കൊല്‍ക്കത്ത: (www.kvartha.com 13.12.2020) ബിജെപി ദേശീയ അധ്യക്ഷന്റെ വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന്
ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനുള്ള കേന്ദ്രം നീക്കം തള്ളി മമത സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ തിരിച്ചയക്കില്ലെന്നും സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും കാണിച്ച് മമത ബാനര്‍ജി കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരെ മമത സര്‍ക്കാര്‍ കോടതിയെ സമീപിക്കും.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ചാണ് മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരിച്ചുവിളിച്ചത്. പശ്ചിമ ബംഗാള്‍ റെയ്ഞ്ച് ഐജി രാജീവ് മിശ്ര, ഡിഐജി പ്രവീണ്‍ ത്രിപാഠി, എസ്പി ഭോലാനാഥ് പാണ്ഡെ എന്നിവരെയാണ് കേന്ദ്രം തിരിച്ചുവിളിച്ചത്.
നദ്ദയുടെ വാഹനത്തിന് നേരെ കൊല്‍ക്കത്തയില്‍ വച്ചാണ് കല്ലേറുണ്ടായത്. കരിങ്കൊടിയും കാണിച്ചു. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. പിന്നാലെ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഈ നിര്‍ദേശം മമത സര്‍ക്കാര്‍ തള്ളിക്കളഞ്ഞതോടെയാണ് ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത്.