ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 28.12.2021) ദുബൈ എക്‌സ്‌പോ 2020 ഇന്‍ഡ്യന്‍ പവിലിയന്‍ സന്ദര്‍ശിച്ചവരുടെ അംഗസംഖ്യ ആറുലക്ഷം പിന്നിടുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കി 85 ദിവസത്തിനകമാണ് ഇത്രയധികം പേര്‍ പവിലിയനിലെത്തുന്നത്. ഇതോടെ ഏറ്റവുമധികം പേര്‍ സന്ദര്‍ശനം നടത്തിയ പവിലിയനുകളില്‍ ഒന്നായി ഇന്‍ഡ്യയുടേത് മാറുകയാണ്.
ഇന്‍ഡ്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളും വാണിജ്യ സാധ്യതകളുമാണ് ഇതിലൂടെ തുറന്നിടുന്നതെന്ന് നിയുക്ത യുഎഇ ഇന്‍ഡ്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ അഭിപ്രായപ്പെട്ടു. വാണിജ്യ സംരംഭ സാധ്യതകള്‍ തുറന്നിടുന്നതിലൂടെ ആഗോള നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിക്കുന്നു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൂടുതല്‍ സന്ദര്‍ശകരുടെ വരവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിര്‍മിതിയിലെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ അമേരികന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ആര്‍കിടെക്റ്റ്‌സിന്റെ 'മോസ്റ്റ് ഐകണിക് പവിലിയന്‍' അംഗീകാരം ഇന്‍ഡ്യന്‍ പവിലിയന് ലഭിച്ചിരുന്നു. ഇന്‍ഡ്യന്‍ സ്റ്റാര്‍ടപ്പുകള്‍ക്ക് പിന്തുണനല്‍കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച 'എലിവേറ്റ്' ഇന്‍ഡ്യന്‍ പവിലിയന്റെ പ്രത്യേകതയാണ്. ആഗോള നിക്ഷേപക സമൂഹത്തിന് ഇന്‍ഡ്യന്‍ സംരംഭകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഈ വേദി പുതിയ വാതായനങ്ങള്‍ തുറന്നിടുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ലഡാകും ബിസിനസ് സാധ്യതകള്‍ എലിവേറ്റിലൂടെ പങ്കുവെച്ചിരുന്നു. കേരളം, ഗോവ, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍നിന്നുള്ള സ്റ്റാര്‍ടപ്പുകള്‍ എലിവേറ്റിലൂടെ പരിചയപ്പെടുത്താനിരിക്കുകയാണ്. ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തമായ കലാസാംസ്‌കാരിക പരിപാടികളും എക്‌സ്‌പോ ഇന്‍ഡ്യന്‍ പവിലിയനില്‍ ദിനേന നടന്നുവരുന്നു.
Keywords: Dubai, News, Gulf, World, Visit, India, India Pavilion, Expo 2020 Dubai, Report by: Qasim Mo'hd Udumbunthala, Expo 2020 Dubai: Over 600,000 visited India Pavilion