ന്യൂഡെല്‍ഹി: (www.kvartha.com 26.01.2022) കര്‍ണാടകയിലെ ഒരു കര്‍ഷകനെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എസ് യു വി ഷോറൂമിലെ സെയില്‍സ് മാന്‍ അപമാനിച്ചതിന് പിന്നാലെ ആനന്ദ് മഹീന്ദ്ര പ്രതികരണവുമായി ട്വിറ്ററിലെത്തി. ഏതൊരു വ്യക്തിയുടെയും അന്തസ് ഉയര്‍ത്തിപ്പിടിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ സമൂഹത്തിലുള്ളവരെയും സഹപ്രവര്‍ത്തകരെയും ഉയര്‍ചയ്ക്ക് പ്രാപ്തരാക്കുക എന്നതാണ് മഹീന്ദ്രയുടെ പ്രധാന ലക്ഷ്യം. വ്യക്തിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നത് പ്രധാന കാര്യമാണ്. അതിന് ആര് ഭംഗം വരുത്തിയാലും അടിയന്തിരമായി പരിഹരിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും നടപടിയുണ്ടാകുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സിഇഒ വിജയ് നക്ര ഉറപ്പു നല്‍കി. മുന്‍നിര ജീവനക്കാര്‍ക്ക് കൗണ്‍സിലിംഗും പരിശീലനവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബൊലേറോ പികപ് ട്രക് വാങ്ങാന്‍ ഷോറൂമിലെത്തിയ കര്‍ഷകനോട് തനിക്ക് ഒരു കാര്‍ വാങ്ങാന്‍ കഴിയില്ലെന്ന് പരിഹസിച്ചത് വലിയ വിവാദമായിരുന്നു. വെള്ളിയാഴ്ച കര്‍ണാടകയിലെ തുമാകൂരിലെ ഒരു മഹീന്ദ്ര ഷോറൂമില്‍ നടന്ന സംഭവത്തിന്റെ വീഡിയോകള്‍ ഗ്രൂപിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വിറ്ററില്‍ വ്യാപകമായി പങ്കിടുകയും ഫ്ലാഗ് ചെയ്യുകയും ചെയ്തു.
ബൊലേറോ പികപ് ട്രക് വാങ്ങാന്‍ ഷോറൂമിലെത്തിയ കര്‍ഷകനെ സെയില്‍സ്മാന്‍ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. ഇതോടെ കര്‍ഷകന്‍ ഒരു വെല്ലുവിളിച്ച് മടങ്ങിയ ശേഷം ഒരു മണിക്കൂറിനുള്ളില്‍ പണവുമായി തിരികെയെത്തി. സിനിമയെ വെല്ലുന്ന ട്വിസ്റ്റ് കണ്ട് വില്‍പനക്കാരന്‍ ക്ഷമാപണം നടത്തി.
കെമ്പഗൗഡ എന്ന കര്‍ഷകന്‍ ബൊലേറോ പികപ് വാങ്ങാന്‍ ചെന്നപ്പോള്‍ സെയില്‍സ്മാന്‍ മോശമായി പെരുമാറിയ ശേഷം ഇറങ്ങിപോകാന്‍ പറഞ്ഞു. വാഹനത്തിന് 10 ലക്ഷം രൂപ വിലയുണ്ടെന്നും നിങ്ങളുടെ പോക്കറ്റില്‍ 10 രൂപ പോലും ഉണ്ടായിരിക്കില്ലെന്നും- സെയില്‍സ്മാന്‍ പരിഹസിച്ചെന്ന് കെമ്പഗൗഡ പറഞ്ഞു. തന്റെ രൂപഭാവം കാരണമാണ് സെയില്‍സ്മാന്‍ പുറത്താക്കിയതെന്നും കര്‍ഷകന്‍ ആരോപിച്ചു. ഇതോടെ ഒരു മണിക്കൂറിനുള്ളില്‍ പണം കൊണ്ടുവരുമെന്നും എസ് യു വി ഡെലിവറി ചെയ്യണമെന്നും കെമ്പഗൗഡ വെല്ലുവിളിച്ചു.
The Core Purpose of @MahindraRise is to enable our communities & all stakeholders to Rise.And a key Core Value is to uphold the Dignity of the Individual. Any aberration from this philosophy will be addressed with great urgency. https://t.co/m3jeCNlV3w
— anand mahindra (@anandmahindra) January 25, 2022
എന്നാല്‍ പണവുമായി തിരിച്ചെത്തിയതോടെ സെയില്‍സ് എക്‌സിക്യൂടീവ് അന്തംവിട്ടു. വാഹനം ഡെലിവറി ചെയ്യാന്‍ കഴിഞ്ഞുമില്ല. സെയില്‍സ് എക്‌സിക്യൂടീവ് മാപ്പ് പറയണമെന്ന്, പ്രകോപിതനായ കെമ്പഗൗഡയും സുഹൃത്തുക്കളും ആവശ്യപ്പെടുകയും തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു. അവസാനം പൊലീസ് ഇടപെട്ടു. സെയില്‍സ് എക്‌സിക്യൂടീവ് ക്ഷമാപണം നടത്തി.
അതിന് ശേഷം, എനിക്ക് നിങ്ങളുടെ ഷോറൂമില്‍ നിന്ന് വാഹനം വാങ്ങാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് കര്‍ഷകനായ കെമ്പഗൗഡ 10 ലക്ഷം രൂപയുമായി തിരികെ പോയി. ഇത് കമ്പനിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. അതോടെയാണ് ആനന്ദ് മഹീന്ദ്ര കമ്പനി നിലപാട് വ്യക്തമാക്കിയത്.
Keywords: New Delhi, News, National, Farmers,Auto & Vehicles, Anand Mahindra, Tweet, Salesman, Insult, Farmer, SUV showroom, Anand Mahindra tweets about salesman insult a farmer in SUV showroom.