കാതടിപ്പിക്കുന്ന ഹോണുകള്‍ വീണ്ടും; നടപടി കര്‍ശനമാക്കി മോടോര്‍ വാഹന വകുപ്പ്, പിഴ 2,000 രൂപ വരെ

 


തിരുവനന്തപുരം: (www.kvartha.com 17.12.2021) കാതടിപ്പിക്കുന്ന ഹോണുകള്‍ വീണ്ടും രംഗത്തിറങ്ങിയതോടെ മോടോര്‍ വാഹന വകുപ്പ് പണി തുടങ്ങി. സംസ്ഥാനത്തൊട്ടാകെ പരിശോധന ശക്തമാക്കാനാണ് തീരുമാനം. 2,000 രൂപ വരെ പിഴ ചുമത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യന്റെ ശാരീരിക മാനസിക അവസ്ഥകളെപ്പോലും ഹോണ്‍ ശബ്ദം സാരമായി ബാധിക്കുന്നതായാണ് കണ്ടെത്തല്‍. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച മുരടിപ്പിക്കാന്‍ പോകുന്ന കാതടപ്പിക്കുന്ന ഹോണ്‍ ശബ്ദമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. 

മനുഷ്യന് സഹിക്കാവുന്നതിലേറെ ശബ്ദത്തിലുള്ള എയര്‍ഹോണുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും തലസ്ഥാനത്തെ നിരത്തുകളില്‍ ഇപ്പോഴും ഇത് വ്യാപകമാകുന്നുണ്ട്. ഫിറ്റ്നസ് പരിശോധനാ സമയത്ത് വാഹനത്തില്‍ നിന്ന് അഴിച്ചുവയ്ക്കുന്ന ഇത്തരം ഹോണുകള്‍ പിന്നീട് ഘടിപ്പിക്കുന്നു. ഗതാഗതക്കുരുക്കിലാണെങ്കില്‍പ്പോലും നിര്‍ത്താതെ ഹോണ്‍ മുഴക്കുന്നത് സംസ്‌കാരശൂന്യമായ പ്രവര്‍ത്തിയാണെന്ന് തിരിച്ചറിയേണ്ടതാണ്.

കാതടിപ്പിക്കുന്ന ഹോണുകള്‍ വീണ്ടും; നടപടി കര്‍ശനമാക്കി മോടോര്‍ വാഹന വകുപ്പ്, പിഴ 2,000 രൂപ വരെ

അതേസമയം എയര്‍ഹോണിനെതിരെ മലപ്പുറം പൊലീസും നടപടി തുടങ്ങി. ആരോഗ്യപ്രശ്നങ്ങള്‍ക്കും ശബ്ദമലിനീകരണത്തിനും കാരണമാകുന്ന, വാഹനങ്ങളിലെ എയര്‍ഹോണുകള്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. വ്യാഴാഴ്ച പെരിന്തല്‍മണ്ണയില്‍ മാത്രം രാവിലെ മുതല്‍ നടത്തിയ പരിശോധനയില്‍ 14 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 30ലേറെ വാഹനങ്ങള്‍ പരിശോധിച്ചതില്‍ 11 ബസുകള്‍ക്കും മൂന്ന് ലോറികള്‍ക്കുമെതിരെയാണ് നടപടിയെടുത്തത്. 

എയര്‍ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് 2,000 രൂപവീതം പിഴയിട്ടതായി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ പെരിന്തല്‍മണ്ണ ട്രാഫിക് പൊലീസ് എസ്‌ഐ. എയര്‍ഹോണ്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഇവ പരിശോധിച്ച് നടപടിയെടുക്കാനുള്ള ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത്ദാസിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. പെരിന്തല്‍മണ്ണ പുതിയ ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസുകളിലെ ഹോണ്‍ അടിപ്പിച്ച് പരിശോധിച്ച് എയര്‍ഹോണ്‍ ഉള്ളവയ്‌ക്കെതിരെ നടപടിയെടുത്തു. 

പരിശോധനയ്ക്കിടയില്‍ യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാകുന്നത് ഒഴിവാക്കാന്‍ പ്രധാനമായും ജില്ലയില്‍ ബസ്സ്റ്റാന്‍ഡുകളിലായിരുന്നു പരിശോധന. എയര്‍ഹോണ്‍ ഘടിപ്പിച്ച് വാഹനം ഓടിക്കുന്നത് പിടിച്ചാല്‍ 2,000 രൂപയും അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ 1,000 രൂപയുമാണ് പിഴ. ബസ്സ്റ്റാന്‍ഡില്‍ കയറിയതിനുശേഷവും അനാവശ്യമായി ഹോണ്‍ മുഴക്കിയ ബസിനെതിരെയും നടപടിയെടുത്തു.

Keywords:  Thiruvananthapuram, News, Kerala, Fine, Motorvechicle, Vehicles, Passengers, Horns again; Department of Motor Vehicles taken strict action and imposed fine of up to Rs 2,000
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia