാതികളും മുംബൈയിലേക്ക് മാറ്റി. അഭിഭാഷകനായ മധുകര്‍ ദാല്‍വി മുഖേനയാണ് ഷെട്ടി വിടുതല്‍ ഹര്‍ജി സമര്‍പിച്ചത്.
റിചാര്‍ഡ് ഗെറെ ചുംബിച്ചപ്പോള്‍ താന്‍ പ്രതിഷേധിച്ചില്ലെന്നും അതുകൊണ്ട് താന്‍ ഏതെങ്കിലും കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്നോ കുറ്റവാളിയാണെന്നോ പറയുന്നതിന് അടിസ്ഥാനമില്ലെന്നും താരം അറിയിച്ചു. നടിയുടെ വാദം അംഗീകരിച്ച് ജഡ്ജി അവരെ വിട്ടയയ്ക്കുകയായിരുന്നു.
Keywords: Mumbai, News, National, Court, Cinema, Actress,Actor, Entertainment, Case, Shilpa Shetty, Shilpa Shetty acquitted in controversial kissing case.